Tuesday 26 May 2020

വൈരം

ഇല്ല പൊറുത്തിട്ടില്ല തെല്ലുമിന്നോളം എല്ലാ-
മുറിവുമതേപോലെ നീറി നിൽക്കുന്നുണ്ടുള്ളിൽ
ചിരി നീ ഭാവിക്കുന്നൂ കണ്ടുമുട്ടുമ്പോൾ, പിന്നിൽ
ഞെരിക്കുമണപ്പല്ലിൻ കടുപ്പം ഞാനേ കണ്ടൂ.

സഹനം സമന്വയമെന്നവർ പറഞ്ഞേക്കാം
സഹജീവനോപായചാതുര്യമാമന്ത്രണം.

വഴുക്കുംവാക്കിന്നർത്ഥച്ചതുപ്പിൽ വശ്യസ്മേരം
പുതുക്കും പരിചയത്തിളക്കത്തിന്നു പിന്നിൽ
പടരുംചതി ഒളിവീശുന്ന ചരിത്രത്തിൽ
പതുങ്ങും, ക്രോധം നുരയിടുന്ന പാരസ്പര്യം.

മാരണംവച്ചും നിഴൽക്കുത്തിന്നു നാൾനോക്കിയും
രാപ്പകലുകളൊടിമറയുമാഖ്യായയിൽ
പകയുരുക്കും പൊറുപ്പിന്റെയുലയിൽ നേരാന്നേരം
വെറുപ്പിൻവിഷക്കാ ചുട്ടെടുത്തു തിന്നും നമ്മൾ.

ഉച്ചകോടിപോൽ ഉപചാരസൗമ്യത നീട്ടി
വ്യർത്ഥവാഗ്ദാനങ്ങളാരചിച്ച് കൈകൾ കൂപ്പും
യുദ്ധപൂർവ്വകാലത്തിന്നുത്സവാരവങ്ങളിൽ
ശാന്തിഗീതത്തിൻ രാഗമൂർച്ഛകൾ പടർന്നാലും

രൂപകങ്ങളിൽ നയചാതുര്യം പൊലിപ്പിക്കും
വിനയപ്രച്ഛന്നത്തിൻ മറവിൽ നീ പോറ്റുന്ന
ദുരകൾ, കൗടില്യന്റെ നയനാഗങ്ങൾ ചീറ്റും
വിഷഗീതികളുൾക്കാതെന്നും കോർത്തെടുക്കുന്നു.

നിസ്വനിശ്ശബ്ദമഹാജനത്തിൻ പൊരുളേറ്റി
കെട്ടിപ്പൊക്കിയ വലിപ്പത്തിന്റെ കൺകെട്ടിന്മേൽ
നാദബ്രഹ്മാചാരിമാർ സ്തോത്രഹാരങ്ങൾ ചാർത്തും
പേരുകൊത്തിയകല്ലിൽ പെരുമ പൊടിപ്പിക്കും

പ്രാക്കുകൾ പ്രാരൂപിയായ് പറന്നു വരും, നിന്റെ
സ്മാരകങ്ങളിൽ കാഷ്ടം വിതറും, മൂവന്തിക്ക്
കുറുകിത്തെറിതള്ളിത്തിരിച്ചുപോകും, പല
ലോകരുമച്ചേഷ്ഠയിൽ പ്രേമവായ്പുകൾകാണും.

നിനക്കുതെറ്റാനിടയില്ലിരുട്ടിലും കണ്ണു-
തിളങ്ങും മാർജ്ജാരജാഗ്രതയാലുയിർക്കൊപ്പം
പേരുപോറ്റുവോരരിപ്രാവിന്റെ പറക്കലിൽ
പ്രാക്കിന്റെ ചിറകടി വേർതിരിച്ചറിഞ്ഞിടും.

ആളുമാരവങ്ങളും മറയും, വടുക്കളിൽ
കാലകാളിമകേറും, മയങ്ങും ദുർഭൂതങ്ങൾ.
മറക്കാവെറിയായും വിശ്രാന്തിയെ കൊത്തും
രസഹാരങ്ങളായും പിന്നെന്റെ വരക്കങ്ങൾ.

നാമരൂപി നീ, പേരിൻ പെരുമ നിനക്കൂറ്റം.
പേരില്ലായ്മയിലെന്റെ പടയും പരിചയും.

Tuesday 19 February 2019

തെളിവിനെക്കുറിച്ച് ചില ചിന്തകൾ-2

എന്താണ് തെളിവ്, തെളിവിന്റെ വസ്തുനിഷ്ഠത എന്നാലെന്ത് എന്നീ കാര്യങ്ങളാണ്  ഈ കുറിപ്പിൽ പരിചയപ്പെടുത്തുന്നത്. അതിന്നു മുന്നോടിയായി ദത്തം (Data), പ്രതിഭാസം (Phenomena), തെളിവ് (Evidence) എന്നിവ തമ്മിലുള്ള വേർതിരിവിനെ മനസ്സിലാക്കേണ്ടതുണ്ട്.
ദത്തം പ്രതിഭാസം തെളിവ്
ലോകമാണ് ശാസ്ത്രത്തിന്റെ വിഷയം. ലോകത്തിന്റെ ഏത് വിഭാഗത്തെ അന്വേഷിക്കുന്നു എന്നതനുസരിച്ച് ശാസ്ത്രത്തെ പ്രകൃതിശാസ്ത്രം, സാമൂഹികശാസ്ത്രം എന്നെല്ലാം തിരിച്ചിരിക്കുന്നു. ഈ തിരിവുകൾ പ്രധാനമാണ്. കാരണം, എന്താണ് തെളിവായി വർത്തിക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് അന്വേഷണത്തിന്റെ രീതിശാസ്ത്രമാണ്. രീതിശാസ്ത്രമാകട്ടെ എന്തിന്നെ അന്വേഷിക്കുന്നു, എന്തിന്നായി അന്വേഷിക്കുന്നു എന്നിവകളാൽ നിർണ്ണീതമാണ്. ഉദാഹരണത്തിന്, സാമ്പത്തികശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും തെളിവായി വർത്തിക്കുന്നവകൾ വ്യത്യസ്ഥമാണ്. അതുകൊണ്ട് തെളിവായി പ്രവർത്തിക്കുന്നത് എന്താണെന്നും, പ്രതിഭാസം എന്തെന്നും വ്യവച്ഛേദിച്ചറിയേണ്ടതുണ്ട്.
ദത്തവും പ്രതിഭാസവും
ജെയിംസ് ബോഗനും ജെയിംസ് വുഡ്വേർഡും ചേർന്ന് 1988 ൽ പ്രസിദ്ധം ചെയ്ത പ്രബന്ധത്തിലാണ് ദത്തവും പ്രതിഭാസവും തമ്മിലുള്ള വേർതിരിവ് സുവിദിതമായി സ്ഥാപിച്ചത്. ഇവരുടെ വാദപ്രകാരം, ലോകത്തെപ്പറ്റിയുള്ള വിവരത്തിന്റെ രേഖയാണ് ദത്തം. മറ്റൊരു തരത്തിൽ പറഞ്ഞാൽ രേഖപ്പെടുത്തിയ നിരീക്ഷണമാണ് ദത്തം. ദത്തത്തിൽ നിന്നും രൂപ്പെടുത്തുന്ന സാർവ്വികവും ഗണിതപരവുമായ ഒന്നാണ് പ്രതിഭാസം. ഉദാഹരണത്തിന്, ജലത്തിന്റെ തിളനില അന്വേഷിക്കുക. അതറിയുന്നതിന്നായി, വെള്ളം ചൂടാക്കുകയും തിളയ്ക്കുമ്പോൾ തെർമ്മോമീറ്റർകൊണ്ട് താപനില രേഖപ്പെടുത്തുകയും ചെയ്യുന്നു. രേഖപ്പെടുത്തിയ താപനിലയാണ് ദത്തം. സാധാരണഗതിയിൽ മേല്പറഞ്ഞ പ്രക്രിയ പലവട്ടം ആവർത്തിക്കുകയും കിട്ടിയ തിളനിലകളുടെ ശാരാശരിയെ ജലത്തിന്റെ തിളനിലയായി കണക്കാക്കുകയും ചെയ്യും. ഇപ്രകാരം നിർണ്ണയിച്ച തിളനിലയാണ് പ്രതിഭാസം. ഓരോ തവണയും നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തത് ദത്തമാണ്. പ്രതിഭാസം (ഇവിടെ ജലത്തിന്റെ തിളനില) വ്യവസ്ഥാപരമായ വിശദീകരണത്തിനു വഴങ്ങും. പക്ഷേ, ദത്തം അങ്ങനല്ല. ജലത്തിന്റെ തിളനില എന്തുകൊണ്ട് 100 C ആയി എന്നതിനെ സൈദ്ധാന്തികമായി വിശദീകരിക്കാനാകും. എന്നാൽ, ഒരു പ്രത്യേക സമയത്ത് ദത്തമായി ലഭിച്ചത് 99.99 C ആയതോ മറ്റൊരു സമയത്ത് അത് 100.1 C ആയതോ എന്തുകൊണ്ടെന്ന് വിശദമാക്കുവാൻ സാധിക്കുകയില്ല. കാരണം, ഒരു പ്രത്യേക സമയത്ത്, ഉദാഹരണത്തിനു തിളനില 99.99C കിട്ടിയ സമയത്ത്, ആയതിനെ സ്വാധീനിച്ച ഘടകങ്ങൾ അനേകമാണ്. നിരീക്ഷണത്തിന്റെ കൃത്യത (നിരീക്ഷകയുടെ കാഴ്ച്ചശേഷി, നിരീക്ഷണത്തിലെ ചാതുര്യം തുടങ്ങിയവകൾ ഇതിനെ സ്വാധിനിക്കും), അന്നേരത്തെ അന്തരീക്ഷത്തിലെ വിവിധ സവിശേഷതകൾ (മർദ്ദം, ഈർപ്പം, താപനില, കാറ്റിന്റെ ഗതിവേഗം തുടങ്ങിയവകൾ), തെർമ്മോമീറ്റർ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം ആഅന്നേരത്ത് പ്രവർത്തിച്ചതെങ്ങനെ തുടങ്ങി നമ്മുടെ വരുതിയിൽ നിൽക്കാത്തതും പൂർണ്ണമായി തിട്ടപ്പെടുത്താനാകാത്തതുമായ അനേകം ഘടകങ്ങളാണ് ഒരു പ്രത്യേക ദത്തത്തെ സ്വാധീനിക്കുന്നത്. ഇത്രയധികം കാര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് വ്യവസ്ഥാപരമായ വിശദീകരണം അസാധ്യമാണ്. അതുകൊണ്ടാണ് ദത്തം വിശദീകരണത്തിന് വിധേയമല്ലെന്ന് പറയുന്നത്. എന്നാൽ, തിളനിലയെപ്പറ്റിയുള്ള സൈദ്ധാന്തിക വിശദീകരണങ്ങളിൽ നിന്നും എന്തുകൊണ്ടാണ് ജലത്തിന്റേത് 100C ആയതെന്ന് വിശദീകരിക്കാൻ സാധിക്കും.
    ദത്തവും പ്രതിഭാസവും തമ്മിലുള്ള മറ്റൊരു വ്യാത്യാസം നിരീക്ഷണത്തിനുപയോഗിക്കുന്ന ഉപകരണത്തിനനുസരിച്ച് ദത്തം വിവിധരൂപത്തിൽ ലഭിക്കും. എന്നാൽ പ്രതിഭാസം നിരീക്ഷണത്തിന്റെ സ്വാഭാവത്തിന്നനുസരിച്ച് മാറുന്നില്ല.  ആറ്റത്തെ പഠിക്കുവാൻ വിൽസൺ ചേമ്പർ (Wilson Cloud Chamber) ഉപയോഗിക്കുമ്പോൾ ഫോട്ടോഗ്രാഫുകളായും ഗീഗർ കൗണ്ടർ (Geiger Counter) ഉപയോഗിച്ചാൽ സ്ഫുരണങ്ങളുടെ എണ്ണമായുമാണ് ദത്തം ലഭിക്കുന്നത്. അതായത് ഒരേ പ്രതിഭാസത്തെ സംബന്ധിക്കുന്ന ദത്തം പലരൂപത്തിൽ ലഭിക്കും. അതുപോലേ, സർവ്വേഫലങ്ങൾ കേവലം അക്കങ്ങളായാണ് ലഭിക്കുക. അതും ദത്തമാണ്. ദത്തത്തെ പ്രതിഭാസത്തെ വിശദീകരിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്നു. ആത്യന്തികമായി പ്രതിഭാസമാണ് ശാസ്ത്രത്തിന്റെ താല്പര്യം. അതിനെയാണ്, അന്വേഷിക്കുന്നതും ഗണിതപരമായി അവതരിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും.  ലോകം നേരിട്ട് നൽകുന്നതും മിക്കവാറും സമയങ്ങളിൽ നിരീക്ഷണക്ഷമമാകുന്നതും ദത്തമാണ്. അല്ലെങ്കിൽ, ലോകത്തെ പ്രത്യേകവിധത്തിൽ ക്രമീകരിച്ച് നാം നേടുന്നതാണ് ദത്തം. ഇത്തരത്തിൽ ലോകത്തെ (ലോകത്തിലെ നമുക്ക് താല്പര്യമുള്ള ഭാഗത്തെ) ക്രമീകരിക്കുകയാണ് നാം പരീക്ഷണങ്ങളിൽ ചെയ്യുന്നത്. ഏതെങ്കിലും തരത്തിൽ പ്രതിഭാസവുമായി ബന്ധപ്പെടുത്താനാകാതെ പോകുന്ന ദത്തം വ്യർത്ഥമാണ്. പലപ്പോഴും പരീക്ഷണം പരാജയപ്പെട്ടു എന്നു പറയുന്നത്  ഈ അർത്ഥത്തിലാണ്. അതായത്, അത് നൽകിയ ദത്തം ഉപയോഗശൂന്യമാണ്. ദത്തവും പ്രതിഭാസവും താർക്കികമായി വേർതിരിക്കണമെന്നാണ് ഇതുവരെ പറഞ്ഞത്. ദത്തവും തെളിവും തമ്മിലുള്ള ബന്ധത്തെ പരിശോധിക്കുകയാണ് ഇനി.
ദത്തവും തെളിവും
ന്യൂനതമമായി പറഞ്ഞാൽ ഒരു സിദ്ധാന്തത്തോടോ പരികല്പനയോടോ ദത്തത്തെ ബന്ധിക്കുമ്പോഴാണ് തെളിവ് ഉണ്ടാകന്നത്.  അതായത്, ദത്തവുംസിദ്ധാന്തവും /പരികല്പനയും തമ്മിലുള്ള ബന്ധമാണ് തെളിവ്. കേവല രൂപത്തിലുള്ള ദത്തം തെളിവല്ല. ഉദാഹരണത്തിനു, യാതൊന്നിനോടും ബന്ധിപ്പിക്കപ്പെടാത്ത സർവ്വേഫലം കേവലദത്തമാണ്. അത് തെളിവല്ല. 2013 നു ശേഷം പ്രതിവർഷം 12000 കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് കേന്ദ്രഗവൺമെന്റ് സുപ്രീം കോടതിയിൽ അറിയിക്കുകയുണ്ടായി എന്ന് 2017 മെയ് 3 ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പ്രതിവർഷം 12000 കർഷകർ ആത്മഹത്യ ചെയ്യുന്നു എന്നത് കേവലദത്തമാണ്. അതൊരു വസ്തുതയാണ്. സർക്കാരിന്റെ നയങ്ങൾ, വികസന നിലപാടുകൾ തുടങ്ങിയവകളോട് ബന്ധപ്പെടുത്തുമ്പോൾ ഈ ദത്തം തെളിവായി മാറുന്നു. ദത്തത്തിന്റെ വാസ്തവികത തെളിവിന്റെ സാധുതയ്ക്ക് പരമപ്രധാനമാണ്. 2016 മുതൽ കർഷക ആത്മത്യയെപ്പറ്റിയുള്ള കണക്കുകൾ ലഭ്യമല്ലന്ന് കാർഷിക വകുപ്പ് മന്ത്രി പാർലമെന്റിൽ പറഞ്ഞതായി 2018 ഡിസംബർ 20 നു NDTV റിപ്പോർട്ട് ചെയ്യുന്നുണ്ട്. അങ്ങിനെങ്കിൽ, ആദ്യത്തെ ദത്തത്തെ സംശയിക്കാവുന്നതാണ്. ആകയാൽ, അതിൽ നിന്നും രൂപപ്പെടുത്തിയ തെളിവും സംശയിക്കപ്പെടും. പറഞ്ഞു വന്നത്, ദത്തവും സിദ്ധാന്തവും തമ്മിലുള്ള ബന്ധമാണ് തെളിവ് എന്നാണ്. തെളിവിനെപ്പറ്റിയുള്ള സങ്കല്പനങ്ങൾ ഈ ബന്ധത്തെ വിശേഷാർത്ഥത്തിൽ രൂപപ്പെടുത്തുകയും അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്. 
ദത്തം വെറുതേ നിരത്തിയാൽ തെളിവാകില്ല. അതിന്റെ സവിശേഷമായ ക്രമീകരണവും  സിദ്ധാന്തത്തിന്റെ സാമീപ്യവും തെളിവുണ്ടാക്കുന്നതിന് ആവശ്യമാണ്. എന്നാൽ, ദത്തംതന്നെ സിദ്ധാന്തങ്ങളാലോ മുൻധാരണകളാലോ അനുനയിക്കപ്പെട്ടാലോ? ഇതിന്നു പ്രത്യക്ഷമാണ് ഇനി.  ഒരാൾ കുളത്തിൽ മുങ്ങി ഒരു കല്ലെടുത്തു വരുന്നു. ഈ പ്രവൃത്തി കണ്ട എല്ലാവരും എന്താണ് നടന്നത് എന്നതിൽ ഐക്യപ്പെടുന്നു എന്നു കരുതുക. കണ്ടകാര്യങ്ങളാണ് അഥവാ അവയെ ഏതെങ്കിലും തരത്തിൽ രേഖപ്പെടുത്തിയതാണ് ഇവിടെ ദത്തം. ദത്തം വസ്തുനിഷ്ഠമാണെന്ന് പറയുമ്പോൾ സംഭവിച്ചത് എന്തെന്നതിലും അതിന്റെ വിവരണത്തിലും നാം ഐക്യപ്പെടുന്നു എന്നാണ് ഏറ്റവും ന്യൂനതമമായി അർത്ഥമാക്കുന്നത്. വസ്തുവിനെ സംബന്ധിച്ചതുമാത്രം എന്ന രീതിയിൽ ദത്തം വാസ്തവമാണെന്നും ആകയാൽ വസ്തുനിഷ്ഠമാണെന്നും കരുതാവുന്നതാണ്. എന്നാൽ, ദത്തത്തിന്റെ രൂപീകരണത്തിൽ (വിഷയസ്വീകരണം, നിരീക്ഷണം, ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ) അന്വേഷകയുടെ ആത്മനിഷ്ഠത കലരുവാനിടയുള്ളതിനാൽ രണ്ടാമത് സൂചിപ്പിച്ച രീതിയിലുള്ള വസ്തുനിഷ്ഠത പലപ്പോഴും നിശ്ചയിക്കാൻ കഴിയില്ല. അതായത്, ഏറിയും കുറഞ്ഞുമായ അളവിൽ ദത്തവും സിദ്ധാന്തങ്ങളാൽ നയിക്കപ്പെടാം. കുളത്തിൽ നിന്നും കല്ലെടുക്കുന്ന ലളിതമായ പ്രവൃത്തി പോലും വ്യാഖ്യാനപരമായി അവതരിപ്പിക്കപ്പെടാം. ശ്രീ നാരായണന്റെ അരുവിപ്പുറം പ്രതിഷ്ഠയെപ്പറ്റി പി. സുഭദ്ര വിവരിക്കുന്നത് ശ്രദ്ധിക്കുക.
“കൊല്ലവർഷം 1063 ൽ കാട്ടുപ്രദേശമായ അരുവിപ്പുറത്തെത്തി. നാനാമതക്കാരും അവിടെയെത്തി. അരുവിപ്പുറത്ത് ഒരു ആരാധനാലയം വേണമെന്ന് സ്വാമി ആഗ്രഹിച്ചു. കൊല്ലവർഷം 1063 (1888) ലെ ഒരു ശിവരാത്രിദിനത്തിൽ അർദ്ധരാത്രിയിൽ തന്നിൽത്തന്നെ ലയിച്ചിരുന്ന സ്വാമി എഴുന്നേറ്റ് ആരോടും മിണ്ടാതെ ആറ്റിലേക്ക് നടന്നു. ആറിന്റെ ആഴമുള്ള ഭാഗത്ത് ചിരപരിചിതനെപ്പോലെ ഇറങ്ങി മുങ്ങി. ഒരു ശിവലിംഗവുമായി പൊങ്ങിവന്നു” ( 2016, 20. Emphasis added). ഈ വിവരണത്തിൽ ഗുരു ശിവലിംഗവുമായി പൊങ്ങിവരികയാണ്. നാരായണൻ കല്ലെടുത്തുകൊണ്ടു വന്ന് അതിനെ ശിവലിംഗമാക്കുന്നതും ശിവലിംഗം എടുത്തുകൊണ്ടുവന്ന് അതിനെ പ്രതിഷ്ഠിക്കുന്നതും രണ്ട് പ്രവർത്തനങ്ങളാണ്. ഇവകളുടെ താന്ത്രികവും രാഷ്ട്രീയവുമായ വിവക്ഷകളും സാംഗത്യവും വേറെയാണ്. എന്നാൽ, നാരായാണൻ ആറിൽ മുങ്ങി കല്ലെടുത്ത് പ്രതിഷ്ഠിക്കുന്നത് അനേകർ കണ്ടാണ്. പക്ഷേ, വിവരണത്തിൽ വ്യത്യാസമ വരുന്നു.  ഇതിന്നർത്ഥം, എന്താണ് സംഭവിച്ചതെന്നും എന്താണ് കണ്ടെതന്നും തമ്മിൽ അനുരൂപ്പെടുമ്പോഴും വിവരണം വസ്തുനിഷ്ഠമാകാതിരിക്കാമെന്നാണ്. വിവരണം എല്ലായ്പോഴും നിഷ്കളങ്കമോ പക്ഷരഹിതമോ അല്ലെന്നും നിരൂപിക്കാം. അതായത്, കേവലദത്തം പോലും മുൻധാരണകളാൽ നയിക്കപ്പെടാം. ഇതിന്ന് തെളിവിനപ്പറ്റിയുള്ള വിചാരങ്ങളിൽ സവിശേഷപ്രാധാന്യമുണ്ട്. അതെപ്പറ്റിയുള്ള വിചാരങ്ങൾ അടുത്തകുറിപ്പിൽ.
കേരളീയം, ഫെബ്രുവരി, 2019.
റഫറൻസ്
Apel, Jochen. 2011, On the Meaning and the Epistemological Relevance of the Notion of a Scientific Phenomenon, Synthese 182: 23–38.
Bogen, James. 2011, Data and Phenomena: a Restatement and Defense, Synthese 182: 165–179Basu, Prajit. K. 2003, Theory-ladenness of Evidence: A Case Study from History of Chemistry, Studies in History and Philosophy of Science 34: 351–368.

