Tuesday, 19 February 2019

തെളിവിനെക്കുറിച്ച് ചില ചിന്തകൾ-2

എന്താണ് തെളിവ്, തെളിവിന്റെ വസ്തുനിഷ്ഠത എന്നാലെന്ത് എന്നീ കാര്യങ്ങളാണ്  ഈ കുറിപ്പിൽ പരിചയപ്പെടുത്തുന്നത്. അതിന്നു മുന്നോടിയായി ദത്തം (Data), പ്രതിഭാസം (Phenomena), തെളിവ് (Evidence) എന്നിവ തമ്മിലുള്ള വേർതിരിവിനെ മനസ്സിലാക്കേണ്ടതുണ്ട്.
ദത്തം പ്രതിഭാസം തെളിവ്
ലോകമാണ് ശാസ്ത്രത്തിന്റെ വിഷയം. ലോകത്തിന്റെ ഏത് വിഭാഗത്തെ അന്വേഷിക്കുന്നു എന്നതനുസരിച്ച് ശാസ്ത്രത്തെ പ്രകൃതിശാസ്ത്രം, സാമൂഹികശാസ്ത്രം എന്നെല്ലാം തിരിച്ചിരിക്കുന്നു. ഈ തിരിവുകൾ പ്രധാനമാണ്. കാരണം, എന്താണ് തെളിവായി വർത്തിക്കേണ്ടതെന്ന് നിശ്ചയിക്കുന്നത് അന്വേഷണത്തിന്റെ രീതിശാസ്ത്രമാണ്. രീതിശാസ്ത്രമാകട്ടെ എന്തിന്നെ അന്വേഷിക്കുന്നു, എന്തിന്നായി അന്വേഷിക്കുന്നു എന്നിവകളാൽ നിർണ്ണീതമാണ്. ഉദാഹരണത്തിന്, സാമ്പത്തികശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും തെളിവായി വർത്തിക്കുന്നവകൾ വ്യത്യസ്ഥമാണ്. അതുകൊണ്ട് തെളിവായി പ്രവർത്തിക്കുന്നത് എന്താണെന്നും, പ്രതിഭാസം എന്തെന്നും വ്യവച്ഛേദിച്ചറിയേണ്ടതുണ്ട്.
ദത്തവും പ്രതിഭാസവും
ജെയിംസ് ബോഗനും ജെയിംസ് വുഡ്വേർഡും ചേർന്ന് 1988 ൽ പ്രസിദ്ധം ചെയ്ത പ്രബന്ധത്തിലാണ് ദത്തവും പ്രതിഭാസവും തമ്മിലുള്ള വേർതിരിവ് സുവിദിതമായി സ്ഥാപിച്ചത്. ഇവരുടെ വാദപ്രകാരം, ലോകത്തെപ്പറ്റിയുള്ള വിവരത്തിന്റെ രേഖയാണ് ദത്തം. മറ്റൊരു തരത്തിൽ പറഞ്ഞാൽ രേഖപ്പെടുത്തിയ നിരീക്ഷണമാണ് ദത്തം. ദത്തത്തിൽ നിന്നും രൂപ്പെടുത്തുന്ന സാർവ്വികവും ഗണിതപരവുമായ ഒന്നാണ് പ്രതിഭാസം. ഉദാഹരണത്തിന്, ജലത്തിന്റെ തിളനില അന്വേഷിക്കുക. അതറിയുന്നതിന്നായി, വെള്ളം ചൂടാക്കുകയും തിളയ്ക്കുമ്പോൾ തെർമ്മോമീറ്റർകൊണ്ട് താപനില രേഖപ്പെടുത്തുകയും ചെയ്യുന്നു. രേഖപ്പെടുത്തിയ താപനിലയാണ് ദത്തം. സാധാരണഗതിയിൽ മേല്പറഞ്ഞ പ്രക്രിയ പലവട്ടം ആവർത്തിക്കുകയും കിട്ടിയ തിളനിലകളുടെ ശാരാശരിയെ ജലത്തിന്റെ തിളനിലയായി കണക്കാക്കുകയും ചെയ്യും. ഇപ്രകാരം നിർണ്ണയിച്ച തിളനിലയാണ് പ്രതിഭാസം. ഓരോ തവണയും നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തത് ദത്തമാണ്. പ്രതിഭാസം (ഇവിടെ ജലത്തിന്റെ തിളനില) വ്യവസ്ഥാപരമായ വിശദീകരണത്തിനു വഴങ്ങും. പക്ഷേ, ദത്തം അങ്ങനല്ല. ജലത്തിന്റെ തിളനില എന്തുകൊണ്ട് 100 C ആയി എന്നതിനെ സൈദ്ധാന്തികമായി വിശദീകരിക്കാനാകും. എന്നാൽ, ഒരു പ്രത്യേക സമയത്ത് ദത്തമായി ലഭിച്ചത് 99.99 C ആയതോ മറ്റൊരു സമയത്ത് അത് 100.1 C ആയതോ എന്തുകൊണ്ടെന്ന് വിശദമാക്കുവാൻ സാധിക്കുകയില്ല. കാരണം, ഒരു പ്രത്യേക