Bogen, James and James Woodward. 1988, Saving the Phenomena, The Philosophical Review 97: 303-352.
Hempel. Carl G. 1965, Aspects of Scientific Explanation, New York: Free Press.

Reiss, Julian. 2015. Causation, Evidence and Inference, Routledge: New York.
സുഭദ്ര, പി. 2016. ശ്രീ നാരായണ ഗുരു മഹാപ്രവാചകനായാ മൈത്രേയൻ. കരന്റ് ബുക്സ്. കോട്ടയം.

തെളിവിനെക്കുറിച്ച് ചില ചിന്തകൾ-1

തെളിവ് (Evidence) എന്ന സങ്കല്പനത്തിനെക്കുറിച്ച് പ്രാഥമീകമായ ചില കാര്യങ്ങളാണ് ഈ കുറിപ്പ് വിശദീകരിക്കുന്നത്. തെളിവ് ആവശ്യമാകുന്ന സാഹചര്യവും തെളിവിന്റെ രണ്ടു വിവക്ഷകളുമാണ് ഇതിൽ പരാമർശിക്കപ്പെടുന്നത്.
തെളിവിന്റെ ആവശ്യകത.
എപ്പോഴാണ് നാം തെളിവ് ചോദിക്കുന്നത്? അല്പവിശ്വാസികളാണ് അടയാളം ചോദിക്കുന്നതെന്ന് പുതിയ നിയമം. കാണുന്നതിനെ മാത്രം വിശ്വസിക്കുന്ന, സന്ദേഹികൂടിയായ ക്രിസ്തുശിഷ്യൻ തോമസ്, ദൈവപുത്രനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞു. വിശ്വാസത്തിലെ ചാഞ്ചല്യം അഭികാമ്യമല്ലെന്ന് സാരം.  പഴയനിയമത്തിലെ മോശയും അല്പവിശ്വാസികൾക്കായി അടയാളം കാണിക്കുന്നുണ്ട്. ഇതിലെല്ലാം, ദൈവപുത്രന്റെ അല്ലെങ്കിൽ മോശയുടെ അതുവഴി ദൈവത്തിന്റെ ആധികാരികതയിൽ വിശ്വസിക്കുവാനാണ് ആവശ്യപ്പെടുന്നത്. പുതിയനിയമത്തലാകട്ടെ വചനമാണ് തെളിവ്. വചനം ഘോഷിക്കേണ്ടതാകുന്നു. ഭാരതീയ തത്വചിന്തയിലെ ശബ്ദപ്രമാണത്തോട് ഇതിനു ചില സാമ്യങ്ങൾ കാണാം.  പറയുന്ന ആളിന്റെ ആധികാരകത ഇവിടെ പരമപ്രധാനമാണ്. തെളിവിന്റെ സാംഗത്യം വലിയോരളവിൽ അതുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. കുടുതൽ ശ്രദ്ധിച്ചാൽ ഭൗതികേതരമായ നിലമകളിലാണ് മേൽപറഞ്ഞതരം വ്യവഹാരങ്ങൾ തെളിവുകളെ ഉറപ്പിച്ചിരിക്കുന്നതെന്ന് കാണാനാകും. ദൈവത്തിലുള്ള വിശ്വാസമാണ് മതത്തിന്നുള്ളിൽ തെളിവുകൾക്ക് ഉറപ്പ് നൽകുന്നത്. ദൈവത്തിലുള്ള വിശ്വാസം അവന്റെ പരമാധികാരത്തിലും നീതിബോധത്തിലും വിവേചനക്ഷമതയിലുമൊക്കെയായി വ്യാപിച്ച് മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന നിയതിയുടെ കൈയ്യായി വളർന്നു നിൽക്കുന്നു. ഈ കാഴ്ച്ചപ്പാടിൽ, ദൈവവിശ്വാസം അതിന്റെ തുടർച്ചയിൽ വരുന്ന എല്ലാറ്റിനേയും സാധൂകരിയ്ക്കുന്ന അടിത്തറയായി വർത്തിക്കുന്നു. ഈ വ്യവസ്ഥയിൽ തെളിവ് ചോദിക്കുക എന്നത്, ബൈബിൾ പറയുമ്പോലെ, അല്പവിശ്വാസത്തിന്റെ അടയാളമാണ്. ഭാരതത്തിലേക്ക് ശ്രദ്ധിച്ചാൽ, ഗീതോപദേശാവസാനവും പാർത്ഥന് സന്ദേഹമൊഴിയാതെ വരുമ്പോൾ വിരാട്സ്വരൂപം കാണിക്കുകയാണ് ഭഗവാൻ ചെയ്യുന്നത്. ഭയചകിതനായ പാർത്ഥൻ സന്ദേഹരഹിതനായി കൊല്ലാനൊരുങ്ങുകയും ചെയ്യുന്നു. വ്യത്യസ്ഥകാലങ്ങളിലും സംസ്കാരങ്ങളിലും “തെളിവ്” പ്രവർത്തിച്ചിരുന്നതെങ്ങനെ എന്നതിന്റെ ചില സ്ഫുരണങ്ങളാണ് നാം കണ്ടത്. ഇതിന്നർത്ഥം നാം ഇന്ന് പരിചയിച്ചിരിക്കുന്ന വിധത്തിൽ തെളിവ് എന്ന സങ്കല്പനം പുതിയതാണ് എന്നുമാണ്.
    മേല്പറഞ്ഞ ലോകവീക്ഷണങ്ങളിൽ നിന്നും മാറി ശാസ്ത്രത്തിന്റെ, വിശേഷിച്ചും ആധുനിക ശാസ്ത്രത്തിന്റെ, ലോകവീക്ഷണത്തിലേയ്ക്ക് വരുമ്പോൾ വിരാട് സ്വരൂപങ്ങൾക്കോ ഭൗതികേതര അസ്ഥിത്വങ്ങൾക്കോ തെളിവുനിർമ്മാണത്തിൽ സാധുത ഇല്ലാതാകുന്നു എന്ന് കാണാം. തന്നെയുമല്ല ശബ്ദപ്രമാണത്തിന് സംശയരഹിതമായ സാധുതയും ഇല്ല. ഏതൊന്നിനേയും സംശയിയ്ക്കാനുള്ള സാധ്യതയുണ്ട് താനും. ഇങ്ങനെ നോക്കുമ്പോൾ, ജ്ഞാനശാസ്ത്രപരമായി ഏവർക്കും തുല്യത നൽകുന്ന ഒരു പ്രകരണത്തിലാണ് സയൻസ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഏത് അഭിപ്രായത്തിനേയും അത് പറയുന്ന അളിന്റെ ആധികാരികതയല്ലാത്ത മറ്റെന്തെങ്കിലും കൊണ്ട് സാധൂകരിക്കേണ്ടത് ആവശ്യമായിവരുന്നു. ഈ നിലമയിലാണ് ശാസ്ത്രത്തിൽ തെളിവ് പ്രവർത്തിക്കുന്നത്. ഇത് ജനാധിപത്യപരമായ ഒരു പ്രവർത്തനവുമാണ്. ശാസ്ത്രത്തിലെ വസ്തുനിഷ്ഠതയെ വിശകലനം ചെയ്യുമ്പോൾ, വസ്തുനിഷ്ഠത എന്ന മൂല്യത്തെ അഭികാമ്യവും അനിവാര്യവുമാക്കിയതിൽ ജനാധിപത്യം എന്ന മൂല്യക്രമം പ്രവർത്തിച്ചിട്ടുണ്ടെന്ന ഇയാൻ ഹാക്കിംഗിന്റെ (2015) നിരീക്ഷിണത്തിന് ഇവിടെ സാംഗത്യമുണ്ട്. തെളിവിന്റെ വസ്തുനിഷ്ഠത ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ മേല്പറഞ്ഞ വിചാരം വിശേഷാൽ പ്രാധാന്യമർഹിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ജനാധിപത്യപരമായ മൂല്യക്രമം ആധുനികശാസ്ത്രത്തിൽ തെളിവ് എന്ന സങ്കല്പനത്തിന്റെ പൂർവ്വനിലമയായി വർത്തിക്കുന്നുണ്ട്.
തെളിവിന്റെ രണ്ട് വിവക്ഷകൾ
ശാസ്ത്രദർശനത്തിൽ തെളിവിന് പിന്തുണ (Support) എന്നും സാധൂകരണം (Warrant) എന്നും രണ്ട് വിവക്ഷകൾ പറയുന്നുണ്ട്. ഇതിനെ ഇപ്രകാരം വിശദമാക്കാം. H എന്ന പരികല്പനയുടെ (Hypothesis) തെളിവാണ് E എന്ന് കരുതുക. H ശരിയാണ് അല്ലെങ്കിൽ സത്യമാണ് എന്നതിന്റെ സൂചനയാണ് E എന്ന് പരിഗണിക്കുമ്പോൾ അത് പിന്തുണയാണ്. അതായത് പരികല്പന ശരിയാണ് എന്നതിനെ തെളിവ്  പിന്തുണയ്ക്കുന്നു. പരികല്പനയിൽ (H) സങ്കല്പിച്ചതുപോലാണ് ലോകം എന്നാണ് അത് സത്യമാണ് എന്നതിന്റെ അർത്ഥം. അതായാത്, H എന്തിന്നെപ്പറ്റിയാണോ അത് ആ സങ്കല്പത്തോട് അനുരൂപപ്പെടുന്നുണ്ട്. പിന്തുണ പ്രധാനമായും നാം ശേഖരിച്ച വിവരങ്ങളുടെ വസ്തുതയുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. ഉദാഹരണത്തിനു, കൊലപാതകത്തിന്നായി ഉപയോഗിച്ച കത്തിയിൽ പ്രതിയായി സംശയിക്കപ്പെടുന്ന ആളുടെ വിരലടയാളം കണ്ടെത്തിയത് അയാളാണ് കൊലയാളി എന്ന പരികല്പനയെ പിന്തുണയ്ക്കുന്നു. ഇവിടെ, ഇതേ കത്തിയാണ് കൊലയ്ക്കുപയോഗിച്ചത്, അതിലെ വിരലടയാളം പ്രതിയായി സംശയിക്കുന്ന ആളുടേതാണ് തുടങ്ങിയ വിവരങ്ങളിലെ വസ്തുത തെളിവിന്റെ സാംഗത്യത്തിന്റെ അടിസ്ഥാനമാണ്.  ഇവയിലെ പിഴവ് തെളിവിന്റെ നിലനിൽപ്പിനെ ബാധിക്കും.
    സാധൂകരണം എന്ന നിലയിൽ വർത്തിക്കുമ്പോൾ തെളിവിൽ നിന്നും, അതായാത് E യിൽ നിന്നും പരികല്പന H നെ നിർദ്ധാരണം ചെയ്യാനാകുന്നു. നാം ശേഖരിച്ച വിവരങ്ങൾ, രൂപീകരിയ്ക്കപ്പെട്ട പരികല്പനയെ ശരിവയ്ക്കുന്നുണ്ട് എന്ന അർത്ഥത്തിലാണ് ഇവിടെ തെളിവ് പ്രവർത്തിക്കുന്നത്. E തെളിവായി വർത്തിക്കുന്നത് അതിന് H നെ പിന്തുണയ്ക്കാനാകുമ്പോൾ മാത്രമാണ്. പിന്തുണനാക്ഷമതE യുടെ തെളിവ് എന്ന പദവിയ്ക്ക് അനിവാര്യമാണ്. എന്നാൽ, സാധൂകരണം അപ്രകാരമല്ല. പരികല്പനയെ സാധൂകരിയ്ക്കാൻ തെളിവിനു സാധിക്കുന്നു എന്നത് പരികല്പനയെ പൂർണ്ണമായും ശരിവയ്ക്കുന്നില്ല. ഉദാഹരണത്തിന്, കത്തിയിൽ നിന്നും വിരലടയാളം കിട്ടിയതുകൊണ്ട് ആ വിരലടയാളത്തിന്റെ ഉടമയാണ് കൊലപാതകി എന്ന് ഉറപ്പിക്കാൻ കഴിയില്ല. കാരണം, കത്തിയില വിരലടയാളം പതിയുന്നതിന്നുള്ള പലസാഹചര്യങ്ങളിൽ ഒന്നുമാത്രമാണ് കൊലപാതകം. പ്രതിയെന്ന് സംശയിക്കുന്ന ആൾ മറ്റേതെങ്കിലും അവസരത്തിൽ കത്തികൈകാര്യം ചെയ്തപ്പോൾ അയാളുടെ വിരലടയാളം അതിൽ പതിഞ്ഞതാകാം. കൊലപാതകി, ഗ്ലൗസ് ഉപയോഗിച്ചു എന്നുംകൂടി കരുതുക. അങ്ങനെ വരുമ്പോൾ അയാളുടെ വിരലടയാളം കത്തിയിൽ ഉണ്ടാവുകയില്ല. ഇനി കൊല നടന്നതായി നിർണ്ണയിച്ച സമയത്ത് പ്രതിയായി സംശയിക്കപ്പെടുന്ന ആൾ വേറൊരിടത്തായിരുന്നു എന്നതിന്നു തെളിവുകൾ കിട്ടി എന്ന് കരുതുക. ഇങ്ങനെ വരുമ്പോൾ, ഇപ്പോൾ സംശയിക്കുന്ന ആളാണ് കൊലപാതകി എന്ന പരികല്പന  അസാധുവാകുന്നു. അതായത്, H ന്  E യാതൊരു സാധൂകരണവും നൽകുന്നില്ല. എന്നാൽ, E ഇപ്പോഴും H നെ പിന്തുണയ്ക്കുന്നുണ്ട്. അതായത് സാധൂകരണമില്ലാത്തപ്പോഴും തെളിവുകൾക്ക് പരികല്പനയെ പിന്തുണയ്ക്കാനാകും.
    സാധൂകരണം പല അളവിൽ ലഭ്യമാണ്. തെളിവുകളെ പ്രത്യേകരീതിയിൽ ക്രമീകരിക്കുമ്പോഴാണ് സാധൂകരണം ലഭ്യമാകുന്നത്. എന്നാൽ  തെളിവുകളുടെ കേവലമായ അവതരണം പിന്തുണ ഉറപ്പാക്കും. ഇവിടെ നാം വസ്തുതകളെ നിരത്തുന്നതേയൊള്ളു. അതുകൊണ്ട്, പിന്തുണ കൂടുതൽ പ്രാഥമീകമാണ്. സാധുകരണം അനിർണ്ണേയതയുടെ (Under determination) പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുമുണ്ട് (റീസ് 2015, 44-46).  അതേപ്പറ്റി പിന്നീട് വിശദമാക്കാം.
    ഇതെല്ലാം സാങ്കല്പികമാണെന്ന സംശയം നീക്കുന്നതിനായി ശാസ്ത്രത്തിൽ നിന്നും ഒരുദാരഹണം നോക്കാം. സൂര്യഗ്രഹണം പരിഗണിക്കുക. പകൽ സമയത്ത് സൂര്യൻ മറയുന്നു എന്നതാണ് സൂര്യഗ്രഹണം. ഇത് നമുക്ക് നിരീക്ഷണത്തിന്റെ ഫലമായി ലഭിക്കുന്നു. ചന്ദ്രൻ, സൂര്യൻ, ഭൂമി എന്നീ ഗോളങ്ങൾ ഭ്രമണം ചെയ്യുന്നുണ്ടെന്നും അവയിൽ ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വരുമ്പോൾ  അതിന്റെ നിഴൽ ഭൂമിയിൽ വീഴുന്നതാണ് ഗ്രഹണമെന്നും നമുക്കറിയാം. വർത്തുളപാതയിൽ മൂന്നു വസ്തുക്കളെ പരസ്പരം ആപേക്ഷികമായി ചലിപ്പിച്ചുകൊണ്ട് നമുക്ക് ഇത് തെളിയിക്കാവുന്നതാണ്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുന്നു എന്നു നാം തീർപ്പുകല്പിക്കുന്നു എന്നു കരുതുക. ലഭ്യമായ തെളിവുകൾ ഇവിടെ ഈ പരികല്പനയെ അതായ് ഭൂമികേന്ദ്രമായ ഒരു വ്യസ്ഥയെ പിന്തുണയ്ക്കുകയും സാധൂകരിയ്ക്കുകയും ചെയ്യുന്നു. എന്നാൽ, സൂര്യൻ കേന്ദ്രത്തിൽ നിൽക്കുകയും, ഭൂമിയും ചന്ദ്രനും അതിനെ ചുറ്റുകയും ചെയ്യുന്ന ഒരു വ്യവസ്ഥയേയും ഇതേ തെളിവുകൾ പിന്തുണയ്ക്കുകയും സാധൂകരിക്കുകയും ചെയ്യുന്നുണ്ട്. നൂറ്റാണ്ടുകളോളം ഭൂമി കേന്ദ്രമായുള്ള പരികല്പനയാണ് മനുഷ്യർ വിശ്വസിച്ചിരുന്നതെന്ന് നമുക്കിന്നറിയാം. ഇവിടെ ഭൂകേന്ദ്രസിദ്ധാന്തത്തേയും സൂര്യകേന്ദ്രസിദ്ധാന്തത്തേയും ലഭ്യമായ തെളിവുകൾ പിന്തുണയ്ക്കുകയും സാധൂകരിയ്ക്കുകയും ചെയ്യുന്നു. എന്നാൽ, ഇവ രണ്ടും ഒരേ സമയം സത്യമായിരിക്കുക സാധ്യവുമല്ല. ഇത്തരം അവസ്ഥയിൽ, മറ്റു ചിലപരിഗണനകളാണ് പരികല്പനയുടെ സത്യം നിർണ്ണയിക്കുന്നതിന് സഹായകരമാകുക. ഈ കുറിപ്പിൽ അതിലേക്ക് കടക്കുന്നില്ല. 
കേരളീയം, ജനുവരി 2019.
റഫറൻസ്
Hacking, Ian. 2015. Let’s Not Talk About Objectivity in Padovani, Flavia , Alan Richardson and Jonathan Y. Tsou. (Eds.) Objectivity in Science New Perspectives from Science and Technology Studies. Springer: New York 17-33.
Koertge, Noretta. 1977. Galileo and the Problem of Accidents, Journal of the History of Ideas 38: 389-408
Reiss, Julian. 2015. Causation, Evidence and Inference, Routledge: New York.



Monday 12 November 2018

ഹേതുതത്വം

കാര്യകാരണബന്ധം എന്നത് വിശദീകരണങ്ങളുടെ ഒരു പൂർവ്വനിലമയാണ്. ശാസ്ത്രത്തിൽ മാത്രമല്ല മന്ത്രവാദത്തിൽപോലും ഇത് ഒരു മുൻനിലമയാണ്. ഒരു പ്രവർത്തനം അല്ലെങ്കിൽ സംഭവം മറ്റൊന്നിനെ അതായത് അതുവരെ ഇല്ലാതിരുന്ന ഒന്നിനെ ആവിർഭവിപ്പിക്കുന്നു എന്നതാണല്ലോ ഏറ്റവും ന്യൂനതമമായി പറഞ്ഞാൽ കാര്യകാരണ ബന്ധം എന്ന നിലയ്ക്ക് നാം മനസ്സിലാക്കുന്നത്.  ഉദാഹരണത്തിനു, രോഗം വരുന്നതിന്റെ കാരണം ദൈവകോപമോ വൈറസ് ബാധയോ ആയി ഗണിക്കുമ്പോൾ നാം കാര്യകാരണബന്ധത്തിലൂന്നുകയാണ് ചെയ്യുന്നത്. പ്രതിഭാസങ്ങളെ കാര്യകാരണപരമായി വിശദീകരിക്കുക എന്നത് ശാസ്ത്രത്തിൻറെ പ്രധാന പ്രവർത്തനമാണ്. സംഭവിക്കുന്നതിന് കാരണമുണ്ട് എന്ന് കരുതേണ്ടത് മേല്പറഞ്ഞ വിശദീകരണത്തിന്റെ മുൻനിലമയാണ്. അതായത് സംഭവങ്ങൾ തമ്മിൽ ഏതോ തരത്തിൽ ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധങ്ങളിൽ പ്രതിഭാസത്തെ വിശദീകരിക്കുന്നതിനു പര്യാപ്തമായി നാം കരുതുന്ന ബന്ധങ്ങളിലോന്നാണ് കാര്യകാരണബന്ധം.1
    കാര്യവും കാരണവും തമ്മിലുള്ള ബന്ധത്തെ അഥവാ സംഭവിച്ചതും സംഭവിച്ചതിനു നിദാനമായതും തമ്മിലുള്ള ബന്ധത്തെവിശേഷിപ്പിക്കുന്ന തത്വത്തെ ഹേതുതത്വം (Principle of Causality) എന്നുവിളിക്കാം. ഹേതുതത്വത്തിന്റെ സാധുത ആധുനികശാസ്ത്രത്തിന്റെ മുൻനിലയാണ്. എന്നാൽ, എന്താണ് ഹേതുതത്വം? അതായത് ചായയ്ക്ക് ചൂടു കൂടിയയതാണ് നാവു പൊള്ളിയതിന്റെ കാരണം എന്നെല്ലാം പറയുമ്പോൾ “കാരണം” എന്ന പ്രയോഗത്തിന്റെ താത്വികമായ അർത്ഥമെന്താണ്?
ഹേതുതത്വം
എന്താണ് ഹേതുതത്വം എന്ന ചോദ്യം ആയതിനെ  പൂർവ്വകല്പന ചെയ്യുന്നു. അതുകൊണ്ട്,  എന്തിന്നെയാണ് ഹേതുബന്ധം എന്ന് പരിഗണിക്കുന്നത് എന്നാണ് പരിശോധിക്കേണ്ടത്. പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഡേവിഡ് ഹ്യൂം എന്ന സ്കോട്ടിഷ് ചിന്തകന്റെ ആലോചനകളാണ് നാം ഇവിടെ പരിഗണിക്കുന്നത്.

അറിവിനെപ്പറ്റിയാണ് ഹ്യൂം പറഞ്ഞു തുടങ്ങുന്നത്. അറിവിനെ രണ്ടായി തിരിക്കാം.
  1. വസ്തുതാപരം (Matters of Fact): വസ്തുതകളെ അല്ലെങ്കിൽ ലോകത്തെപ്പറ്റിയുള്ള അറിവ്.2 
  2. സങ്കൽപനപരം (Relation of Ideas): ആശയങ്ങൾ അല്ലെങ്കിൽ സങ്കല്പനങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന അറിവ്. 
ഈ അറിവുകളുടെ സ്വഭാവത്തിലും അവ ആർജ്ജിക്കുന്ന രീതിലും സാരമായ വ്യത്യാസങ്ങളുണ്ട്. വസ്തുതാപരമായ അറിവ് അഥവാ ലോകത്തെപ്പറ്റിയുള്ള അറിവ്  ഐന്ദ്രിയമാണ് (perceptual). ഇത് ഇന്ദ്രിയങ്ങളിടെ മാത്രം സാധ്യമാകുന്നതാണ്. അതായത് ആനുഭവികമാണ്. ഉദാഹരണം പഞ്ചസാര മധുരിക്കും. ഇത്, ഇന്ദ്രിയപരമായല്ലാതെ ആലോചനയിലൂടെ മാത്രമായി ലഭിക്കുകയില്ല. എന്നാൽ സങ്കൽപനപരമായ അറിവിനു ആലോചന മാത്രം മതിയാകും. ഉദാഹരണം: ഏത് യൂക്ലിഡിയൻ ത്രികോണത്തിലേയും ആന്തര കോണുകളുടെ ആകെത്തുക 180 ഡിഗ്രിയാണ്. ഇത്, യൂക്ലിഡിയൻ  ജ്യാമിതീയവ്യവസ്ഥയുടെ സ്വയംസിദ്ധതത്വങ്ങളിൽ (axioms) നിന്നും നിർദ്ധാരണം ചെയ്ത് എടുക്കുന്നതാണ്. അതാകട്ടെ ഇന്ദ്രിയനിഷ്ഠമല്ല. അതുകൊണ്ടുതന്നെ, ദേശകാലോപരിയായ സുനിശ്ചിതമായ അറിവാണിത്. എന്നാൽ വസ്തുതാപരമായ അറിവുകൾക്ക് അതായത് ആനുഭവികമായ അറിവുകൾക്ക് ഈ സുനിശ്ചിതത്വമില്ല. അതിന്റെ ഒരു കാരണം ഇന്ദ്രിയങ്ങളുടെ പ്രവർത്തനം ആയതിനെ ബാധിക്കും എന്നതാണ്. ഉദാഹരണത്തിന് പഞ്ചസാര ചിലപ്പോഴെങ്കിലും മധുരം തോന്നിപ്പിക്കാതിരിക്കാം. കടുത്ത പനിയുള്ള അവസരത്തിൽ ഇത്തരം രുചിഭേദം തോന്നാം. ആയതിനാൽ, പഞ്ചസാരയ്ക്ക് രുചി മധുരമല്ലാതുള്ള ഒരവസ്ഥ സങ്കല്പിക്കാവുന്നതാണ്. ഈ സങ്കല്പം വൈരുദ്ധ്യങ്ങൾ ഉണ്ടാക്കുന്ന ഒന്നല്ല.എന്നാൽ യൂക്ലിഡിയൻ ജ്യാമിതിയിൽ ഒരു ത്രികോണത്തിലെ ആന്തരകോണുകളുടെ ആകെത്തുക 180 ഡിഗ്രിയിൽ കൂടുകയോ കുറയുകയോ ചെയ്യുന്നത് അനുമിതമല്ല.കാരണം അത്തരമൊരു ആലോചന നമ്മെ വൈരുദ്ധ്യത്തിലേക്ക് നയിക്കും. വൈരുദ്ധ്യജനകമായ ആലോചനകൾ യുക്തിപരമല്ലാത്തതുകൊണ്ട് അഥവാ  താർക്കികമായി  സാധുവല്ലാത്തതുകൊണ്ട്, ഒഴിവാക്കേണ്ടതുണ്ട്.ഹ്യൂമിന്റെ കാഴ്ചപ്പാടിൽ വൈരുദ്ധ്യജനകമല്ലാത്തതെല്ലാം സങ്കൽപ്പിക്കാവുന്നതാണ്. അവയെല്ലാം സാധുതയുള്ളതുമാണ്. ഹ്യൂമിന്റെ അഭിപ്രായത്തിൽ നമ്മുടെ അറിവുകൾ വസ്തുതാപരമോ സങ്കല്പനപരമോ ആയിരിക്കും. ഇവയല്ലാതെ മൂന്നാമതൊരുതരം അറിവ് സാധ്യമല്ല.  ഇന്ദ്രിയപരമായ അറിവുകളിൽ നിന്നും സങ്കല്പനങ്ങൾ ഉണ്ടാക്കുകയും അവയെ പലതരത്തിൽ ബന്ധിപ്പിക്കുകയും ചെയ്ത് നാം പുതിയ പുതിയ  അറിവുകൾ ഉണ്ടാക്കിയെന്നു വരാം. അപ്പോഴൊക്കെയും ലോകത്തെപ്പറ്റിയുള്ള അല്ലെങ്കിൽ വസ്തുതകളെ പറ്റിയുള്ള നമ്മുടെ അറിവിന്റെ പ്രമാണം ഇന്ദ്രിയമായിരിക്കും. ഈ പശ്ചാത്തലത്തിൽ  നമുക്ക് ഹേതുതത്വത്തെ പരിശോധിക്കാം.
     ഹേതുബന്ധം സങ്കല്പപനരമായ അല്ലെങ്കിൽ കേവലം ആശയപരമായ ഒരു  വിവരമല്ല. അതായത്, ത്രികോണത്തിന്റെ സവിശേഷതകളെപ്പോലെ ആലോചനകൊണ്ടു മാത്രം സിദ്ധമായ ഒന്നല്ല കാര്യകാരണബന്ധം. എന്തെന്നാൽ കാര്യകാരണബന്ധം ലോകത്തെപ്പറ്റിയാണ്. അഥവാ, ഹേതുബന്ധത്തെ മനസ്സിലാക്കുന്നത് ലോകത്തുണ്ടാകുന്ന സംഭവങ്ങൾ തമ്മിലുള്ള ബന്ധമായാണ്. ലോകത്തെപ്പറ്റിയായതുകൊണ്ടുതന്നെ ഇത് ആലോചനയിലൂടെ മാത്രം ലഭ്യമാവുകയില്ല. ഉദാഹരണത്തിന്, തീയിൽ തൊട്ടാൽ പൊള്ളും എന്നത് ആനുഭവികമായി മാത്രം ലഭിക്കുന്ന ഒന്നാണ്. തീയും പൊള്ളലും തമ്മിലുള്ള ബന്ധം നമുക്ക് അനുഭവമായി മാത്രം ലഭിക്കുന്ന ഒന്നാണ്. 
ഹേതുബന്ധം ലോകത്തെപ്പറ്റിയായിരിക്കുകയും, ആയതിനെ അറിയുന്നതിന് ആനുഭവികത അനിവാര്യവുമാണെങ്കിൽ, എന്തിന്നെയാണ് ഹേതുബന്ധമായി കണക്കാക്കുന്നത് എന്ന് പരിശോധിക്കാം. മൂന്ന് ഉപാധികൾ  ഒത്തുവരുമ്പോഴാണ് നാം ഒരു സംഭവത്തെ മറ്റൊന്നിന്റെ കാരണമായി ഗണിക്കുന്നത്.
  1. സംഭവങ്ങൾ സ്ഥാനികമായി സമീപസ്ഥം ആയിരിക്കുക (Spacial Contiguity).
  2. സംഭവങ്ങൾ സമയക്രമത്തിൽ സമീപസ്ഥം ആയിരിക്കുക (Temporal Proximity). 
  3. സംഭവങ്ങൾ തമ്മിൽ അനിവാര്യമായ പരസ്പരബന്ധം ഉണ്ടായിരിക്കുക (Relation of Necessity).
രണ്ടു കാര്യങ്ങൾ ഒന്നിനുശേഷം മറ്റൊന്ന് എന്നവിധത്തിൽ അടുത്തടുത്ത ഇടങ്ങളിലായി സംഭവിക്കുക എന്നത് കാര്യകാരണപരമായി അവയെ ബന്ധിപ്പിക്കുന്നതിന് അനിവാര്യമായ മുൻനിലമയാണ്. അതായത്, ഏതൊന്നിന്റേയും കാരണമായി വർത്തിക്കുന്നത് എന്താണോ അത് സമയക്രമത്തിൽ ആദ്യം സംഭവിച്ചിരിക്കണം. മാത്രവുമല്ല, രണ്ടു സംഭവങ്ങളും സ്ഥാനികമായി അടുത്തടുത്ത് നടക്കുന്നവ ആയിരിക്കണം. ഉദാഹരണത്തിനു, കൊച്ചിയിൽ പെരുമഴ പെയ്തത് തിരുവനന്തപുരത്ത് ഒരു കെട്ടിടം തകരുന്നതിന്റെ കാരണമായി ഗണിക്കാവുന്നതല്ല. സമയപരമായും സ്ഥാനികമായും സമീപസ്ഥമായിരിക്കുക എന്നീ ഉപാധികളോടൊപ്പം ഒന്നാമത്തെ സംഭവത്തിന് തുടർച്ചയായി രണ്ടാമത്തേത് സംഭവിച്ചുകൊണ്ടേയിരിക്കുക എന്നത്  അവ തമ്മിൽ ഹേതുബന്ധം സംസ്ഥാപിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. അതായത് ഒന്നാമത്തെ സംഭവം എപ്പോഴെല്ലാം ഉണ്ടാകുന്നോ അപ്പോഴെല്ലാം അതിനെത്തുടർന്ന് രണ്ടാമത്തേത് ഉണ്ടാകണം. അഥവാ രണ്ടു സംഭവങ്ങൾക്കുമിടയിൽ സുനിശ്ചതവും അനിവാര്യവുമായ ഒരു ബന്ധം വേണം. ഈ സുനിശ്ചിതത്വം അല്ലെങ്കിൽ അനിവാര്യത ഇല്ലെങ്കിൽ സംഭവങ്ങളെ കാര്യകാരണപരമായി ബന്ധപ്പെടുത്താനാകില്ല. ഈ സങ്കല്പനത്തിന്റെ അടിസ്ഥാനത്തിലാണ്, നാം പരീക്ഷണങ്ങളെ ആവർത്തിച്ചുറപ്പിക്കുന്നത്. സമാനമായ സാഹചര്യത്തിൽ ഒരേതരത്തിലുള്ള കാര്യങ്ങൾ ഒരേതരം ഫലം ഉണ്ടാക്കണം എന്നാണ് പറഞ്ഞു വന്നത്. അതായ്, മത്തനാണ് കുത്തിയതെങ്കിൽ മത്തൻതന്നെ വിളയണം. വൈറൽപനിയ്ക്ക് ഒരിക്കൽ ഫലിച്ച മരുന്ന് പിന്നീടുപയോഗിക്കുമ്പോഴും ഫലിക്കണം. അല്ലെങ്കിൽ, ഓരോ തവണ വൈറൽപനി വരുമ്പോഴും നാം പുതിയ മരുന്നുകൾ കണ്ടെത്തേണ്ടതായി വരും. ഈ സുനിശ്ചിതത്വമാണ്, കാര്യകാരണബന്ധത്തിന്റെ നട്ടെല്ല്.  എന്നാൽ, സുനിശ്ചിതത്വം എങ്ങിനെയാണ് ഉറപ്പിക്കുന്നത്?
    ഇതുവരെയുള്ള നമ്മുടെ അനുഭവങ്ങളിൽ മത്തൻ കുത്തിയപ്പോഴെല്ലാം മത്തൻമാത്രമാണ് വിളഞ്ഞത്. എന്നാൽ, എപ്പോഴെല്ലാം മത്തൻ നടുന്നുവോ അപ്പോഴെല്ലാം മത്തൻ തന്നെ വിളയണം എന്ന ഉറപ്പാണ് നമുക്ക് വേണ്ട്. ലോകം ഇതുവരെ എങ്ങിനെയായിരുന്നോ പ്രവർത്തിച്ചിരുന്നത് അതേപോലെതന്നെ തുടർന്നും പ്രവർത്തിക്കും എന്ന ധാരണയാണ് ഇത്. ഹ്യൂം ഇതിനെ  പ്രകൃതിയുടെ ഏകരൂപത (Uniformity of Nature) എന്നു വിളിച്ചു. ഈ തത്വത്തിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ മുന്നേപോലെതന്നെ തുടരും എന്ന് സങ്കൽപിക്കുന്നത്. എന്നാൽ, പ്രകൃതിയുടെ ഏകരൂപതയെ സാധുവാക്കുന്നത് എന്താണ്? അനുഭവങ്ങളിലെ സാജാത്യതയാണ് നാം പ്രകൃതിയുടെ ഏകരൂപത സങ്കൽപിക്കുന്നതിന്റ അടിസ്ഥാനം. അതായത്, നാം നട്ട മത്തൻ ഒരിക്കൽപ്പോലും മത്തനല്ലാതെ കുമ്പളമോ ചക്കയോ തന്നിട്ടില്ല. പക്ഷേ, മറ്റൊരു തരത്തിൽ പെരുമാറുന്നതിനു ലോകത്തെ വിലക്കുന്നതായി എന്താണുള്ളത്? അല്ലെങ്കിൽ, അങ്ങനെ ആലോചിക്കുന്നതിൽ നിന്നും നമ്മെ വിലക്കുന്നതായി എന്താണുള്ളത്? അതായത്, മത്തൻ കുത്തിയിട്ട് അടുത്ത വിളയിൽ അതിൽ നിന്നും കുമ്പളം ലഭിക്കുന്നതായി സങ്കൽപിക്കുന്നതിൽ എന്താണ് തെറ്റ്? അത്തരം ആലോചനയിൽ വൈരുദ്ധ്യനിഷ്ഠമായി ഒന്നുമില്ല. അങ്ങനെ ആലോചിക്കുമ്പോൾ ചിന്തയുടെ യാതൊരു തത്വത്തിൽ നിന്നും നാം വ്യതിചലിക്കുന്നുമില്ല. അതുകൊണ്ടുതന്നെ അത് സങ്കൽപിക്കാവുന്നതും ആകയാൽ സാധുവുമാണ്.  നാളെ എന്നത് (വാരാനുള്ളത്) ആനുഭവികമല്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്.  ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ നാമെടുക്കുന്ന അനുമാനമാണ് നാളെയും മുന്നന്നുഭത്തിനോട് യോജിക്കുന്ന തരത്തിൽ ലോകം പെരുമാറും എന്നത്. പ്രകൃതിയുടെ ഏകരൂപത എന്ന തത്വം ഉയോഗിച്ചാണ് നാം അനുഭവത്തിൽ ലഭിച്ചതിൽ നിന്നും നാളെയിലേക്ക് കുതിക്കുന്നത്.  ഈ തത്വമാകട്ടെ അനുഭവത്തിന്റെ സാജാത്യതയെ പൂർവ്വകല്പന ചെയ്യുന്നു. അനുഭവങ്ങളുടെ സാജാത്യത അതായത് മുന്നനുഭവങ്ങളോട് ലോകം തുടർന്നും അനുരൂപപ്പെടും എന്ന സങ്കല്പമാകട്ടെ പ്രകൃതിയുടെ ഏകരൂപതയെ പൂർവ്വകല്പന ചെയ്യുന്നു. ഇതൊരു വിഷമവൃത്തമാണ്. പ്രകൃതിയുടെ ഏകരൂപതയുള്ളതുകൊണ്ട് നാം അനുഭവങ്ങൾക്ക് സാജാത്യത കൽപിക്കുന്നു. അനുഭവങ്ങൾക്ക് സാജാത്യത കൽപിക്കുന്നതുകൊണ്ട് പ്രകൃതിയുടെ ഏകരൂപത സങ്കല്പിക്കുന്നു. ഇതിന്റെ അർത്ഥം വാസ്തുതാപരമായ അറിവുകളിലെ സുനിശ്ചിതത്വം എന്നത് ആനുഭവികമായി നമുക്ക് ലഭ്യമല്ല എന്നാണ്. ഇത് സൂചിപ്പിക്കുന്നത്, കാര്യകാരണബന്ധത്തിലെ സുനിശ്ചിതത്വം ആനുഭവികമായി ലഭ്യമല്ല എന്നും. ഇതിൽ നിന്നും ലിഭിയ്ക്കുന്ന ഹേതുതത്വത്തെക്കുറിച്ചുള്ള വാദത്തെ ഇങ്ങനെ സംഗ്രഹിക്കാം: ഹേതുതത്വത്തിന്റെ സാധുത ആനുഭവികമാണ്. ഹേതുതത്വത്തിന്റെ മർമ്മം കാര്യകാരണങ്ങൾ തമ്മിലുള്ള സുനിശ്ചിതമായ ബന്ധുത്വവും. എന്നാൽ, ഈ സുനിശ്ചിതത്വം ആനുഭവികമായി ലഭ്യമല്ല. അതുകൊണ്ട്, കാര്യകാരണങ്ങൾ തമ്മിൽ സുനിശ്ചിതമായ ബന്ധമില്ല. സുനിശ്ചിതത്വം ഒഴിവാക്കിയാൽ, ലഭിക്കുന്നത് കേവലം സംവങ്ങളുടെ തുടർച്ചങ്ങല മാത്രമാണ്. അതായത്, ഒന്നിന്നുശേഷം മറ്റൊന്നെന്ന ക്രമത്തിൽ സംഭവങ്ങൾ ഉണ്ടായിക്കൊണ്ടേയിരിന്നു. ഇതിലധികമായി കാര്യകാരണബന്ധം ഇല്ല. ആകയാൽ, ഹ്യൂമിന്റെ അഭിപ്രായത്തിൽ, ഹേതുതത്വം എന്നത് മനുഷ്യരുടെ മനോവൃത്തിമാത്രമാണ്.