സമയത്ത്, ഉദാഹരണത്തിനു തിളനില 99.99C കിട്ടിയ സമയത്ത്, ആയതിനെ സ്വാധീനിച്ച ഘടകങ്ങൾ അനേകമാണ്. നിരീക്ഷണത്തിന്റെ കൃത്യത (നിരീക്ഷകയുടെ കാഴ്ച്ചശേഷി, നിരീക്ഷണത്തിലെ ചാതുര്യം തുടങ്ങിയവകൾ ഇതിനെ സ്വാധിനിക്കും), അന്നേരത്തെ അന്തരീക്ഷത്തിലെ വിവിധ സവിശേഷതകൾ (മർദ്ദം, ഈർപ്പം, താപനില, കാറ്റിന്റെ ഗതിവേഗം തുടങ്ങിയവകൾ), തെർമ്മോമീറ്റർ നിർമ്മിച്ചിരിക്കുന്ന പദാർത്ഥം ആഅന്നേരത്ത് പ്രവർത്തിച്ചതെങ്ങനെ തുടങ്ങി നമ്മുടെ വരുതിയിൽ നിൽക്കാത്തതും പൂർണ്ണമായി തിട്ടപ്പെടുത്താനാകാത്തതുമായ അനേകം ഘടകങ്ങളാണ് ഒരു പ്രത്യേക ദത്തത്തെ സ്വാധീനിക്കുന്നത്. ഇത്രയധികം കാര്യങ്ങളെ കണക്കിലെടുത്തുകൊണ്ട് വ്യവസ്ഥാപരമായ വിശദീകരണം അസാധ്യമാണ്. അതുകൊണ്ടാണ് ദത്തം വിശദീകരണത്തിന് വിധേയമല്ലെന്ന് പറയുന്നത്. എന്നാൽ, തിളനിലയെപ്പറ്റിയുള്ള സൈദ്ധാന്തിക വിശദീകരണങ്ങളിൽ നിന്നും എന്തുകൊണ്ടാണ് ജലത്തിന്റേത് 100C ആയതെന്ന് വിശദീകരിക്കാൻ സാധിക്കും.
    ദത്തവും പ്രതിഭാസവും തമ്മിലുള്ള മറ്റൊരു വ്യാത്യാസം നിരീക്ഷണത്തിനുപയോഗിക്കുന്ന ഉപകരണത്തിനനുസരിച്ച് ദത്തം വിവിധരൂപത്തിൽ ലഭിക്കും. എന്നാൽ പ്രതിഭാസം നിരീക്ഷണത്തിന്റെ സ്വാഭാവത്തിന്നനുസരിച്ച് മാറുന്നില്ല.  ആറ്റത്തെ പഠിക്കുവാൻ വിൽസൺ ചേമ്പർ (Wilson Cloud Chamber) ഉപയോഗിക്കുമ്പോൾ ഫോട്ടോഗ്രാഫുകളായും ഗീഗർ കൗണ്ടർ (Geiger Counter) ഉപയോഗിച്ചാൽ സ്ഫുരണങ്ങളുടെ എണ്ണമായുമാണ് ദത്തം ലഭിക്കുന്നത്. അതായത് ഒരേ പ്രതിഭാസത്തെ സംബന്ധിക്കുന്ന ദത്തം പലരൂപത്തിൽ ലഭിക്കും. അതുപോലേ, സർവ്വേഫലങ്ങൾ കേവലം അക്കങ്ങളായാണ് ലഭിക്കുക. അതും ദത്തമാണ്. ദത്തത്തെ പ്രതിഭാസത്തെ വിശദീകരിക്കുന്നതിനും മനസ്സിലാക്കുന്നതിനും ഉപയോഗിക്കുന്നു. ആത്യന്തികമായി പ്രതിഭാസമാണ് ശാസ്ത്രത്തിന്റെ താല്പര്യം. അതിനെയാണ്, അന്വേഷിക്കുന്നതും ഗണിതപരമായി അവതരിപ്പിക്കുന്നതും വ്യാഖ്യാനിക്കുന്നതും.  ലോകം നേരിട്ട് നൽകുന്നതും മിക്കവാറും സമയങ്ങളിൽ നിരീക്ഷണക്ഷമമാകുന്നതും ദത്തമാണ്. അല്ലെങ്കിൽ, ലോകത്തെ പ്രത്യേകവിധത്തിൽ ക്രമീകരിച്ച് നാം നേടുന്നതാണ് ദത്തം. ഇത്തരത്തിൽ ലോകത്തെ (ലോകത്തിലെ നമുക്ക് താല്പര്യമുള്ള ഭാഗത്തെ) ക്രമീകരിക്കുകയാണ് നാം പരീക്ഷണങ്ങളിൽ ചെയ്യുന്നത്. ഏതെങ്കിലും തരത്തിൽ പ്രതിഭാസവുമായി ബന്ധപ്പെടുത്താനാകാതെ പോകുന്ന ദത്തം വ്യർത്ഥമാണ്. പലപ്പോഴും പരീക്ഷണം പരാജയപ്പെട്ടു എന്നു പറയുന്നത്  ഈ അർത്ഥത്തിലാണ്. അതായത്, അത് നൽകിയ ദത്തം ഉപയോഗശൂന്യമാണ്. ദത്തവും പ്രതിഭാസവും താർക്കികമായി വേർതിരിക്കണമെന്നാണ് ഇതുവരെ പറഞ്ഞത്. ദത്തവും തെളിവും തമ്മിലുള്ള ബന്ധത്തെ പരിശോധിക്കുകയാണ് ഇനി.