1.രണ്ട് സംഭവങ്ങൾ തമ്മിൽ പലതരത്തിലുള്ള ബന്ധങ്ങൾ ഉണ്ടാകാം. സമയക്രമത്തിലെ മുൻപിൻ ബന്ധം (ആദ്യത്തേത്, അതിനു ശേഷത്തേത് തുടങ്ങിയവ) മുതൽ നടന്ന സ്ഥലങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങി പലതരത്തിൽ സംഭവങ്ങൾക്കിടയിൽ ബന്ധം അരോപിക്കാം. ഇതെല്ലാം, വിശദീകരണക്ഷമതയുള്ളതാകണം എന്നില്ല. ഉദാഹരണത്തിനു, തുണി കഴുകിയിട്ടതിനു ശേഷം മഴപെയ്തു എന്നു കരുതുക. തുണികഴുകി എന്നത് മഴ ഉണ്ടാകുന്നതിന്റെ കാരണമല്ല. എന്നാൽ, ആദ്യത്തേത് രണ്ടാമത്തേത് എന്നിങ്ങനെയുള്ള ഒരു സമയക്രമബന്ധം ഇവയ്ക്കിടയിൽ നമുക്ക് കാണാനാകും.  
2. ഗണിതപരമായ വിവരങ്ങളെ ഗണിതവസ്തുതകളായി (mathematical facts) കണക്കാക്കാറുണ്ട്. എന്നാൽ, ഹ്യൂം ഇവയെ ആശയങ്ങളുടെ ലോകത്താണ് പരിഗണിക്കുന്നത്.  

കേരളീയം, നവംബർ. 2019. 

Reference
Hume, David. (1777). An Enquiry Concerning Human Understanding. Oxford University Press. Oxford. 2007.

Thursday 8 November 2018

തത്വചിന്തയുടെ മരണം ചില മറുവാദങ്ങൾ

…most scientists tend to understand little more about science than fish about hydrodynamics-Imre Lakatose
തത്വചിന്ത മരിച്ചു (ഹോക്കിംങ്ങും മ്ലോഡിനോവും, 2010), തത്വചന്ത പ്രയോജനശൂന്യമായ ബൗദ്ധികവ്യായാമമാണ് (സ്റ്റീഫൻ വീൻബർഗ് 1994), ചരിത്രപരമായി നോക്കിയാൽ തത്വചിന്ത സയൻസിന്റെ പുരോഗതിക്കും തത്ഫലമായി മാനവപുരോഗതിക്കും വിഘാതമായിരുന്നു (നസീർ 2017) തുടങ്ങിയ തത്വചിന്താനിരാസങ്ങളുടെ വിമർശനമാണ് ഈ കുറിപ്പ് 1.
ആമുഖം
തത്ത്വചിന്തയുടെ മരണം പ്രഖ്യാപിച്ച  ഒട്ടനവധിപേർ മരിച്ചുപോയി എന്നത് തത്ത്വചിന്തയുടെ മരണത്തെപ്പറ്റി വിചാരിക്കാൻ നമ്മെ ഭയപ്പെടുത്തേണ്ടതില്ല. എന്നാൽ ‘സ്റ്റീഫൻ ഹോക്കിംഗ് മരിച്ചു’ എന്നതും ‘തത്ത്വചിന്ത മരിച്ചു എന്നതും’ തമ്മിലുള്ള വ്യത്യാസം  വ്യക്തമാക്കുവാൻ കഴിയുന്നില്ലെങ്കിൽ മരണത്തെപ്പറ്റിയുള്ള നമ്മുടെ ചിന്തകളെ നാം ഭയപ്പെടേണ്ടതുണ്ട്. എന്തെന്നാൽ, രൂപകാതിശയോക്തികളിൽ ചിന്ത കുരുങ്ങി പോകുന്നതിൻറെ മറ്റൊരുദാഹരണം മാത്രമായി നമ്മുടെ വിചാരങ്ങൾ ചുരുങ്ങും. അതുകൊണ്ട് തത്ത്വചിന്തയുടെ അല്ലെങ്കിൽ ഏതെങ്കിലും ഒരു അക്കാദമിക വിഷയത്തിൻറെ മരണം/സാംഗത്യരാഹിത്യം എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത് എന്താണെന്ന് വ്യക്തമാക്കേണ്ടതുണ്ട്. ഒരു അക്കാദമിക വിഷയത്തിൻറെ മരണം/സംഗത്യരാഹിത്യം എന്നതിനെ ഇനി പറയുന്ന രീതികളിൽ കാണാം എന്ന സങ്കൽപിക്കുക.
  1. ഒരു അനുശീലനം (Discipline) പഠിക്കുകയോ പ്രയോഗിക്കുകയോ ചെയ്യുന്നില്ല എങ്കിൽ അത് മരിച്ചു എന്നു പറയാം. Home Science അത്തരം ഒരു വിഷയമാണ്. ഒരു കാലത്ത് അക്കാദമികമായി പഠിച്ചിരുന്ന വിഷയമായിരുന്നു ഹോം സയൻസ്. പ്രധാനമായും സ്ത്രീകളെ ഉദ്ദേശിച്ചായിരുന്നു ഈ വിഷയം നടത്തിയിരുന്നത്. ഉദ്ദേശം ഉത്തമ കുഡുംബിനികളെ നിർമ്മിക്കൽ തന്നെ. ഇപ്പോൾ പ്രചാരത്തിലുള്ള വിഷയമല്ല ഇത്. ഇപ്പോൾ പ്രചാരത്തിലോ പ്രയോഗത്തിലോ ഇല്ലാത്ത വിഷയം എന്ന നിലയ്ക്ക് ഹോം സയൻസ് മരിച്ചു എന്നു പറയാം. എന്നാൽ ജ്യോതിഷം (Astrology) ഇങ്ങനല്ല. ആത് ഇപ്പോഴും പ്രയോഗത്തിലും പ്രചാരത്തിലുമുണ്ട്. തത്വചിന്തമരിച്ചു എന്ന് പറയുന്നത് ഹോംസയൻസ് മരിച്ചു എന്ന് പറയുംപോലെ ആകാം. എന്നാൽ, അക്കാദമിക വിഷയമായി ഇപ്പോഴും നിലവിലുള്ളതുകൊണ്ട് ഈ അർത്ഥത്തിൽ തത്വചിന്ത മരിച്ചിട്ടില്ല.
  2.  ഒരു അനുശീലനത്തിന് യാതൊരു പ്രയോഗികമൂല്യവും ഇല്ല എന്ന അർത്ഥത്തിൽ അത് മരിച്ചു എന്ന പറയാം. 
  3. ഒരു അനുശീലനത്തിന്റെ കീഴിൽ ഉണ്ടായിരുന്ന വിഷയങ്ങളെ പഠിക്കാൻ അത് അപര്യാപ്തമാവുകയും തത് വിഷയങ്ങളെ ഇതര അനുശീലനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുക.
രണ്ടാമത്തേയും മൂന്നാമത്തേയും കാരണങ്ങളാലാണ് തത്വചിന്ത മരിച്ചു എന്ന് സ്റ്റീഫൻ ഹോക്കിംങ്ങും വീൻബർഗും അവകാശപ്പെടുന്നത്. ഹോക്കിംങ് ഒരുപടികൂടിക്കടന്ന് ശാത്രത്തിലുള്ള അറിവിന്റെ അപര്യാപ്തതയാണ് പല തത്വചിന്തകരേയും നയിക്കുന്നത് എന്നും പറഞ്ഞുവയ്ക്കുന്നു.
തത്വചിന്താ നിരാസം2
സ്റ്റീഫൻ വീൻബർഗിന്റെ (1994) അഭിപ്രായത്തിൽ തത്വചിന്ത ഉപേക്ഷിക്കേണ്ടതിന്റെ പ്രധാനകാരണങ്ങൾ ഇനിപറയുന്നവയാണ്. 
  1. തത്വചിന്ത ശാസ്ത്രത്തിനു യാതൊരു ഉപകാരവും ചെയ്യുന്നില്ല. 
  2. പ്രാമാണികമായ പല തത്വചിന്താപാരമ്പര്യങ്ങളും ശാസ്ത്രപുരോഗതിയെ തടസപ്പെടുത്തുകയാണുണ്ടായിട്ടുള്ളത്. ഇത്തരം തത്വചിന്തകളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും വിടുതലുണ്ടാക്കുക എന്നത് മാത്രമാണ് തത്വചിന്തകൊണ്ട് ശാസ്ത്രത്തിനുണ്ടായിട്ടുള്ള എക പ്രയോജനം. അതായത്, ഋണാത്മകമായാണ് തത്വചിന്ത ശാസ്ത്രത്തിനു ഉപകരിച്ചിട്ടുള്ളത്.
  3. തത്വചിന്ത ശാസ്ത്രീയമല്ല. 
  4. ശാസ്ത്രജ്ഞൻ എന്ന നിലയ്ക്ക് ശാസ്ത്രദർശനപരമായ അന്വേഷണങ്ങൾ അദ്ദേഹത്തിനു ഉപകരിച്ചിട്ടേയില്ല. മാത്രവുമല്ല, ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റിയുള്ള ശാസ്ത്രദർശനത്തിലെ ആലോചനകൾ ശരിയല്ല എന്നും അദ്ദേഹം പറയുന്നു.
അവസാനത്തെ പരാതിയിൽ രണ്ടു പ്രശ്നങ്ങളുണ്ട്. (ആദ്യത്തെ മൂന്ന് എതിർപ്പുകളേയും നാം പിന്നീട് വിശദമായി പരിഗണിക്കും). ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെപ്പറ്റി ആലോചിക്കുന്നത് ശാസ്ത്രഗവേഷണമല്ല. ശാസ്ത്രദർശനമാണത്. അതായത് തത്വചിന്ത ചെയ്തുകൊണ്ടാണ് വീൻബർഗ്  അതിനെ നിഷേധിക്കുന്നത്.  ഇത് നാം മുന്നേ പരിചയപ്പെട്ട അരിസ്റ്റോട്ടിലിന്റെ വിഷമവൃത്തമാണ് (See footnote 2). ഇതിലും പ്രസക്തമാണ് രണ്ടാമത്തെ പ്രശ്നം. ശാസ്ത്രത്തിൻറെ രീതിശാസ്ത്രത്തെ കുറിച്ച് ശാസ്ത്രജ്ഞടേയും തത്വചിന്തകരുടേതുമായി സുദീർഘമായ ആലോചനകൾ ലഭ്യമാണ്. വീൻബർഗ് മുന്നോട്ടുവയ്ക്കുന്നത് അദ്ദേഹം സയൻസ് ചെയ്യുന്ന രീതിമാത്രമാണ്. ഗണിതശാസ്ത്രപരമായ സിദ്ധാന്തങ്ങളെ ലാവണ്യപരമായി പരിഗണിക്കുക എന്ന ഐൻസ്റ്റീൻ മുതൽ ഒട്ടനവധിപേർ പ്രയോഗിച്ചിരുന്ന സിദ്ധാന്ത നിർമ്മിതിയുടെ മാതൃകയാണ് വീൻബർഗ് പരാമാർശിക്കുന്നത്. സയൻസിന്റെ രീതി അതാണ് എന്ന് അദ്ദേഹത്തിനു തോന്നാം. എന്നാൽ, വീൻബർഗിന്റെ രീതിശാസ്ത്രം ശാസ്ത്രജ്ഞർക്കിടയിൽ പോലും സർവസമ്മതമായ ഒന്നല്ല. സിദ്ധാന്തത്തിന്റെ ലാവണ്യത്തെ പിൻപറ്റുന്ന രീതി ഒരിക്കൽ വിജയിച്ചതും ഇപ്പോൾ തുടർ പരാജയങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതുമാണെന്ന്  ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തങ്ങളുടെ തലമുറ,  ഒരുതരത്തിൽ, പരാജയപ്പെട്ട ശാസ്ത്രജ്ഞരുടെ തലമുറയാണ് എന്ന് പരിതപിക്കുന്ന ലീ സ്മോളിന്റെ The Trouble with Physics (2009) ഉം സബീൻ ഹോസേൻഫോൾഡറിന്റെ (Sabine Hossenfolder) Lost in Math: How beauty lead Physics Astray (2018) ലാവണ്യപരമായ സമീപനങ്ങളുടെ അപര്യാപ്തത വിവരിക്കുന്നുണ്ട്. അതായത്,  മത്സ്യം വെള്ളത്തിലാണ് ജീവിക്കുന്നതെങ്കിലും അതിന്  ജലത്തിൻറെ ബലതന്ത്രം അറിയാത്തതുപോലെയാണ് ശാസ്ത്രജ്ഞരുടെ ശാസ്ത്രത്തെപ്പറ്റിയുള്ള ധാരണകൾ എന്ന  ഇമ്രെ ലകറ്റോഷിന്റെ (Imre Lakatose) അഭിപ്രായത്തെ ശരിവയ്ക്കുന്നതാണ് വീൻബർഗാദികൾ ശാസ്ത്രത്തെപ്പറ്റി പറയുന്ന കഥകൾ. വീൻബർഗ് വാദിക്കും പോലെ നിഷഫലമാണോ തത്വചിന്ത എന്നാണ് ഇനി പരിശോധിക്കുന്നത്. ആദ്യമൂന്നു വിമർശനങ്ങൾക്കുമുള്ള സമാധാനം ഈ പരിശോധനയിലൂടെ ലഭ്യമാകും.
തത്വചിന്തയുടെ പ്രയോജനങ്ങൾ
പ്രയോജനത്തെപ്പറ്റിയുള്ള ചിന്തകൾ പൊതുവേ പ്രയോജനരഹിതമാണ്. പ്രയോജനം അല്ലെങ്കിൽ ഉപയോഗക്ഷമത എന്നതിന് പല മനസ്സിലാക്കപ്പെടലുകൾ ഉള്ളതിനാൽ ഏതുകാര്യവും ഏതെങ്കിലും തരത്തിൽ ആർക്കെങ്കിലുമൊക്കെ പ്രയോജനപ്രദമായിരിക്കും. ഇത്തരത്തിലല്ല നാമിവിടെ പ്രയോജനത്തെ കാണുന്നത്. ഇതെപ്പറ്റി കൂടുതൽ പറയുന്നതിനു മുൻപ് തത്വചിന്ത സയൻസിനു പ്രയോജനപ്രദമാകേണ്ടതുണ്ടോ എന്നതിന്റെ ഉത്തരം വ്യക്തമാക്കേണ്ടതുണ്ട്. ശാസ്ത്രദർശനം ശാസ്ത്രജ്ഞർക്ക് ഉപയോഗപ്രദമായിരിക്കണം എന്ന് ആഗ്രഹിക്കുന്നത് തെറ്റല്ല. എന്നാൽ ശാസ്ത്രജ്ഞർക്ക് പ്രയോജനപ്പെടുക എന്നതാണ് ശാസ്ത്രദർശനത്തിന്റെ ലക്ഷ്യവും മൂല്യവും എന്ന് കരുതുന്നത് വലിയ പിഴവാണ്. കാരണം സയൻസിനെ സഹായിക്കുക എന്നതല്ല മറ്റു പഠനോദ്യമങ്ങളുടെ താല്പര്യം. ഉദാഹരണത്തിന്, ശാസ്ത്രചരിത്രം നാം പഠിക്കുന്നത് ശാസ്ത്രജ്ഞരെ സഹായിക്കുവാൻ വേണ്ടിയല്ല. ഇക്കാരണത്താൽ, ശാസ്ത്രചരിത്രം വിലകുറഞ്ഞ അല്ലെങ്കിൽ മൂല്യം കുറഞ്ഞ ഒരു പഠനവിഷയമാകുന്നില്ല.അതുപോലെതന്നെയാണ് ഇതര മാനവിക വിഷയങ്ങളും. സാഹിത്യവിമർശനത്തിന്റെ  ലക്ഷ്യം  കൂടുതൽ മികച്ച കവികളെ ഉണ്ടാക്കുക എന്നതല്ല. അഭികാമ്യമായ ഒരു ലക്ഷ്യമാണെങ്കിലും, സാഹിത്യവിമർശകരുടെ ആത്യന്തികമായ ലക്ഷ്യം മികച്ച കഥയോ കവിതയോ ഉണ്ടാക്കുകയല്ല മറിച്ച് ഉണ്ടായവകളിൽ നിന്നും മികവിനെ തിരിച്ചറിയുകയും മികവിന്ന്  മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ അതെന്തെന്ന് കണ്ടെത്തുകയുമൊക്കെയാണ്. അതുകൊണ്ട്, ശാസ്ത്രത്തിനു സഹായകരമല്ല എന്നത്  ശാസ്ത്രചരിത്രത്തിന്റേയും സാഹിത്യവിമർശനത്തിന്റേയും മൂല്യക്കുറവിനെ സൂചിപ്പിക്കുന്നില്ല. ശാസ്ത്രദർശനം മേൽപ്പറഞ്ഞ വിഷയങ്ങളെയൊക്കെപ്പോലെ സ്വയമേവ  നിലനിൽപ്പുള്ള ഒന്നാണ്.  ശാസ്ത്രജ്ഞർക്ക് ഉപകാരപ്പെടുക എന്നതല്ല  അതിൻറെ താല്പര്യം.  എന്നാൽ,  സാഹിത്യ വിമർശനം ചിലപ്പോഴൊക്കെ സർഗ്ഗാത്മകസാഹിത്യകാരന്മാരെ സഹായിക്കാറുള്ളതുപോലെ,  ശാസ്ത്രദർശനം ശാസ്ത്രജ്ഞർക്ക് സഹായകരമായി എന്നും വരാം. അതുകൊണ്ട്  ഏതെങ്കിലുമൊക്കെ ശാസ്ത്രജ്ഞർക്ക് തത്ത്വചിന്തയിലെ തങ്ങളുടെ അല്പജ്ഞാനം താന്താങ്ങളുടെ ഗവേഷണത്തിന് ഉപയോഗപ്രദമായില്ല എന്നത് തത്വചിന്തയെ, വിശേഷിച്ചും ശാസ്ത്രദർശനത്തെ, മൂല്യരഹിതമെന്ന് പറയുവാൻ പര്യാപ്തമായ കാരണമല്ല.  ശാസ്ത്രീയല്ല എന്ന വിമർശനത്തിനത്തിനും ഈ മറുപടി സാധുവാണ്.

ശാസ്ത്രദർശനത്തിന്  മൂന്നു തരത്തിൽ പ്രയോജനങ്ങൾ കാണുവാൻ കഴിയും.
  1. ജ്ഞാനശാസ്ത്രംപരം.
  2. സാമൂഹികം
  3. നൈതികം
 1. ജ്ഞാശാസ്ത്രപരമായ ഇടപെടലുകൾ
     ശാസ്ത്രത്തിൻറെ ചരിത്രം നോക്കിയാൽ അതൊരു അക്കാദമിക വിഷയമായി സ്വയംമാറിയതിനു ശേഷവും തത്വചിന്ത  അല്ലെങ്കിൽ തത്ത്വചിന്താപരമായ ആലോചനകൾ അതിൻറെ വളർച്ചയിൽ ഗുണപരമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് കാണാനാകും. മികച്ച ഉദാഹരണങ്ങളിലൊന്ന്, ഒരുപക്ഷേ, ആപേക്ഷികതാ സിദ്ധാന്തത്തിന്റെ അനുഭവമായിരിക്കും. 1905-ലെ  ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തം ഉൾക്കൊള്ളുന്ന പ്രബന്ധം ആരംഭിക്കുന്നത്  ഒരു ചിന്താപരീക്ഷണത്തിലാണ് (Thought Experiment). അന്ന് ലഭ്യമായിരുന്ന മാക്സ്വെല്ലിന്റെ (James Clerk Maxwell) കാന്തിക ബലതന്ത്രത്തിൽ (Electro Dynamics)  ഒരു അസമമിതി (assymetry) ഉണ്ടെന്നു കാണിക്കുവാനാണ്  ഐൻസ്റ്റൈൻ ചിന്താപരീക്ഷണം ഉപയോഗിക്കുന്നത്. തുടർന്ന്, നിരീക്ഷണ വിധേയമല്ലാത്ത ഒന്നിനോടും സിദ്ധാന്തങ്ങൾ  സംവേദനക്ഷമമാകേണ്ടതില്ല  എന്ന പോസിറ്റുവിസ്റ്റുകളിൽനിന്നും പിന്തുടരുന്ന തത്വചിന്താപരമായ നിലപാട്  പ്രയോഗിക്കുന്നു. താത്വികമായ ഈ നിലപാട് കൂടാതെ ആപേക്ഷികതാ സിദ്ധാന്തം നിർദ്ധരിക്കുവാൻ സാധ്യമായിരുന്നില്ല. തത്ത്വചിന്തയുടെ ഗുണപരമായ ഒരു ഇടപെടലാണ് നാം കണ്ടത്.
     ഇതുപോലെതന്നെ മറ്റൊരു ഇടപെടലാണ്  ഫെമിനിസ്റ്റ് ചിന്തകൾ പരിണാമസിദ്ധാന്തത്തിന്റെ വ്യാഖ്യാനത്തിൽ നൽകിയത്. പുരുഷാധികാരകേന്ദ്രിതമായ സമീപനങ്ങൾ  മറച്ചുവച്ച, പരിണാമസിദ്ധാന്തത്തിന്റെ ജ്ഞാനശാസ്ത്രപരമായ ഇതര വ്യാഖ്യാനങ്ങളെ ഫെമിനിസ്റ്റുകളുടെ ഇടപെടലുകൾ മുന്നോട്ടുവയ്ക്കുകയുണ്ടായി (Okruhlik 1994). ബൗദ്ധികശേഷി ഗോത്രപരമായി വ്യതിയാനപ്പെടുന്നുവെന്നും  വെളുത്ത  യൂറോപ്യൻ പുരുഷനാണ് ഏറ്റവും കൂടുതൽ ബുദ്ധിയെന്നും കറുത്തവന് ജനിതകപരമായി ബൗദ്ധികശേഷി  കുറവാണ് എന്നും തെളിയിക്കാൻ ശ്രമിച്ച ശാസ്ത്രപ്രവർത്തനങ്ങളെയും നമുക്കിവിടെ ഓർക്കാവുന്നതാണ് (Gould). ശാസ്ത്രദർശനപരമായ ഇടപെടലുകൾ മേൽപ്പറഞ്ഞ ശാസ്ത്രീയമായ അബദ്ധങ്ങളെ  തിരുത്തുന്നതിൽ സവിശേഷമായ പങ്കു വഹിച്ചിട്ടുണ്ട്.
2. സാമൂഹികം
ശാസ്ത്രവും കപടശാസ്ത്രവും തമ്മിലുള്ള വ്യത്യാസം ശാസ്ത്രദർശനത്തിലെ ഒരു പ്രധാന വിഷയമാണ്. ശാസ്ത്രവും കപടശാസ്തരവും തമ്മിലുള്ള ശാസ്ത്രദർശനപരമായ ആലോചനകൾ കോടതിമുറിയിൽ പ്രയോജനപ്പെട്ടതിന്റെ ഒരു ഉദാഹരണമാണ് ഇനിപ്പറയുന്നത്.
    സ്കൂളുകളിൽ പരിണാമ സിദ്ധാന്തം പഠിപ്പിക്കുന്നുണ്ടെങ്കിൽ അതിനോടൊപ്പം സൃഷ്ടിവാദവും (Creationism)  പഠിപ്പിക്കണമെന്ന് 1981 ൽ അമേരിക്കയിലെ അർകൻസാസ് സ്റ്റേറ്റ് നിയമനിർമ്മാണം നടത്തി  (Arkanസas Act 590). പരിണാമസിദ്ധാന്തത്തിനോളം ശാസ്ത്രീയമാണ്  സൃഷ്ടിവാദം എന്നതുകൊണ്ട് സൃഷ്ടിവാദവും ശാസ്ത്രമാണ് എന്നായിരുന്നു പുതുനിയമത്തിൻറെ രത്നചുരുക്കം. ഇതിനെതിരെ American Civil Liberties Union കോടതിയെ സമീപിച്ചു. പ്രസ്തുത കേസിൽ ഏതാണ് ശാസ്ത്രം എന്ന് നിശ്ചയിക്കുന്നതിന്,  American Civil Liberties Union മൈക്കിൾ  റൂസിൻറെ (Miichael Ruse)  സഹായം നേടുകയുണ്ടായി.  റൂസ് ഒരു തത്വചിന്തകനാണ്.  എന്തുകൊണ്ടാണ് സൃഷ്ടിവാദം ശാസ്ത്രമല്ല എന്ന റൂസിന്റെ വിദഗ്ധാഭിപ്രായത്തിന് ഈ വ്യവഹാരത്തിൽ പ്രാധാന്യമുണ്ടായിരുന്നു. റൂസിനോടൊപ്പം, സ്റ്റീഫൻ ഗൗൾഡ് അടക്കമുള്ള ശാസ്ത്രജ്ഞരും മൊഴികൊടുക്കുകയുണ്ടായി. ഒടുവിൽ, സൃഷ്ടിവാദം പഠിപ്പിക്കേണ്ടതില്ലെന്ന്  കോടതി വിധിച്ചു. തത്വചിന്തയുടെ സാമൂഹികമായ ഒരു ഇടപെടലാണ് നാം കണ്ടത്.
3. നൈതികം
മൂല്യബോധങ്ങൾ ശാസ്ത്രത്ിതിന്റെ പ്രവർത്തനത്തെ ബാധിക്കുന്നില്ല എന്ന  തെറ്റിദ്ധാരണ ഇല്ലാത്തവർക്ക് ശാസ്ത്രം അതുയർത്തുന്ന നൈതിക പ്രശ്നങ്ങളെ പരിഹരിക്കാൻ ഉതകുകയില്ല എന്ന് വ്യക്തമാണ്.  ശാസ്ത്രത്തിൻറെ ജ്ഞാനശാസ്ത്രപരമായ  നിലമകളിൽ വിവിധങ്ങളായ  മൂല്യങ്ങൾ ഇടപെടുന്നുണ്ടെന്ന് ശാസ്ത്രദർശനത്തിൽ ഇന്ന് സുവിദിതമായ കാര്യമാണ്. വൈദ്യശാസ്ത്രരംഗത്തെ ഗവേഷണങ്ങളാണ്  ഇതിൻറെ മികച്ച ഉദാഹരണം.  ഇവയെ മാറ്റിനിർത്തിയാൽ പോലും,  ധാർമ്മികമായ ശരിയേത് എന്ന് ശാസ്ത്രത്തിന് ഉത്തരം പറയാനാകുമെന്ന തെറ്റിദ്ധാരണ ധാരാളമുണ്ട്.  സാം ഹാരിസിനെപ്പോലെയുള്ളവർ (ഹാരിസ് 2010) ഈ ധാരണക്കാരാണ്.  ശാസ്ത്രം വസ്തുലോകത്തെപ്പറ്റിയുള്ള അറിവും ധാരണയും നൽകുന്നുണ്ട്.  വസ്തുതകളിൽനിന്നും തുടർന്ന് എന്തുവേണമെന്ന തീരുമാനത്തിലേക്ക് എത്തുന്നതിന് ഒന്നിലധികം  സാധ്യതകൾ എല്ലായിപ്പോഴും ലഭ്യമാണ്.  ഉദാഹരണത്തിന് ഭിന്നലൈംഗികരുടെ പ്രശ്നം പരിഗണിക്കുക.  ഇന്ത്യയിൽ  സ്വവർഗലൈംഗികത  കുറ്റകരമല്ലാതാക്കിയാത് സമീപകാലത്താണ്.  എന്തുകൊണ്ട് ഒരാൾ സ്വവർഗാനുരാഗിയായി എന്നതിന്  ഉത്തരം നൽകാൻ ശാസ്ത്ര്ത്തിനു കഴിയും.  എന്നാൽ,  ഒരാൾ ജൈവികമായി എന്താണോ അതായിരിക്കുകയാണ്  നന്നെന്നും അതാണ് നൈതികമായ ശരിയെന്നും തീരുമാനമെടുക്കുന്നതിന് മേൽപ്പറഞ്ഞ  ശാസ്ത്രീയബോധ്യം പര്യാപ്തമല്ല.  ഇതിനെ മറ്റൊരുദാഹരണം കൊണ്ട് വ്യക്തമാക്കാം.  ഒരാൾ pedophile ആകുന്നത് എന്തുകൊണ്ടാണ് എന്ന് നാം ശാസ്ത്രീയമായി തെളിയിച്ചു എന്ന് കരുതുക.  ഇത് പക്ഷേ അയാൾ കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിന് ശരിവയ്ക്കുന്നില്ല. എന്താണ് എന്നതിൽ നിന്നും/എന്തുകൊണ്ടാണ് എന്നതിൽ നിന്നും  എന്തായിരിക്കണം എന്നതിലേക്ക് കുതിക്കുന്നത്  ഒരു യുക്ത്യാഭാസമാണ് (Fallacy). ഇതിൻറെ അർത്ഥം  നൈതികമായ ആലോചനകളിൽ ശാസ്ത്രത്തിന് പ്രാധാന്യം ഇല്ല എന്നല്ല.  മറിച്ച്,  ശാസ്ത്രം കൊണ്ടുമാത്രം പരിഹരിക്കാവുന്ന വിഷയമല്ല നൈതികത എന്നാണ്. അതായത് സകലതിനും ഉത്തരം കൈവശമുള്ള നിയന്താവല്ല ശാസ്ത്രം. ആകയാൽ തത്വചിന്ത ജീവിക്കുകയും അതിജീവിക്കുകയും ചെയ്യുന്നു.