ദത്തവും തെളിവും
ന്യൂനതമമായി പറഞ്ഞാൽ ഒരു സിദ്ധാന്തത്തോടോ പരികല്പനയോടോ ദത്തത്തെ ബന്ധിക്കുമ്പോഴാണ് തെളിവ് ഉണ്ടാകന്നത്.  അതായത്, ദത്തവുംസിദ്ധാന്തവും /പരികല്പനയും തമ്മിലുള്ള ബന്ധമാണ് തെളിവ്. കേവല രൂപത്തിലുള്ള ദത്തം തെളിവല്ല. ഉദാഹരണത്തിനു, യാതൊന്നിനോടും ബന്ധിപ്പിക്കപ്പെടാത്ത സർവ്വേഫലം കേവലദത്തമാണ്. അത് തെളിവല്ല. 2013 നു ശേഷം പ്രതിവർഷം 12000 കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന് കേന്ദ്രഗവൺമെന്റ് സുപ്രീം കോടതിയിൽ അറിയിക്കുകയുണ്ടായി എന്ന് 2017 മെയ് 3 ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പ്രതിവർഷം 12000 കർഷകർ ആത്മഹത്യ ചെയ്യുന്നു എന്നത് കേവലദത്തമാണ്. അതൊരു വസ്തുതയാണ്. സർക്കാരിന്റെ നയങ്ങൾ, വികസന നിലപാടുകൾ തുടങ്ങിയവകളോട് ബന്ധപ്പെടുത്തുമ്പോൾ ഈ ദത്തം തെളിവായി മാറുന്നു. ദത്തത്തിന്റെ വാസ്തവികത തെളിവിന്റെ സാധുതയ്ക്ക് പരമപ്രധാനമാണ്. 2016 മുതൽ കർഷക ആത്മത്യയെപ്പറ്റിയുള്ള കണക്കുകൾ ലഭ്യമല്ലന്ന് കാർഷിക വകുപ്പ് മന്ത്രി പാർലമെന്റിൽ പറഞ്ഞതായി 2018 ഡിസംബർ 20 നു NDTV റിപ്പോർട്ട് ചെയ്യുന്നുണ്ട്. അങ്ങിനെങ്കിൽ, ആദ്യത്തെ ദത്തത്തെ സംശയിക്കാവുന്നതാണ്. ആകയാൽ, അതിൽ നിന്നും രൂപപ്പെടുത്തിയ തെളിവും സംശയിക്കപ്പെടും. പറഞ്ഞു വന്നത്, ദത്തവും സിദ്ധാന്തവും തമ്മിലുള്ള ബന്ധമാണ് തെളിവ് എന്നാണ്. തെളിവിനെപ്പറ്റിയുള്ള സങ്കല്പനങ്ങൾ ഈ ബന്ധത്തെ വിശേഷാർത്ഥത്തിൽ രൂപപ്പെടുത്തുകയും അവതരിപ്പിക്കുകയുമാണ് ചെയ്യുന്നത്. 