Notes
  1.  തത്വചിന്തയുടെ മരണത്തെപ്പറ്റിയുള്ള തത്വചിന്തകരുടെ ആലോചനകൾ (ഉദാ:  Peter Unger. 2014. Empty Ideas.Oxford University Press) ഇവിടെ പരിഗണിച്ചിട്ടില്ല.
  2. തത്വചിന്തയുടെ സാംഗത്യരാഹിത്യത്തെച്ചൊല്ലിയുള്ള തർക്കങ്ങൾക്ക്  പാശ്ചാത്യലോകത്ത്  അരിസ്റ്റോട്ടിലിന്റെ  കാലത്തോളം പഴക്കമുള്ളതാണ്. തത്ത്വചിന്ത നിഷ്ഫലമായ ബൗദ്ധിക വ്യായാമമാണെന്നും അതിലേർപ്പെടുന്നവർ മറ്റു പലതരത്തിലും ഫലപ്രദമായി വിനിയോഗിക്കാവുന്ന കഴിവുകൾ പാഴാക്കുകയാണെന്നും  ഐസോക്രട്ടീസ്  (Isocrates) Antidosis എന്ന പുസ്തകത്തിൽ വിമർശിക്കുന്നു. ആകയാൽ, തത്വചിന്ത പരിശിലിപ്പിക്കുന്ന പ്ലേറ്റോയുടെ അക്കാദമിയ പൂട്ടി തത്വചിന്ത പരിശീലിപ്പിക്കൽ അവസാനിപ്പിക്കണം.ആയതിന്ന് മറുപടിയായി അന്ന് യുവാവായിരുന്ന അരിസ്റ്റോട്ടിൽ Protrepticus ൽ ഇങ്ങനെ എഴുതി. തത്വചിന്ത നിഷ്ഫലമാണെന്ന് വാദിക്കുമ്പോൾ ഒരാൾ തത്വചിന്തയാണ് ചെയ്യുന്നത്. അതായത് തത്വചിന്ത ചെയ്തുകൊണ്ടുമാത്രമേ  നിങ്ങൾക്ക് അതിനെ നിഷേധിക്കാനാവൂ. ഇതൊരു വിഷമവൃത്തമാണ്.  ഈ ഓർമ്മ പുതുക്കിയത്  ഇപ്പോൾ നടക്കുന്ന വാദങ്ങൾക്ക് പുതുമ തീരെ കുറവാണ് എന്നു കാണിക്കുന്നതിന് മാത്രമല്ല മറിച്ച്  നമ്മുടെ ബൗദ്ധികവ്യയാമങ്ങൾക്ക് പ്രാക്തനവും പ്രസക്തവുമായ ഉത്തരങ്ങൾ ലഭ്യമാണ് എന്നു പറയുന്നതിനു കൂടിയാണ്.
Reference
  • Albert, David Z. 2012. On the Origin of Everything. The New York Times. 
  • Aristotle. 2017 [387 – 322 BCE ] and D. S. Hutchinson and Monte Ransome (Ed.) Protrepticus (Exhortation to Philosophy). Johnson www.protrepticus.info
  • Einstein, A. (1905). On the Electrodynamics of Moving Bodies. In John Stachel (Ed.) Einstein’s Miraculous Year, Princeton University Press. Princeton, 123-160. 
  • Harris, Sam. 2010. The Moral Landscape. Free Press.
  • Hawking, Stephen and Leonard Mlodinow. 2010. The Grand Design. New York: Bentam Books.
  • Lakatose, Imre. 1978. The Methodology of Scientific Research Programmes. University of Cambridge Press. Cambridge. P.62.
  • Lauden, Larry. 1998 [1982]. Science at the Bar- Causes for Concern in Martin Curd and J.A. Cover (Ed.) Philosophy of Science: General Issues. W.W. Norton and Company, New York, 48-53.
  • Mohamed Nazeer. 2017. Science and Philosophy. Friday, 27 July 2018 
  • Okruhlik, Kathleen. 1994. Gender and Biological Sciences. Canadian Journal of Philosophy 24 (sup1):21-42 
  • Pigliucci, Massimo. 2016. The Progress of Philosophy.  
  • Rovelli, Carlo. 2015. Aristotle's Physics: A Physicist's Look. Aristotle's Physics: A Physicist's Look. Journal of the American Philosophical Association, 1, pp 23-40 doi:10.1017/apa.2014.11
  • Rovelli, Carlo. 2018. Physics Needs Philosophy / Philosophy Needs Physics.
    Ruse, Michael. 1982. A Philosopher at the Monkey Trial, New Scientist 1982 February 4; 93(1291): 317-319
  • Steven Weinberg. 1994. Against Philosophy in Dreams of a Final Theory, Chapter VII. Vintage.
    Suber, Peter. 1993. Is Philosophy Dead. The Earlhamite, 112(2), pp. 12-14. Retrieved June 7, 2016
കേരളീയം. ഒക്ടോബർ. 2019.

  

Sunday 2 September 2018

ചോദിക്കുന്നതിന്റെ തർക്കശാസ്ത്രം

എന്താണ് ശാസ്ത്രം എന്ന ചോദ്യത്തിലാണ് പൊതുവേ ശാസ്ത്രദർശനപരമായ ആലോചനകൾ ആരംഭിക്കാറുണ്ട്.  പ്രസ്തുത ചോദ്യത്തിലേക്ക്  കടക്കുന്നതിനുമുൻപ് ചോദ്യങ്ങളെപ്പറ്റി ചില ആലോചനകൾ ആവശ്യമാണ്. ഈ കുറിപ്പിൽ ചോദിക്കുന്നതിന്റെ തർക്കശാസ്ത്രത്തെപ്പറ്റിയാണ് വിചാരപ്പെടുന്നത്. തത്വചിന്താപരമായി ചിന്തിക്കുന്നതിന് ഇത് അത്യാവശ്യമാണ്.
ചോദിക്കുന്നതിന്റെ തർക്കശാസ്ത്രം
എല്ലാത്തരം ചോദ്യങ്ങൾക്കും സാംഗത്യമുള്ള ഇടമാണ് തത്വചിന്ത. എന്നാൽ ചോദിക്കുന്നതിന് അതിന്റേതായ തർക്കശാസ്ത്രമുണ്ട്. കാരണം ചില ചോദ്യങ്ങൾ ഭവപരമായ  പൂർവ്വകല്പനകളിൽ നിന്നാകും പ്രവർത്തിക്കുക. ചില ചോദ്യങ്ങൾക്ക് പ്രത്യക്ഷത്തിൽ നാം പരിഗണിക്കാത്ത താർക്കിക വിവക്ഷകൾ ഉണ്ടാകാം. ഇത്തരം ചോദ്യങ്ങളെ, അവയുടെ മുൻനിലമകളെയും വിവക്ഷകളെയും കണക്കിലെടുത്തുവേണം പരിഗണിക്കുവാൻ. 
എന്ത്, എന്തുകൊണ്ട്, എങ്ങിനെ, എവിടെ, എപ്പോൾ, ആര് എന്നിവയാണ് ഏതിനെപ്പറ്റിയും ഉന്നയിക്കാവുന്ന ചോദ്യങ്ങൾ. നേരം (എവിടെ), കാലം (എപ്പോൾ), കർത്താവ് (ആര്) എന്നിവയെപ്പറ്റിയുള്ള ചോദ്യങ്ങൾ സാമന്യേന ഋജുവാണ്. (ഇവയ്ക്ക് ഉത്തരം കണ്ടെത്തുക എളുപ്പമാകാണം എന്നില്ല). എന്നാൽ, എന്ത്, എന്തുകൊണ്ട്, എങ്ങിനെ, എവിടെ എന്നീ ചോദ്യങ്ങൾ എല്ലായ്പോഴും ലളിതമാകാണമെന്നുമില്ല. ചിലപ്പോൾ എന്ത് എന്ന ചോദ്യത്തിന്റെ താർക്കികമായ പരിഗണന എന്തുകൊണ്ട് എന്നതാകാം. നമുക്ക് എന്ത് എന്ന ചോദ്യം പരിഗണിക്കാം.
“എന്തിന്റെ” പ്രശ്നങ്ങൾ.
“എന്ത്” അല്ലെങ്കിൽ “എന്താണ് അത്” എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു വിവരണമാണ്. എന്താണ് ഇലക്ട്രോൺ? മഴ എന്നാൽ എന്ത്? എന്താണ് ആന? എന്താണ് ഐരാവതം? എന്നീ ചോദ്യങ്ങളുടെ ഉത്തരം പരിഗണിക്കുക. ഇലക്ട്രോൺ ഒരു സൂക്ഷ്മകണമാണെന്നും, അത് ആറ്റത്തിന്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നും അതിന്റെ ചാർജ് നെഗറ്റീവ് ആണെന്നുമൊക്കെയാകും നമ്മുടെ ഉത്തരം. ഇത്തരത്തിൽ, ഒരു വിവരണമാണ് മറ്റു ചോദ്യങ്ങളുടേയും ഉത്തരമായി ലഭിക്കുക. ആനയേയും ഐരാവതത്തേയും കുറിച്ചുള്ള ചോദ്യങ്ങൾ പരിഗണിക്കുക.
ആന എന്നാൽ എന്ത്?/  എന്താണ് ആന?
ഐരാവതം  എന്നാൽ എന്ത്/  എന്താണ് ഐരാവതം?
എന്നിവയാണ് നമ്മുടെ ചോദ്യങ്ങൾ. രണ്ടു ചോദ്യങ്ങൾക്കും ഭാഷാപരമായി ഒരേ ഘടനയാണ്. ആകയാൽ, രണ്ടിനെയും ഒരേതരത്തിലുള്ള ചോദ്യമായി പരിഗണിക്കാനുള്ള സാധ്യത ഏറെയുണ്ട്.  എന്താണ് ആന എന്ന് നമുക്കറിയാം (അല്ലെങ്കിൽ അങ്ങനെ സങ്കൽപിക്കുക).  എന്നാൽ ഐരാവതം? ഇന്ദ്രൻറെ വാഹനമായ, ഒന്നിലധികം തുമ്പിക്കൈകളും നാലുകൊമ്പുമൊക്കെയുള്ള വെളുത്ത ആന എന്നോ  അഷ്ടഗജങ്ങളിൽ ഒന്ന് എന്നോ നാം  ഉത്തരം നൽകിയേക്കാം. എന്നാൽ ജന്തുലോകത്ത് ഐരാവതം ഇല്ല. ആന ഉണ്ട്. അപ്പോൾ എതാണ് ശരിക്കും ഉള്ളത് എന്ന് ചോദിച്ചു എന്നു കരുതുക. ആന ഉള്ളതാണെന്നും ഐരാവതം ഇല്ലെന്നും നാം പറയും. എന്നാൽ, താർക്കികമായി കാര്യങ്ങൾ അത്ര എളുതല്ല.
    ഐരാവതം ഇല്ലാത്ത ഒന്നാണ് എന്നുപറയുമ്പോൾ എന്തിനെയാണ് നാം നിഷേധിക്കുന്നത്? ഇല്ലാത്തതിനെ, നിഷേധിക്കാനാകുമോ? ഇവിടെ നമ്മുടെ ചോദ്യങ്ങൾ ഭവപരമാണ്. ഭവപരമായി ഐരാവതം എന്താണ് എന്നാണ് നാം ആരായുന്നത്? ഐരാവതം ഇല്ലെങ്കിൽ, അതെന്താണ് എന്നതിന്റെ ഉത്തരം (ഐരാവത്തെപ്പറ്റിയുള്ള വിവരണം) എന്തിനെപ്പറ്റിയാണ്? ആനയ്ക്കും ഐരാവതത്തിനും വ്യത്യസ്ഥമായ ഭവപരതയാണെന്ന് പറഞ്ഞു എന്നു കരുതുക. ഉള്ളതെന്താണോ അതാണ് ഭവം. എന്നാൽ, മേല്പറഞ്ഞ ഉത്തരം വെവ്വേറെ ഭവങ്ങളെ യാഥാർത്ഥ്യമായി നിബന്ധിക്കാനാവശ്യപ്പെടുന്നു. ഇപ്രകാരമാണ് നാം പറയുന്നത്. ആന ഉണ്ട്. അതായത് ആനയ്ക്ക് ഭവപരമായ സാംഗത്യമുണ്ട്. അതൊരു  ഉണ്മയാണ്. എന്നാൽ, ആയതിന്റെ ഭവപരതയിൽ നിന്നും വ്യത്യസ്ഥമായ  നിലമയിൽ ഐരാവതത്തിനും ഉണ്മയുണ്ട്. അതിനന്നും ഭവപരമായ സാംഗത്യമുണ്ട്. ഐരാവതവും ഒരു ഉണ്മയാണ്. ഇതേ ന്യായപ്രകാരം മായാവി, ഷെർലക് ഹോംസ്, ആകാശത്താമര എന്നിവകളും ഉണ്മയാണ്.
ഇല്ലാത്ത ദൈവത്തെ നിഷേധിക്കുന്നതെങ്ങിനെ എന്ന വിശ്വാസികളുടെ പ്രാചീനമായ കുയുക്തിക്കു പിന്നിൽ മേൽപ്രസ്താവിച്ച തരം താർക്കികമായ ന്യായങ്ങളുണ്ട്. എന്താണ് ഐരാവതം എന്നതിനു ഉത്തരം നൽകുമ്പോൾ, ഇവിടെ സംഭവിക്കുന്നത്,  അതിന്റെ ഉണ്മയോട് നാം താർക്കികമായി നിബന്ധിക്കപ്പെടുകയാണ്. അതായത് ഐരാവതം എന്ന ജീവിയെ ഭവപരമായി നാം സമ്മതിക്കുന്നു. പക്ഷേ, ആനയും ഐരാവതവും ഒരേപോലെ നിലനിൽക്കുന്നവയല്ല എന്ന് നമുക്ക് അറിയാം? ഭവപരമായ ഈ വ്യത്യാസത്തെ എങ്ങനെ വേർതിരിക്കാം? ഐരാവതം ഇല്ല എന്ന് പറയുന്നതായി കരുതുക. ഇല്ലാത്തത് ഇല്ല എന്നാണ് നാം പറയുന്നത്. അതെങ്ങനെ സാധ്യമാകും? ഇല്ലാത്തതിനെ നിഷേധിക്കാനാവില്ലല്ലോ? ഭവശാസ്ത്രത്തിൽ ഒട്ടേറെ ആലോചിക്കപ്പെട്ട വിഷയമാണിത്. 
ഇവിടെ നമ്മുടെ താൽപര്യം ചോദ്യത്തിന്റെ തർക്കശാസ്ത്രമാണ്. അതായത്, “എന്താണ്" എന്ന ചോദ്യം നിഷ്കളങ്കമായ ഒന്നല്ല. ഭവശാസ്ത്രപരമായ സന്ദേഹങ്ങളെ ഇവിടെ പരിഗണിക്കുന്നില്ലെങ്കിലും പ്രസ്തുത ചോദ്യം ഉയർത്തുന്ന ഭവപരമായ പ്രശ്നങ്ങളെ അവഗണിക്കാവുന്നതല്ല. ആകയാൽ, ഭവപരമായി നിബന്ധിക്കപ്പെതാതെ ഉത്തരം നൽകുന്നതിനു ചോദ്യത്തെ അഴിച്ചു പണിയേണ്ടത് ആവശ്യമാണ്. ചില താത്വികപ്രശ്നങ്ങൾ, ചോദ്യങ്ങളെ അഴിക്കുന്നതിലൂടെ ഇല്ലാതായേക്കാം.
എന്താണ് എന്ന ചോദ്യത്തിന്റെ താർക്കിക നിലമയാണ് നമ്മുടെ താല്പര്യം. “എന്താണത്” എന്ന ചോദ്യം “അതിനെ” പൂർവ്വകല്പന ചെയ്യുന്നു. അതുകൊണ്ട്, അച്ചോദ്യത്തിന് ഉത്തരം നൽകാനുള്ള പരിശ്രമങ്ങൾ “അതുമായി” ഭവപരമായി നമ്മെ നിബന്ധിക്കുന്നു. നാം അതിന്റെ ഭവപരതയെ അംഗികരിക്കുന്നില്ലായിരിക്കാം. പക്ഷേ, അശ്രദ്ധമായി എന്താണത് എന്ന് ചോദിക്കുമ്പോഴും ഉത്തരം കൊടുക്കുമ്പോഴും നാം തല്പരപ്പെടാത്ത ഭവങ്ങളുമായി താർക്കികമായി നിബന്ധിക്കപ്പെടുന്നുണ്ട്. അതുകൊണ്ട്, ചോദ്യത്തെ അഴിക്കുകയാണ് ആദ്യം ചെയ്യെണ്ടത്. X എന്താണെന്നതിനു പകരം X എന്നു വിളിക്കപ്പെടുന്നത് അല്ലെങ്കിൽ പരിഗണിക്കപ്പെടുന്നത് എന്തിനെയാണെന്ന് ചോദിക്കുകയാണ് ഭവപരമായ നിബന്ധത്തെ ഒഴിവാക്കുന്നതിനുള്ള ഒരു വഴി. അതായത്, എന്താണ് ഐരാവതം എന്നതിനു പകരം ഐരാവതം എന്ന് പരിഗണിക്കപ്പെടുന്നതെന്താണ് എന്ന് ചോദ്യം മാറുന്നു. രണ്ടാമത്തെ ചോദ്യത്തിനു ഭവപരമായ മുൻധാരണകളില്ല എന്നത് ശ്രദ്ധിക്കുക.
    ഇത്തരത്തിൽ നോക്കുമ്പോൾ എന്താണ് ശാസ്ത്രം എന്ന ചോദ്യം ശാസ്ത്രം എന്നതിനെ പൂർവ്വകൽപ്പന ചെയ്യുന്നുണ്ട്.  അതുകൊണ്ട് ഈ ചോദ്യത്തെ, “മനുഷ്യരുടെ പലതരത്തിലുള്ള പ്രവർത്തനങ്ങളിൽ ശാസ്ത്രം എന്നു പരിഗണിക്കപ്പെടുന്നവ എന്താണ്” എന്ന് താർക്കികമായി പുതുക്കി പണിയാം. ഇപ്പോൾ ആവശ്യപ്പെടുന്നത്, മനുഷ്യരുടെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ശാസ്ത്രമെന്ന് പരാമർശിക്കപ്പെടാൻ അർഹമായത് ഏതെല്ലാമാണെന്നാണ്. അതിന്നുത്തരമായി രസതന്ത്രം ഭൗതികശാസ്ത്രം ജീവശാസ്ത്രം പരിതഃസ്ഥിതവിജ്ഞാനം (Ecology) വൈദ്യശാസ്ത്രം എന്നെല്ലാം ഉത്തരം കൊടുക്കാം. ഈ ഉത്തരങ്ങൾ പക്ഷേ ശാസ്ത്രം എന്നറിയപ്പെടുന്ന പ്രവർത്തനങ്ങളെ അടയാളപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.  ഇത് ശാസ്ത്രത്തെ മനസ്സിലാക്കാൻ സഹായകരമല്ല. കാരണം ഭൗതികശാസ്ത്രവും ജീവശാസ്ത്രവും വ്യത്യസ്തങ്ങളായ മണ്ഡലങ്ങളെയാണ് പഠിക്കുന്നത്. അവയുടെ താല്പര്യങ്ങളും പ്രവർത്തന രീതിയും വ്യത്യസ്ഥമാണ്. അപ്പോളും, ഈ രണ്ടു പ്രവർത്തനങ്ങളും ശാസ്ത്രമാണെന്ന് പരിഗണിക്കപ്പെടുന്നവയാണ്. ഇങ്ങനെ വരുമ്പോൾ ശാസ്ത്രം എന്നു പരിഗണിക്കപ്പെടുന്നവയേതെല്ലാം എന്ന ചോദ്യത്തിന്റെ ഉത്തരം ശാസ്ത്രത്തെ അറിയുന്നതിന് പര്യാപ്തമാകണം എന്നില്ല.
    ഒരു പ്രവർത്തനത്തെ ശാസ്ത്രമായി പരിഗണിക്കാനുള്ള ന്യായങ്ങൾ ഏതൊക്കെയാണ് എന്നറിയുകയാണ് തുടർന്ന നമുക്കു ചെയ്യാവുന്നത്. അതായത്,  ഭൗതികശാസ്ത്രവും ജീവശാസ്ത്രവും പരിതഃസ്ഥിതവിജ്ഞാനവും ശാസ്ത്രമാകുന്നത് എങ്ങനെയെന്നറിയുവാനാണ് നാം താൽപര്യപ്പെടുന്നത്. അതായത്, എന്താണ് ശാസ്ത്രം എന്ന ചോദ്യത്തെ നാം ഉപേക്ഷിച്ചിരിക്കുന്നു.  പകരം “എങ്ങനെ” “എന്തുകൊണ്ട്”  എന്നീ ചോദ്യങ്ങളിലേക്ക് നാം മാറി. ഇതിന്നുത്തരമായി, സവിശേഷമായ രീതിശാസ്ത്രമാണ് ശാസ്ത്രത്തിൻറെ കാതൽ എന്നതുമുതൽ വിവിധ പ്രവർത്തനങ്ങളിലെ കുടുംബസാദൃശ്യമല്ലാതെ മറ്റൊന്നും രീതിശാസ്ത്രമായി ശാസ്ത്രത്തിനു കല്പിക്കാനാവുകയില്ല എന്നതുവരെയുള്ള ആലോചനകൾ തത്വചിന്തയിൽ ലഭ്യമാണ്.

പദസൂചിക
ഭവപരം- Ontological
ഭവശാസ്ത്രം- Ontology
തർക്കശാസ്ത്രം-Logic
താർക്കികം- Logical

കേരളീയം സേപ്തംബർ 2019

സയൻസും ശാസ്ത്രവും: ഒരു ഭാഷാവിചാരം

മുന്നുര
ശാസ്ത്രദർശനം (Philosophy of Science) മലയാളത്തിൽ ആലോചിക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള മുന്നോടിയായാണ് ഈ കുറിപ്പിനെ പരിഗണിക്കേണ്ടത്. സയൻസ്, ശാസ്ത്രം, ശാസ്ത്രദർശനം എന്നീ വാക്കുകളെ അവയുടെ അർത്ഥവിവക്ഷകളോടെ പരിചയപ്പെടുത്തുകയും പ്രസ്തുത പദങ്ങളുടെ സാങ്കേതികമായ ഉപയോഗം സ്ഥിരപ്പെടുത്തുകയുമാണ് ഈ കുറിപ്പിന്റെ താല്പര്യം.
    തത്വചിന്ത പ്രാഥമികമായും ചിന്തകൾകൊണ്ടുള്ള ഒരു പ്രവർത്തനമാണ്. കല്ലുകൊത്തി ശില്പമുണ്ടാക്കുന്നതുപോലെ, ആശയങ്ങൾ കൊത്തിക്കടഞ്ഞ് സങ്കല്പനങ്ങൾ നിർമ്മിക്കുകയോ പ്രതിഷ്ഠാപിതമായ ആശയങ്ങലെ ഇളക്കുകയോ ആണ് തത്വചിന്തയുടെ പ്രാധാന പണി. വെറും കൈകൊണ്ട് ചെയ്യാവുന്ന കല്പണിക്ക് പരിമിതികളുണ്ട്. അതുകൊണ്ട് നാം പണിയായുധങ്ങൾ ഉപയോഗിക്കുന്നു. അതുപോലെ, ചിന്തകൊണ്ട് പണിയുന്നതിനും ആയുധങ്ങൾ ആവശ്യമാണ്. കൈ കല്ലിൽ എന്നപോലെ ചിന്ത ഭാഷയിൽ പണിയെടുക്കുന്നു. ആലോചനകൾ നടക്കുന്നത്  ഭാഷയിലാണ്. അത് മലയാളത്തിലോ ഇംഗ്ലീഷിലോ ഗണിതത്തിലോ ആകാം. അങ്ങിനെ, ചിന്ത പണിയെടുക്കുമ്പോൾ,  വാക്കുകൾ പണിയായുധമായി വർത്തിക്കുന്നു.   സംഖ്യകൾ (numbers) ഇത്തരം പണിയായുധമാണ്.  ഉദാഹരണത്തിനു, ഗണിതത്തിലെ സാങ്കല്പിക സംഖ്യ i (Imaginary Number)) പരിഗണിക്കുക.  ഗണിതത്തിൽ മാത്രമുള്ള ഒരു സങ്കല്പനമാണ് i. ഗണിതത്തിലൂടെ ചിന്തിക്കുമ്പോൾ, അല്ലെങ്കിൽ ആലോചനയ്ക്കായി ഗണിതം ഉപയോഗിക്കുമ്പോൾ, നാം i ഉപയോഗിക്കുന്നു.  ഇപ്രകാരം ഉപയോഗിക്കുന്നതിന് i യുടെ അർത്ഥവും പ്രയോഗസാധ്യതകളും അറിയേണ്ടതുണ്ട്. താത്വികമായ അന്വേഷണങ്ങൾ തീരെ ലളിതമല്ല.  തത്വചിന്ത എന്താണെന്നതിൽപോലും  തത്വചിന്തകർക്കിടയിൽ തർക്കങ്ങളുണ്ടെന്നത് ഇതിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഈ കുറിപ്പിന്റെ താല്പര്യത്തിൽ, എന്തിന്റേയും അടിസ്ഥാന നിലമയും തത്വങ്ങളും ഏതെന്ന അന്വേഷണത്തെ തത്വചിന്തയായി കണക്കാക്കാം. തത്വചിന്ത ചിന്തകൊണ്ടുള്ള പ്രവർത്തനം ആയതിനാലും, ചിന്തയിൽ വാക്കുകൾക്ക് സ്ഥാനം ഉള്ളതിനാലും ഏതൊരു പ്രവർത്തനത്തേയും തത്വചിന്താപരമായി സമീപിക്കുന്നതിന് ആ പ്രവർത്തനത്തെക്കുറിക്കുന്ന വാക്കിനെ അറിയേണ്ടതുണ്ട്.  പ്രസ്തുത പദത്തിനു സുദീർഘമായ പരിണാമ ചരിത്രമുണ്ടെങ്കിൽ, ആ പരിണാമ ചരിത്രം അറിയേണ്ടത് പ്രസ്തുത പ്രവർത്തനത്തെ മനസ്സിലാക്കുന്നതിനുള്ള ആദ്യപടവാണ്.  എന്തുകൊണ്ടെന്നാൽ, ഓരോ കാലഘട്ടത്തിലും പ്രസ്തുത പ്രവർത്തനത്തിന്റെ  അർത്ഥവും, ആ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരുടെ ഭൗതികവും അതിഭൗതികവുമായ താല്പര്യങ്ങളും വാക്കിന്റെ അർത്ഥപരിണാമവഴിയിൽ രേഖപ്പെടുന്നുണ്ട്.  ഇത്തരം പരിഗണനകളില്ലാതെ ഗലീലിയോവിനേയും ന്യൂട്ടനേയുമെല്ലാം പഠിക്കുമ്പോൾ അവരെ കേവലം ശാസ്ത്രജ്ഞരായി കാണുന്നതിനും അവരുടെ പ്രവർത്തനങ്ങൾക്കു പിന്നിലെ താത്വികവും ചരിത്രപരവുമായ നിലമകളും താല്പര്യങ്ങളും   അന്വേഷകയ്ക്ക് അന്യമാക്കുന്നു. ഈ സമീപനം ശാസ്ത്രപാഠപുസ്തകങ്ങൾക്ക് ഭൂഷണമായേക്കാമെങ്കിലും (പാഠപുസ്തകത്തിൽ നാം ന്യൂട്ടന്റെ ചലനനിയമങ്ങൾ മാത്രമാണ് പഠിച്ചിട്ടുള്ളത്) അറിവിൽ നിന്നുമുണ്ടാകേണ്ട സമഗ്രാവബോധത്തെ   അത് പരിപോഷിപ്പിക്കുകയില്ല.
    തത്വചിന്ത ഭാഷാശാസ്ത്രമാണെന്നല്ല പറഞ്ഞു വരുന്നത്. മറിച്ച് ഭാഷാവിചാരം തത്വചിന്തയിൽ അനിവാര്യമാണെന്നാണ്. ഇതിനു താത്വികന്യായങ്ങളുണ്ട്.. ചിന്തിക്കുന്നതിനു വാക്കുകൾ ആവശ്യമാണെന്ന് നാം കണ്ടു.  ഇത് സാധ്യമാകുന്നത് എന്തുകൊണ്ടാണ്? അക്ഷരങ്ങളുടെ കേവലമോരു ക്രമമായി വർത്തിക്കുന്നതുകൊണ്ടല്ല ചിന്തിക്കുന്നതിന് വാക്കുകൾ ഉപയോഗപ്രദമാകുന്നത്. എന്തിനെയെങ്കിലും (വാസ്തുക്കൾ, പ്രവർത്തനങ്ങൾ …) കുറിക്കുന്ന ഒന്നായാണ് നാം വാക്കുകൾ ഉപയോഗിക്കുന്നത്. അതായത് മറ്റോന്നിനു പകരമായി നമ്മുടെ ചിന്തയിൽ ലഭ്യമാകുവാനോ വർത്തിക്കുവാനോ ഉള്ള ശേഷി വാക്കുകൾക്കുള്ളതിനാലാണ്, അവയെ ചിന്തിക്കുന്നതിനായി ഉപയോഗിക്കാൻ കഴിയുന്നത്. അതായത്, അർത്ഥനിഷ്യന്തിയാണ് എന്ന സവിശേഷതയാണ് വാക്കുകളെ ഉപയോഗപ്രദമാകുന്നത്. എന്നാൽ, വാക്കുകളെ നിയതവും പരമവുമായ ഒറ്റ അർത്ഥത്തിലേക്ക് ചുരുക്കാൻ കഴിയില്ല. ഇത്  ഭാഷാവിചാരത്തിൽ നിസ്തർക്കമായ  കാര്യമാണ്.  വാക്കുകൾ  അർത്ഥമാർജ്ജിക്കുന്നതിൽ  അവയുടെ പ്രയോഗങ്ങൽക്ക് സവിശേഷസ്ഥാനമുണ്ട്. അതുകൊണ്ട്, ഒരു വാക്കിന്റ     പ്രയോഗങ്ങളുടെ നാൾവഴികൾ അടയാളപ്പെടുത്തുന്നത്  അതിൻറെ വിവിധങ്ങളായ അർത്ഥവിവക്ഷകൾ അറിയാൻ സഹായകരമാണ്. തന്നെയുമല്ല യഥാ സ്ഥാനത്തുള്ള വാക്കുകളാണ് സങ്കല്പനങ്ങൾ ( ഹാക്കിങ്  1990, 68) ആലോചന കൂടി പരിഗണിക്കുമ്പോൾ  സങ്കൽപനപരമായ  ഏതൊരു ആലോചനയുടെയും മുന്നുപാധിയായി  ഭാഷാവിചാരം മാറുന്നു. അതായത്,  ശ്ലേഷം കാവ്യത്തിന് ഭൂഷണമാകുമ്പോഴും സങ്കല്പനപരമായ കൃത്യത വേണ്ട ഇടങ്ങളിൽ അത് വിപരീതഗുണമാണ് ഉണ്ടാക്കുക. ശാസ്ത്രത്തെപ്പറ്റിയുള്ള തത്ത്വചിന്താപരമായ ആലോചനകളിലും അതുകൊണ്ട് അർത്ഥവിചാരം അനിവാര്യമാകുന്നു.
    ശാസ്ത്രം എന്ന വാക്കാണ്  സയൻസിന്റെ മലയാളമായി ഉപയോഗിക്കുന്നത്. എന്നാൽ  പരസ്പര പൊരുത്തമുള്ളതും അല്ലാത്തതുമായ  അനേകം പ്രകരണങ്ങളിൽ  ഈ രണ്ടു വാക്കുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  അതുകൊണ്ട്,  ശാസ്ത്രം എന്ന വാക്കിൻറെ വിവിധങ്ങളായ പ്രയോഗങ്ങൾക്ക് സയൻസ് എന്ന വാക്കിൻറെ പ്രയോഗങ്ങളുമായുള്ള പൊരുത്തം നോക്കുകയാണ്  ഈ കുറിപ്പിൻറെ താല്പര്യം. ഈ കുറിപ്പിൽ പ്രാധാനമായും മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യം നാം സയൻസിന്റെ അർത്ഥവഴികൾ പരിചയപ്പെടും.  തുടർന്ന് ശാസ്ത്രം എന്ന പദത്തിന്റെ അർത്ഥവിവക്ഷകൾ പരിശോധിക്കും. ശാസ്ത്രദർശനത്തെപ്പറ്റിയുള്ള ഒരു ലഘുവിവരണത്തോടെ കുറിപ്പ് അവസാനിക്കും.
സയൻസ് (Science)
 അറിയുക അല്ലെങ്കിൽ അറിവ്  എന്നർത്ഥം വരുന്ന scientia എന്ന ലാറ്റിൻ  പദത്തിൽ നിന്നുമാണ്  സയൻസ് എന്ന വാക്കിൻറെ ഉൽപ്പത്തി. വെബ്സ്റ്റേഴ്സ് ഡിക്ഷണറി പ്രകാരം പതിനാലാം നൂറ്റാണ്ടിലാണ്  ഈ വാക്കിൻറെ അറിയപ്പെടുന്ന ആദ്യത്തെ ഉപയോഗം. എന്നാൽ, ഇപ്പോൾ വിനിമയത്തിനുള്ള  അർത്ഥം സയൻസിന് ലഭിക്കുന്നത് ഏകദേശം  പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമാണ്. സയൻസ് എന്ന് നാം ഇപ്പോൾ മനസ്സിലാക്കുന്ന സംരംഭം പ്രകൃതിയുടെ തത്വചിന്ത (Natural Philosophy)  എന്നാണ് പത്തൊമ്പതാം നൂറ്റാണ്ടിനു മുൻപ് അറിയപ്പെട്ടിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ പുറത്തിറങ്ങുകയും ആധുനിക സയൻസിന് അടിത്തറപാകിയ പ്രാമാണിക ഗ്രന്ഥങ്ങളിൽ ഒന്നായി വർത്തിക്കുകയും ചെയ്ത  ഐസക് ന്യൂട്ടന്റെ (1643-1727) പുസ്തകത്തിൻറെ പേര്  പ്രകൃതിയുടെ തത്ത്വചിന്തയുടെ ഗണിത തത്വങ്ങൾ (Mathematical Principles of Natural Philosophy)  എന്നാണ്. ( ന്യൂട്ടൻറെ പുസ്തകത്തിൻറെ ലാറ്റിൻ നാമം Philosophiæ Naturalis Principia Mathematica എന്നാണ്. ഇത് പിന്നീട് Pricnipia എന്ന് അറിയപ്പെട്ടു). പത്തൊമ്പതാം നൂറ്റാണ്ടിലെ  ആദ്യദശകങ്ങളിൽ പോലും സയൻസിന് ഇപ്പോഴുള്ള അർത്ഥം ഉറച്ചിട്ടില്ല. ഉദാഹരണത്തിനു, കെൽവിൻ പ്രഭുവും (വില്യം തോംസൺ) പീറ്റർ ടെയ്റ്റും ചേർന്ന് 1867 ൽ പുറത്തിറക്കിയ പാഠപുസ്തകത്തിന്റെ പേര് പ്രകൃതിയുടെ തത്ത്വചിന്തയിലെ  പ്രബന്ധങ്ങൾ (Treatise on Natural Philosophy). അതായത്, സയൻസ് തത്വചിന്തയുടെഒരു വിഭാഗമായാണ് അക്കാലത്ത് സയൻസ് വർത്തിച്ചിരുത്.
    സൈൻറിസ്റ്റ് എന്ന പദത്തിന്റെ ഉൽപത്തിവികാസങ്ങളും ഇതേപോലെ കൗതുകകരമാണ്. പതിനാലാം നൂറ്റാണ്ടുമുതലേ ഫ്രഞ്ചിൽ സയൻസ് എന്ന വാക്കുണ്ടായിരുന്നു. സവിശേഷമായ അറിവ് എന്നായിരുന്നു അന്ന് സയൻസിന്റെ അർത്ഥം. പക്ഷേ, സൈന്റിസ്റ്റ് എന്ന വാക്ക് അന്ന് പ്രാചാരത്തിൽ ഇല്ല. പകരം ജ്ഞാനി (Knowledgeable person) എന്ന് അർത്ഥം വരുന്ന Savant ആയിരുന്നു പ്രചാരത്തിൽ. ഇപ്രകാരം സംഭവിച്ചതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് സയൻസ് എന്ന വാക്കിന്റെ അരിസ്റ്റോട്ലീയൻ അർത്ഥമാണ്. അരിസ്റ്റോട്ടിലിന്റെ വിചാരപദ്ധതിയിൽ സയൻസ് എന്നാൽ നിഗമനപരവും (Deductive) വിവരണാത്മകവുമായ (demonstrative) അറിവാണ്. അതായത് അനവധി അറിവുകൾകൾക്കിടയിലെ സവിശേഷമായ ഒന്നിനെയാണ് സയൻസ് എന്നു വിളിക്കുന്നത്. ഇത്തരം അറിവിന്റെ മികച്ച ഉദാഹരണമാണ് ജ്യോമിതി.  ജ്യോമിതീയമായ എല്ലാ വിവരങ്ങളും പ്രസ്തുത വ്യവസ്ഥയുടെ മൂലതത്വങ്ങളിൽ  (axioms) നിന്നും നിർദ്ധാരണം ചെയ്യുന്നതാണ്. ദേശകാലങ്ങളുടെ സ്വാധീനത്തിനു വഴങ്ങാത്ത ശാശ്വതസത്യങ്ങളായി വർത്തിക്കുന്നവയാണ് ജ്യോമിതീയമായ സത്യങ്ങൾ.  ഇത്തരം വിവരങ്ങളുടെ ഒരു പ്രത്യേകത അതിലെ സന്ദേഹരാഹിത്യമാണ്. ഉദാഹരണത്തിന്,  ഒരു ത്രികോണത്തിന്റെ ആന്തരകോണുകളുടെ ആകെത്തുക രണ്ട് മട്ടകോണുകളുടെ തുകയ്ക്ക് തുല്യമാണ് എന്ന വിവരം പരിഗണിക്കുക. ലോകത്തെപ്പറ്റിയുള്ള നമ്മുടെ ബോധ്യങ്ങൾ എന്തുതന്നെ ആയാലും,  ത്രികോണത്തെപ്പറ്റി മേൽപറഞ്ഞ കാര്യം, യൂക്ലിഡിന്റെ ജ്യോമിതിയിൽ, മാറ്റമില്ലാതെ നിലകൊള്ളും. അത്, സംശയയാതീതമായി ചരിത്രാതീതമായ നേരായി വർത്തിക്കും. ഗണിതപരമായ ധാരണകളുടെ പൊതുസവിശേഷതയാണ് മേല്പറഞ്ഞ വിധിത്തിലുള്ള ഉറപ്പ്. ദൈവസങ്കല്പങ്ങൾ പോലും ചരിത്രബദ്ധമായിരിക്കുമ്പോഴാണ് സന്ദേഹരഹിതവും സുസ്ഥിരവുമായ അറിവിനു ഗണിതശാസ്ത്രം സാധ്യത നല്കുന്നത്. സന്ദേഹരഹിതമായ അറിവ് സാദ്ധ്യമാക്കുന്നതിനാൽ, ജ്യോമിതീയജ്ഞാനസ്വരൂപത്തെ അറിവിന്റെ പരമോന്നത മാതൃകയായി കണക്കാക്കിയിരുന്നു. മേല്പറഞ്ഞതരം സന്ദേഹരഹിതമായ അറിവ് എല്ലാത്തുറകളിൽ നിന്നും ലഭ്യമായ ഒന്നല്ല. ഐന്ദ്രിയമായ യാതൊരറിവിനും മേല്പറഞ്ഞ സവിശേഷതയില്ലെന്ന് കാണാവുന്നതാണ്. ഉദാഹരണത്തിന് രുചി. ജലദോഷം ഉള്ളപ്പോൾ ഭക്ഷണത്തിനു രുചി വ്യത്യാസം അനുഭവപ്പെടും. എന്നാൽ, ജലദോഷാദി അവസ്ഥകളൊന്നും ത്രികോണപ്പറ്റിയുള്ള നമ്മുടെ അറിനെ ബാധിക്കുകയില്ല. ഇപ്രകാരം, നിർദ്ധാരണപരമായ, സന്ദേഹരഹിതമായ, സവിശേഷമായ അറിവ്  എന്നതായിരുന്നു സയൻസിന്റെ ആദ്യകാല വിവക്ഷ. എന്നാൽ, ഇന്ന് സയൻസിനു മേല്പറഞ്ഞ അർത്ഥമല്ല ഉള്ളത്. മറിച്ച്, മാറ്റമുള്ളതും തെറ്റിപ്പോയേക്കാവുന്നതുമായ ജ്ഞാനമാണ്, ഇന്ന് സയൻസ്. കാൾ പോപ്പറിനു ശേഷം, തെറ്റാണെന്ന് തെളിയിക്കപ്പെടാനുള്ള സാധ്യത അഥവാ പ്രമാദവൽക്കരണക്ഷമത (falsifiability) സയൻസിന്റെ മുഖ്യസവിശേഷതയായി ശാസ്ത്രജ്ഞരടക്കം പരിഗണിക്കുന്നുണ്ട്. അതായാത്, അനവധി പരിണാമങ്ങളിലൂടെ സയൻസ് എന്ന വാക്ക് എത്തിച്ചേർന്ന അർത്ഥമാണ് ഇപ്പോൾ പ്രയോഗത്തിലുള്ളത്. 