ദത്തം വെറുതേ നിരത്തിയാൽ തെളിവാകില്ല. അതിന്റെ സവിശേഷമായ ക്രമീകരണവും  സിദ്ധാന്തത്തിന്റെ സാമീപ്യവും തെളിവുണ്ടാക്കുന്നതിന് ആവശ്യമാണ്. എന്നാൽ, ദത്തംതന്നെ സിദ്ധാന്തങ്ങളാലോ മുൻധാരണകളാലോ അനുനയിക്കപ്പെട്ടാലോ? ഇതിന്നു പ്രത്യക്ഷമാണ് ഇനി.  ഒരാൾ കുളത്തിൽ മുങ്ങി ഒരു കല്ലെടുത്തു വരുന്നു. ഈ പ്രവൃത്തി കണ്ട എല്ലാവരും എന്താണ് നടന്നത് എന്നതിൽ ഐക്യപ്പെടുന്നു എന്നു കരുതുക. കണ്ടകാര്യങ്ങളാണ് അഥവാ അവയെ ഏതെങ്കിലും തരത്തിൽ രേഖപ്പെടുത്തിയതാണ് ഇവിടെ ദത്തം. ദത്തം വസ്തുനിഷ്ഠമാണെന്ന് പറയുമ്പോൾ സംഭവിച്ചത് എന്തെന്നതിലും അതിന്റെ വിവരണത്തിലും നാം ഐക്യപ്പെടുന്നു എന്നാണ് ഏറ്റവും ന്യൂനതമമായി അർത്ഥമാക്കുന്നത്. വസ്തുവിനെ സംബന്ധിച്ചതുമാത്രം എന്ന രീതിയിൽ ദത്തം വാസ്തവമാണെന്നും ആകയാൽ വസ്തുനിഷ്ഠമാണെന്നും കരുതാവുന്നതാണ്. എന്നാൽ, ദത്തത്തിന്റെ രൂപീകരണത്തിൽ (വിഷയസ്വീകരണം, നിരീക്ഷണം, ശേഖരണം തുടങ്ങിയ പ്രവർത്തനങ്ങളിൽ) അന്വേഷകയുടെ ആത്മനിഷ്ഠത കലരുവാനിടയുള്ളതിനാൽ രണ്ടാമത് സൂചിപ്പിച്ച രീതിയിലുള്ള വസ്തുനിഷ്ഠത പലപ്പോഴും നിശ്ചയിക്കാൻ കഴിയില്ല. അതായത്, ഏറിയും കുറഞ്ഞുമായ അളവിൽ ദത്തവും സിദ്ധാന്തങ്ങളാൽ നയിക്കപ്പെടാം. കുളത്തിൽ നിന്നും കല്ലെടുക്കുന്ന ലളിതമായ പ്രവൃത്തി പോലും വ്യാഖ്യാനപരമായി അവതരിപ്പിക്കപ്പെടാം. ശ്രീ നാരായണന്റെ അരുവിപ്പുറം പ്രതിഷ്ഠയെപ്പറ്റി പി. സുഭദ്ര വിവരിക്കുന്നത് ശ്രദ്ധിക്കുക.
“കൊല്ലവർഷം 1063 ൽ കാട്ടുപ്രദേശമായ അരുവിപ്പുറത്തെത്തി. നാനാമതക്കാരും അവിടെയെത്തി. അരുവിപ്പുറത്ത് ഒരു ആരാധനാലയം വേണമെന്ന് സ്വാമി ആഗ്രഹിച്ചു. കൊല്ലവർഷം 1063 (1888) ലെ ഒരു ശിവരാത്രിദിനത്തിൽ അർദ്ധരാത്രിയിൽ തന്നിൽത്തന്നെ ലയിച്ചിരുന്ന സ്വാമി എഴുന്നേറ്റ് ആരോടും മിണ്ടാതെ ആറ്റിലേക്ക് നടന്നു. ആറിന്റെ ആഴമുള്ള ഭാഗത്ത് ചിരപരിചിതനെപ്പോലെ ഇറങ്ങി മുങ്ങി. ഒരു ശിവലിംഗവുമായി പൊങ്ങിവന്നു” ( 2016, 20. Emphasis added). ഈ വിവരണത്തിൽ ഗുരു ശിവലിംഗവുമായി പൊങ്ങിവരികയാണ്. നാരായണൻ കല്ലെടുത്തുകൊണ്ടു വന്ന് അതിനെ ശിവലിംഗമാക്കുന്നതും ശിവലിംഗം എടുത്തുകൊണ്ടുവന്ന് അതിനെ പ്രതിഷ്ഠിക്കുന്നതും രണ്ട് പ്രവർത്തനങ്ങളാണ്. ഇവകളുടെ താന്ത്രികവും രാഷ്ട്രീയവുമായ വിവക്ഷകളും സാംഗത്യവും വേറെയാണ്. എന്നാൽ, നാരായാണൻ ആറിൽ മുങ്ങി കല്ലെടുത്ത് പ്രതിഷ്ഠിക്കുന്നത് അനേകർ കണ്ടാണ്. പക്ഷേ, വിവരണത്തിൽ വ്യത്യാസമ വരുന്നു.  ഇതിന്നർത്ഥം, എന്താണ് സംഭവിച്ചതെന്നും എന്താണ് കണ്ടെതന്നും തമ്മിൽ അനുരൂപ്പെടുമ്പോഴും വിവരണം വസ്തുനിഷ്ഠമാകാതിരിക്കാമെന്നാണ്. വിവരണം എല്ലായ്പോഴും നിഷ്കളങ്കമോ പക്ഷരഹിതമോ അല്ലെന്നും നിരൂപിക്കാം. അതായത്, കേവലദത്തം പോലും മുൻധാരണകളാൽ നയിക്കപ്പെടാം. ഇതിന്ന് തെളിവിനപ്പറ്റിയുള്ള വിചാരങ്ങളിൽ സവിശേഷപ്രാധാന്യമുണ്ട്. അതെപ്പറ്റിയുള്ള വിചാരങ്ങൾ അടുത്തകുറിപ്പിൽ.
കേരളീയം, ഫെബ്രുവരി, 2019.
റഫറൻസ്
Apel, Jochen. 2011, On the Meaning and the Epistemological Relevance of the Notion of a Scientific Phenomenon, Synthese 182: 23–38.
Bogen, James. 2011, Data and Phenomena: a Restatement and Defense, Synthese 182: 165–179Basu, Prajit. K. 2003, Theory-ladenness of Evidence: A Case Study from History of Chemistry, Studies in History and Philosophy of Science 34: 351–368.

Bogen, James and James Woodward. 1988, Saving the Phenomena, The Philosophical Review 97: 303-352.
Hempel. Carl G. 1965, Aspects of Scientific Explanation, New York: Free Press.

Reiss, Julian. 2015. Causation, Evidence and Inference, Routledge: New York.
സുഭദ്ര, പി. 2016. ശ്രീ നാരായണ ഗുരു മഹാപ്രവാചകനായാ മൈത്രേയൻ. കരന്റ് ബുക്സ്. കോട്ടയം.

തെളിവിനെക്കുറിച്ച് ചില ചിന്തകൾ-1

തെളിവ് (Evidence) എന്ന സങ്കല്പനത്തിനെക്കുറിച്ച് പ്രാഥമീകമായ ചില കാര്യങ്ങളാണ് ഈ കുറിപ്പ് വിശദീകരിക്കുന്നത്. തെളിവ് ആവശ്യമാകുന്ന സാഹചര്യവും തെളിവിന്റെ രണ്ടു വിവക്ഷകളുമാണ് ഇതിൽ പരാമർശിക്കപ്പെടുന്നത്.
തെളിവിന്റെ ആവശ്യകത.
എപ്പോഴാണ് നാം തെളിവ് ചോദിക്കുന്നത്? അല്പവിശ്വാസികളാണ് അടയാളം ചോദിക്കുന്നതെന്ന് പുതിയ നിയമം. കാണുന്നതിനെ മാത്രം വിശ്വസിക്കുന്ന, സന്ദേഹികൂടിയായ ക്രിസ്തുശിഷ്യൻ തോമസ്, ദൈവപുത്രനെ മൂന്നുവട്ടം തള്ളിപ്പറഞ്ഞു. വിശ്വാസത്തിലെ ചാഞ്ചല്യം അഭികാമ്യമല്ലെന്ന് സാരം.  പഴയനിയമത്തിലെ മോശയും അല്പവിശ്വാസികൾക്കായി അടയാളം കാണിക്കുന്നുണ്ട്. ഇതിലെല്ലാം, ദൈവപുത്രന്റെ അല്ലെങ്കിൽ മോശയുടെ അതുവഴി ദൈവത്തിന്റെ ആധികാരികതയിൽ വിശ്വസിക്കുവാനാണ് ആവശ്യപ്പെടുന്നത്. പുതിയനിയമത്തലാകട്ടെ വചനമാണ് തെളിവ്. വചനം ഘോഷിക്കേണ്ടതാകുന്നു. ഭാരതീയ തത്വചിന്തയിലെ ശബ്ദപ്രമാണത്തോട് ഇതിനു ചില സാമ്യങ്ങൾ കാണാം.  പറയുന്ന ആളിന്റെ ആധികാരകത ഇവിടെ പരമപ്രധാനമാണ്. തെളിവിന്റെ സാംഗത്യം വലിയോരളവിൽ അതുമായി ബന്ധപ്പെട്ടാണ് നിലനിൽക്കുന്നത്. കുടുതൽ ശ്രദ്ധിച്ചാൽ ഭൗതികേതരമായ നിലമകളിലാണ് മേൽപറഞ്ഞതരം വ്യവഹാരങ്ങൾ തെളിവുകളെ ഉറപ്പിച്ചിരിക്കുന്നതെന്ന് കാണാനാകും. ദൈവത്തിലുള്ള വിശ്വാസമാണ് മതത്തിന്നുള്ളിൽ തെളിവുകൾക്ക് ഉറപ്പ് നൽകുന്നത്. ദൈവത്തിലുള്ള വിശ്വാസം അവന്റെ പരമാധികാരത്തിലും നീതിബോധത്തിലും വിവേചനക്ഷമതയിലുമൊക്കെയായി