ശാസ്ത്രം
ശാസ്ത്രം എന്ന വാക്ക്  പലതരത്തിൽ  പ്രയോഗിക്കപ്പെടുന്ന ഒന്നാണ്. ശാസിക്കപെട്ടത്  എന്ന മൂലാർത്ഥ പ്രകാരം, ക്രമീകരിക്കപ്പെട്ട  അല്ലെങ്കിൽ വ്യവസ്ഥാപിതമായ ഏതൊരു സംരംഭത്തെയും ഇന്ത്യയിൽ ശാസ്ത്രമെന്ന് വിളിച്ചുപോന്നു. ഇപ്രകാരം വിവിധങ്ങളായ ശാസ്ത്രങ്ങൾ ഇന്ത്യയിൽ ലഭ്യമാണ്. പക്ഷിശാസ്ത്രം ഹസ്തരേഖാശാസ്ത്രം വ്യാകരണ ശാസ്ത്രം സൗന്ദര്യശാസ്ത്രം നാട്യശാസ്ത്രം തുടങ്ങിയവ ഉദാഹരണങ്ങളാണ്.  ഇവയെക്കൂടാതെ ശാസ്ത്രീയസംഗീതം, ശാസ്ത്രീയനൃത്തം എന്നിങ്ങനെയും ശാസ്ത്രം പ്രയോഗിക്കപ്പെടുന്നുണ്ട്. മേൽപ്രസ്താവിച്ച പ്രയോഗങ്ങളിൽ വ്യവസ്ഥാപിതം എന്ന അർത്ഥമാണ്  ശാസ്ത്രത്തിന് പ്രാഥമികമായും ലഭ്യമാകുന്നത്. ഇവയെക്കൂടാതെ രീതിശാസ്ത്രം (Methodology) എന്നതിലും ശാസ്ത്രപ്രയോഗമുണ്ട്.  “logy” (യുക്തി എന്ന് അർത്ഥം കല്പിക്കാവുന്ന ഗ്രീക്ക് പദമായാ logos ൽ നിന്നുമാണ് logy യുടെ  ഉല്പത്തി) എന്നതിനു തുല്യമായാണ് ഇവിടെ ശാസ്ത്രം പ്രവർത്തിക്കുന്നത്. ചിട്ടയോടെ വിഷയങ്ങൾ പ്രതിപാദിക്കുന്നതുകൊണ്ടാകണം ഫിലോസഫിയുടെ മലയാളമായി തത്വശാസ്ത്രം എന്ന് പ്രയോഗിക്കാറുണ്ട്. ഇതേപോലെ, ദർശനശാസ്ത്രമെന്നും പ്രമാണ ശാസ്ത്രമെന്നും ഫിലോസഫിയെ വിളിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ സയൻസ് എന്ന അർത്ഥത്തിലും ശാസ്ത്രം എന്നുതന്നെയാണ്  പ്രയോഗിക്കുന്നത്.  നാമമായും വിശേഷണമായും “ശാസ്ത്രം" ഭാഷയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു. അതായത്  സയൻസിനില്ലാത്ത പല പ്രയോഗസ്ഥാനങ്ങളും ശാസ്ത്രത്തിനുണ്ട്.
    വാക്കിൻറെ പ്രയോഗത്തിന്റെ നാൾവഴികൾ സയൻസിനെ പറ്റിയുള്ള തത്ത്വചിന്താപരമായ അന്വേഷണങ്ങൾക്ക് പ്രധാനപ്പെട്ട ഒന്നാണ്. ഹസ്തരേഖാശാസ്ത്രം സൗന്ദര്യശാസ്ത്രം ശാസ്ത്രീയ സംഗീതം എന്നീ പ്രയോഗസ്ഥാനങ്ങളിൽ നിന്നും വ്യതിരിക്തമായ അർത്ഥമാണ് സയൻസിന്റെ മലയാളമായി ശാസ്ത്രം എന്ന് പ്രയോഗിക്കുമ്പോൾ ലഭിക്കുന്നത്. അതുകൊണ്ട് ശാസ്ത്രം എന്ന വാക്കിൻറെ മലയാളത്തിലെ പ്രയോഗ ചരിത്രം സയൻസിനെ പറ്റിയുള്ള ആലോചനകളിൽ പ്രധാനമാണ്.
സയൻസ് എന്ന അർത്ഥം ശാസ്ത്രത്തിന് കൈവരുന്നത് താരതമ്യേന സമീപകാലത്താണെന്ന് കരുതാവുന്നതാണ്. മലയാളത്തിലെ ആദ്യനിഘണ്ടുവായ ഗുണ്ടർട്ട് നിഘണ്ടുവിൽ (1872) ശാസ്ത്രത്തിന് സയൻസ് എന്ന അർത്ഥം പ്രധാനമായി കൽപ്പിക്കുന്നില്ല. തന്നെയുമല്ല ഭാരതീയ പാരമ്പര്യപ്രകാരമുള്ള ആറുശാസ്ത്രങ്ങളെ ഗുണ്ടർട്ട് ശാസ്ത്രമായി പ്രതിപാദിക്കുന്നുമുണ്ട്. ആറും നാലും (ആറുശാസ്ത്രവും നാലു വേദവും) തൻറെ ചക്കിൽ ആടും എന്ന എഴുത്തച്ഛൻറെ വിഖ്യാതമാ മൊഴിയിൽ സൂചിതമാകുന്ന ശാസ്ത്രത്തിലാണ്  ഗുണ്ടർട്ട് പ്രാധാന്യം കൊടുക്കുന്നത്. ഇപ്പറയുന്ന ആറുശാസ്ത്രവും  ഇപ്പോൾ സയൻസായി പരിഗണിക്കുന്നവയല്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്. ശാസ്ത്രത്തിന് ഗുണ്ടർട്ട് നൽകുന്ന മറ്റൊരർത്ഥം വേദം (Scripture) എന്നാണ്. “പണ്ഡിതരെ ശാസ്ത്രപുസ്തകം തൊട്ട് സത്യം ചെയ്യുക” എന്നതാണ്  ഗുണ്ടർട്ട് നൽകുന്ന അടയാളവാക്യം. (വേദപുസ്തകം എന്ന് നാം ബൈബിളിനെ വിളിക്കാറുണ്ടല്ലോ.) ശാസ്ത്രജ്ഞൻ എന്ന വാക്കിന് നൽകിയിരിക്കുന്ന അർത്ഥവും കൗതുകകരമാണ്. ബ്രഹ്മാണ്ഡപുരാണത്തെ ഉപജീവിച്ച്  ശാസ്ത്രാർത്ഥജ്ഞത്വം എന്നാണ് കൊടുത്തിരിക്കുന്നത്.  തുടർന്ന് ശാസ്ത്രവാൻ എന്ന്  മലയാളത്തിലും Savant  എന്ന് ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു. ഫ്രഞ്ച് പദമായ Savant ന്റെ പ്രയോഗം ശ്രദ്ധേയമാണ്. Savant എന്ന്  പതിനാലാം നൂറ്റാണ്ടിലെ ഉപയോഗിച്ചിരുന്ന ഫ്രഞ്ചിൽ അതിൻറെ അർത്ഥം  അറിവുള്ള ആൾ എന്നായിരുന്നു. വാക്കുകളുടെ പ്രയോഗങ്ങളുടെ ഒരു ശേഖരമാണ് നിഘണ്ടുക്കൾ എന്നു കരുതിയാൽ ഗുണ്ടർട്ട് നിഘണ്ടു രൂപപ്പെട്ട കാലത്ത്,  അതായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, ശാസ്ത്രത്തിന് സയൻസ് എന്ന അർത്ഥം പ്രയോഗസാധുവായിട്ടില്ല എന്ന് കരുതാം.
 നാം ഭാഷാ വിചാരം നടത്തിയത് കേവലം മൊഴിമാറ്റത്തിന്റെ പ്രശ്നങ്ങൾ പറയുവാൻ വേണ്ടി മാത്രമല്ല. മറിച്ച് വ്യത്യസ്ഥങ്ങളായ വാങ്മയങ്ങൾ, തത്വവിചാരത്തിൽ വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും എന്ന് സൂചിപ്പിക്കുവാൻ കൂടിയാണ്. ഉദാഹരണത്തിനു,  മലയാളത്തിൽ ശാസ്ത്രീയസംഗീതം എന്ന പ്രയോഗമുണ്ട്. അതുകൊണ്ട്, ശാസ്ത്രം എന്താണ് എന്ന് മലയാളത്തിൽ അന്വേഷിക്കുമ്പോൾ  ശാസ്ത്രീയസംഗീതത്തിലെ ശാസ്ത്രം എന്താണെന്ന് പറയാൻ നാം  നിർബന്ധിതരാകുന്നു. Classical Music എന്ന പ്രയോഗത്തിൽ സയൻസ് എന്ന വാക്ക് കടന്നുവരാത്തതിനാൽ സയൻസിനെ പറ്റി ഇംഗ്ലീഷിൽ അന്വേഷിക്കുമ്പോൾ മേല്പറഞ്ഞ പ്രശ്നം ഉണ്ടാകുന്നില്ല.
ശാസ്ത്രദർശനം (Philosophy of Science)
ശാസ്ത്രവും സയൻസും അതാതിന്റെ ഭാഷകളിൽ പ്രവർത്തിച്ചിരുന്നതിന്റെ ഏകദേശരൂപം നാം കണ്ടുകഴിഞ്ഞു. ഈ പദങ്ങൾ തമ്മിൽ സമ്പൂർണ്ണമായ ചേർച്ചയില്ലെന്നിരിക്കലും, പ്രയോഗഫലമായി ശാസ്ത്രത്തിനു സയൻസ് എന്ന അർത്ഥമം കൈവന്നിട്ടുണ്ട്. അതുകൊണ്ട്, തുടർന്നുള്ള കുറിപ്പുകളിൽ സയൻസിന്റെ മലയാളമൊഴിയായി നാം ശാസ്ത്രം എന്നുപയോഗിക്കും. സയൻസിനെ താത്വികമായി പഠിക്കുമ്പോൾ നമുക്ക് സയൻസിന്റെ തത്വചിന്ത ലഭിക്കും. ഇത് തത്വചിന്തയുടെ ഒരു ഉപവിഭാഗമാണ്. തത്വചിന്താപരമായി സയൻസിനെ സമീപിക്കുന്നതിനെ കുറിക്കുന്നതിനായി ഇംഗ്ലീഷിൽ Philosophy of Science എന്നാണ് വിളിക്കുന്നത്. ഇതിനു തുല്യമായ മലയാളപദമായി ശാസ്ത്രദർശനം എന്നുപയോഗിക്കാനാണ് നാം താല്പര്യപ്പെടുന്നത്. ഈ പ്രയോഗത്തിനും മേലേ പരിചയിച്ചതുപോലുള്ള ഭാഷാവിചാരം സാധ്യമാണ്. എന്നാൽ, ശാസ്ത്രദർശനം മലയാളത്തിൽ പ്രചുരപ്രചാരമുള്ള പ്രയോഗമോ, പഠനവിഷയമോ അല്ലാത്തതിനാൽ, അത്തമൊരു ഭാഷാവിചാരത്തിനു മുതിരുന്നില്ല. തുടരാലോചനകളിൽ, അതുകൊണ്ട്, ശാസ്ത്രം എന്ന് സയൻസിന്റെ മാലയാളമായും ശാസ്ത്രദർശനം എന്ന് Philosophy of Science ന്റെ മലയാളമായും ഉപയോഗിക്കുന്നു.
പ്രാധാനമായും മൂന്നുതരം അന്വേഷണങ്ങളാണ് ശാസ്ത്രദർശനത്തിൽ നടക്കുന്നത്.
ശാത്രത്തിന്റെ ജ്ഞാനശാത്രപരമായ (Epistemological) നിലമകളെപ്പറ്റിയുള്ള ആലോചനകൾ.
ശാസ്ത്രത്തിൻറെ അതിഭൗതിക (Metaphysical) നിലമകളെപ്പറ്റിയുള്ള അന്വേഷണങ്ങൾ.
ശാസ്ത്രത്തിനുള്ളിലെ പ്രവർത്തനങ്ങളിലും ശാസ്ത്രത്തിന്റെ പ്രവർത്തനത്തിലും മൂല്യങ്ങളുടെ (Normative) ഇടപെടലുകളെപ്പറ്റിയുള്ള അന്വേഷണങ്ങൾ.
“എന്താണ് ശാസ്ത്രം” എന്ന ചോദ്യത്തിലാണ് ശാസ്ത്രദർശനാന്വേഷണങ്ങൾ ആരംഭിക്കാറുള്ളത്. ഈ ചോദ്യത്തിന്റെ ഉത്തരത്തിന് ജ്ഞാനശാസ്ത്രപരവും അതിഭൗതികവുമായ നിലമകൾ മാത്രമല്ല രാഷ്ട്രീയവും നൈതികവുമായ വിവക്ഷകളുമുണ്ട്. ശാസ്ത്രമല്ലാത്തതുകൊണ്ട് നിങ്ങലുടെ ഹോമിയോബിരുദം അസാധുവാകുമ്പോൾ, കേവലം ഒരു ബിരുദം മാത്രമല്ല വൈദ്യശാസ്ത്രത്തിലെ നിങ്ങളുടെ അറിവും ഒരുപക്ഷേ, നിങ്ങളുടെ ജീവനോപാധിയും കൂടി അസാധുവാകും. ശാസ്ത്രീയമായാണോ നിർമ്മിച്ചത് എന്നത് ഒരു മരുന്ന് പ്രയോഗയുക്തമാക്കുന്നതിന്റെ മുന്നുപാധിയാണ്. അതുകൊണ്ട്, കേവലം ചിന്താവ്യായാമം എന്നതിന്നപ്പുറം പ്രായോഗികരാഷ്ട്രീയ വിവക്ഷകളുള്ള ചോദ്യമാണ് എന്താണ് ശാസ്ത്രം എന്നത്. ഇതിന്റെ ശാസ്ത്രദർശനപരമായ അന്വേഷണങ്ങൾ തുടർ കുറിപ്പുകളിൽ നാം പരിചയപ്പെടും. 
Reference.
Aydede, Murat, "The Language of Thought Hypothesis" The Stanford Encyclopedia of Philosophy (Fall 2015 Edition), Edward N. Zalta (ed.), URL = <https://plato.stanford.edu/archives/fall2015/entries/language-thought/>.
Dennet, Daniel. 2004. Intuition Pumps and Other Tools for Thinking. W. W. Norton & Company.
Galison, Peter. 2004.  Einstein’s Clocks and Poincare's Maps : Empires of Time, W. W. Norton & Company. Harvard
Grant, Edward .2007. A History of Natural Philosophy From the Ancient World to the Nineteenth Century Cambridge University Press, New York.
Gray, Jeremy, "Epistemology of Geometry", The Stanford Encyclopedia of Philosophy (Fall 2017 Edition), Edward N. Zalta (ed.), URL = <https://plato.stanford.edu/archives/fall2017/entries/epistemology-geometry/>.
Hacking, Ian. 1990.  Historical Ontology. Harvard University Press. Harvard.
Hessen, Boris. 2009. The Social and Economic Roots of Newton’s Principia, in Gideon Freudenthal Peter and Peter Mclaughlin (Eds.)  The Social and Economic Roots of the Scientific Revolution. Springer
Matamer, Peter. 1998. Galileo’s machines, his mathematics, and his experiments, in Peter Machamer (Ed.) The Cambridge Companion to Galileo. Cambridge University Press, Cambridge. 53-79
Mathilal, Bimal Krishna. 1986. Perception. Oxford University Press. New Delhi.
Rivka, Feldhay. 1998. The use and abuse of mathematical entities: Galileo and the Jesuits revisited in Peter Machamer (Ed.) The Cambridge Companion to Galileo. Cambridge University Press, Cambridge. 79-145.
Ross, Sydney. 1962. Scientist: The story of a word, Annals of Science, 18:2, 65-85, DOI: 10.1080/00033796200202722”
Torretti, Roberto, "Nineteenth Century Geometry", The Stanford Encyclopedia of Philosophy (Winter 2016 Edition), Edward N. Zalta (ed.), URL = <https://plato.stanford.edu/archives/win2016/entries/geometry-19th/>.
കേരളീയം ജൂലൈ  2019

About Me

My photo
ഗവേഷകന്‍. വിഷയം തത്വചിന്ത.

Followers