വ്യാപിച്ച് മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന നിയതിയുടെ കൈയ്യായി വളർന്നു നിൽക്കുന്നു. ഈ കാഴ്ച്ചപ്പാടിൽ, ദൈവവിശ്വാസം അതിന്റെ തുടർച്ചയിൽ വരുന്ന എല്ലാറ്റിനേയും സാധൂകരിയ്ക്കുന്ന അടിത്തറയായി വർത്തിക്കുന്നു. ഈ വ്യവസ്ഥയിൽ തെളിവ് ചോദിക്കുക എന്നത്, ബൈബിൾ പറയുമ്പോലെ, അല്പവിശ്വാസത്തിന്റെ അടയാളമാണ്. ഭാരതത്തിലേക്ക് ശ്രദ്ധിച്ചാൽ, ഗീതോപദേശാവസാനവും പാർത്ഥന് സന്ദേഹമൊഴിയാതെ വരുമ്പോൾ വിരാട്സ്വരൂപം കാണിക്കുകയാണ് ഭഗവാൻ ചെയ്യുന്നത്. ഭയചകിതനായ പാർത്ഥൻ സന്ദേഹരഹിതനായി കൊല്ലാനൊരുങ്ങുകയും ചെയ്യുന്നു. വ്യത്യസ്ഥകാലങ്ങളിലും സംസ്കാരങ്ങളിലും “തെളിവ്” പ്രവർത്തിച്ചിരുന്നതെങ്ങനെ എന്നതിന്റെ ചില സ്ഫുരണങ്ങളാണ് നാം കണ്ടത്. ഇതിന്നർത്ഥം നാം ഇന്ന് പരിചയിച്ചിരിക്കുന്ന വിധത്തിൽ തെളിവ് എന്ന സങ്കല്പനം പുതിയതാണ് എന്നുമാണ്.
    മേല്പറഞ്ഞ ലോകവീക്ഷണങ്ങളിൽ നിന്നും മാറി ശാസ്ത്രത്തിന്റെ, വിശേഷിച്ചും ആധുനിക ശാസ്ത്രത്തിന്റെ, ലോകവീക്ഷണത്തിലേയ്ക്ക് വരുമ്പോൾ വിരാട് സ്വരൂപങ്ങൾക്കോ ഭൗതികേതര അസ്ഥിത്വങ്ങൾക്കോ തെളിവുനിർമ്മാണത്തിൽ സാധുത ഇല്ലാതാകുന്നു എന്ന് കാണാം. തന്നെയുമല്ല ശബ്ദപ്രമാണത്തിന് സംശയരഹിതമായ സാധുതയും ഇല്ല. ഏതൊന്നിനേയും സംശയിയ്ക്കാനുള്ള സാധ്യതയുണ്ട് താനും. ഇങ്ങനെ നോക്കുമ്പോൾ, ജ്ഞാനശാസ്ത്രപരമായി ഏവർക്കും തുല്യത നൽകുന്ന ഒരു പ്രകരണത്തിലാണ് സയൻസ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഏത് അഭിപ്രായത്തിനേയും അത് പറയുന്ന അളിന്റെ ആധികാരികതയല്ലാത്ത മറ്റെന്തെങ്കിലും കൊണ്ട് സാധൂകരിക്കേണ്ടത് ആവശ്യമായിവരുന്നു. ഈ നിലമയിലാണ് ശാസ്ത്രത്തിൽ തെളിവ് പ്രവർത്തിക്കുന്നത്. ഇത് ജനാധിപത്യപരമായ ഒരു പ്രവർത്തനവുമാണ്. ശാസ്ത്രത്തിലെ വസ്തുനിഷ്ഠതയെ വിശകലനം ചെയ്യുമ്പോൾ, വസ്തുനിഷ്ഠത എന്ന മൂല്യത്തെ അഭികാമ്യവും അനിവാര്യവുമാക്കിയതിൽ ജനാധിപത്യം എന്ന മൂല്യക്രമം പ്രവർത്തിച്ചിട്ടുണ്ടെന്ന ഇയാൻ ഹാക്കിംഗിന്റെ (2015) നിരീക്ഷിണത്തിന് ഇവിടെ സാംഗത്യമുണ്ട്. തെളിവിന്റെ വസ്തുനിഷ്ഠത ശാസ്ത്രത്തിന്റെ വസ്തുനിഷ്ഠതയുമായി അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നതിനാൽ മേല്പറഞ്ഞ വിചാരം വിശേഷാൽ പ്രാധാന്യമർഹിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ, ജനാധിപത്യപരമായ മൂല്യക്രമം ആധുനികശാസ്ത്രത്തിൽ തെളിവ് എന്ന സങ്കല്പനത്തിന്റെ പൂർവ്വനിലമയായി വർത്തിക്കുന്നുണ്ട്.
തെളിവിന്റെ രണ്ട് വിവക്ഷകൾ
ശാസ്ത്രദർശനത്തിൽ തെളിവിന് പിന്തുണ (Support) എന്നും സാധൂകരണം (Warrant) എന്നും രണ്ട് വിവക്ഷകൾ പറയുന്നുണ്ട്. ഇതിനെ ഇപ്രകാരം വിശദമാക്കാം. H എന്ന പരികല്പനയുടെ (Hypothesis) തെളിവാണ് E എന്ന് കരുതുക. H ശരിയാണ് അല്ലെങ്കിൽ സത്യമാണ് എന്നതിന്റെ സൂചനയാണ് E എന്ന് പരിഗണിക്കുമ്പോൾ അത് പിന്തുണയാണ്. അതായത് പരികല്പന ശരിയാണ് എന്നതിനെ തെളിവ്  പിന്തുണയ്ക്കുന്നു. പരികല്പനയിൽ (H) സങ്കല്പിച്ചതുപോലാണ് ലോകം എന്നാണ് അത് സത്യമാണ് എന്നതിന്റെ അർത്ഥം. അതായാത്, H എന്തിന്നെപ്പറ്റിയാണോ അത് ആ സങ്കല്പത്തോട് അനുരൂപപ്പെടുന്നുണ്ട്. പിന്തുണ പ്രധാനമായും നാം ശേഖരിച്ച വിവരങ്ങളുടെ വസ്തുതയുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. ഉദാഹരണത്തിനു, കൊലപാതകത്തിന്നായി ഉപയോഗിച്ച കത്തിയിൽ പ്രതിയായി സംശയിക്കപ്പെടുന്ന ആളുടെ വിരലടയാളം കണ്ടെത്തിയത് അയാളാണ് കൊലയാളി എന്ന പരികല്പനയെ പിന്തുണയ്ക്കുന്നു. ഇവിടെ, ഇതേ കത്തിയാണ് കൊലയ്ക്കുപയോഗിച്ചത്, അതിലെ വിരലടയാളം പ്രതിയായി സംശയിക്കുന്ന ആളുടേതാണ് തുടങ്ങിയ വിവരങ്ങളിലെ വസ്തുത തെളിവിന്റെ സാംഗത്യത്തിന്റെ അടിസ്ഥാനമാണ്.  ഇവയിലെ പിഴവ് തെളിവിന്റെ നിലനിൽപ്പിനെ ബാധിക്കും.
    സാധൂകരണം എന്ന നിലയിൽ വർത്തിക്കുമ്പോൾ തെളിവിൽ നിന്നും, അതായാത് E യിൽ നിന്നും പരികല്പന H നെ നിർദ്ധാരണം ചെയ്യാനാകുന്നു. നാം ശേഖരിച്ച വിവരങ്ങൾ, രൂപീകരിയ്ക്കപ്പെട്ട പരികല്പനയെ ശരിവയ്ക്കുന്നുണ്ട് എന്ന അർത്ഥത്തിലാണ് ഇവിടെ തെളിവ് പ്രവർത്തിക്കുന്നത്. E തെളിവായി വർത്തിക്കുന്നത് അതിന് H നെ പിന്തുണയ്ക്കാനാകുമ്പോൾ മാത്രമാണ്. പിന്തുണനാക്ഷമതE യുടെ തെളിവ് എന്ന പദവിയ്ക്ക് അനിവാര്യമാണ്. എന്നാൽ, സാധൂകരണം അപ്രകാരമല്ല. പരികല്പനയെ സാധൂകരിയ്ക്കാൻ തെളിവിനു സാധിക്കുന്നു എന്നത് പരികല്പനയെ പൂർണ്ണമായും ശരിവയ്ക്കുന്നില്ല. ഉദാഹരണത്തിന്, കത്തിയിൽ നിന്നും വിരലടയാളം കിട്ടിയതുകൊണ്ട് ആ വിരലടയാളത്തിന്റെ ഉടമയാണ് കൊലപാതകി എന്ന് ഉറപ്പിക്കാൻ കഴിയില്ല. കാരണം, കത്തിയില വിരലടയാളം പതിയുന്നതിന്നുള്ള പലസാഹചര്യങ്ങളിൽ ഒന്നുമാത്രമാണ് കൊലപാതകം. പ്രതിയെന്ന് സംശയിക്കുന്ന ആൾ മറ്റേതെങ്കിലും അവസരത്തിൽ കത്തികൈകാര്യം ചെയ്തപ്പോൾ അയാളുടെ വിരലടയാളം അതിൽ പതിഞ്ഞതാകാം. കൊലപാതകി, ഗ്ലൗസ് ഉപയോഗിച്ചു എന്നുംകൂടി കരുതുക. അങ്ങനെ വരുമ്പോൾ അയാളുടെ വിരലടയാളം കത്തിയിൽ ഉണ്ടാവുകയില്ല. ഇനി കൊല നടന്നതായി നിർണ്ണയിച്ച സമയത്ത് പ്രതിയായി സംശയിക്കപ്പെടുന്ന ആൾ വേറൊരിടത്തായിരുന്നു എന്നതിന്നു തെളിവുകൾ കിട്ടി എന്ന് കരുതുക. ഇങ്ങനെ വരുമ്പോൾ, ഇപ്പോൾ സംശയിക്കുന്ന ആളാണ് കൊലപാതകി എന്ന പരികല്പന  അസാധുവാകുന്നു. അതായത്, H ന്  E യാതൊരു സാധൂകരണവും നൽകുന്നില്ല. എന്നാൽ, E ഇപ്പോഴും H നെ പിന്തുണയ്ക്കുന്നുണ്ട്. അതായത് സാധൂകരണമില്ലാത്തപ്പോഴും തെളിവുകൾക്ക് പരികല്പനയെ പിന്തുണയ്ക്കാനാകും.
    സാധൂകരണം പല അളവിൽ ലഭ്യമാണ്. തെളിവുകളെ പ്രത്യേകരീതിയിൽ ക്രമീകരിക്കുമ്പോഴാണ് സാധൂകരണം ലഭ്യമാകുന്നത്. എന്നാൽ  തെളിവുകളുടെ കേവലമായ അവതരണം പിന്തുണ ഉറപ്പാക്കും. ഇവിടെ നാം വസ്തുതകളെ നിരത്തുന്നതേയൊള്ളു. അതുകൊണ്ട്, പിന്തുണ കൂടുതൽ പ്രാഥമീകമാണ്. സാധുകരണം അനിർണ്ണേയതയുടെ (Under determination) പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുമുണ്ട് (റീസ് 2015, 44-46).  അതേപ്പറ്റി പിന്നീട് വിശദമാക്കാം.
    ഇതെല്ലാം സാങ്കല്പികമാണെന്ന സംശയം നീക്കുന്നതിനായി ശാസ്ത്രത്തിൽ നിന്നും ഒരുദാരഹണം നോക്കാം. സൂര്യഗ്രഹണം പരിഗണിക്കുക. പകൽ സമയത്ത് സൂര്യൻ മറയുന്നു എന്നതാണ് സൂര്യഗ്രഹണം. ഇത് നമുക്ക് നിരീക്ഷണത്തിന്റെ ഫലമായി ലഭിക്കുന്നു. ചന്ദ്രൻ, സൂര്യൻ, ഭൂമി എന്നീ ഗോളങ്ങൾ ഭ്രമണം ചെയ്യുന്നുണ്ടെന്നും അവയിൽ ചന്ദ്രൻ ഭൂമിക്കും സൂര്യനും ഇടയിൽ വരുമ്പോൾ  അതിന്റെ നിഴൽ ഭൂമിയിൽ വീഴുന്നതാണ് ഗ്രഹണമെന്നും നമുക്കറിയാം. വർത്തുളപാതയിൽ മൂന്നു വസ്തുക്കളെ പരസ്പരം ആപേക്ഷികമായി ചലിപ്പിച്ചുകൊണ്ട് നമുക്ക് ഇത് തെളിയിക്കാവുന്നതാണ്. ഈ തെളിവുകളുടെ അടിസ്ഥാനത്തിൽ സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുന്നു എന്നു നാം തീർപ്പുകല്പിക്കുന്നു എന്നു കരുതുക. ലഭ്യമായ തെളിവുകൾ ഇവിടെ ഈ പരികല്പനയെ അതായ് ഭൂമികേന്ദ്രമായ ഒരു വ്യസ്ഥയെ പിന്തുണയ്ക്കുകയും സാധൂകരിയ്ക്കുകയും ചെയ്യുന്നു. എന്നാൽ, സൂര്യൻ കേന്ദ്രത്തിൽ നിൽക്കുകയും, ഭൂമിയും ചന്ദ്രനും അതിനെ ചുറ്റുകയും ചെയ്യുന്ന ഒരു വ്യവസ്ഥയേയും ഇതേ തെളിവുകൾ പിന്തുണയ്ക്കുകയും സാധൂകരിക്കുകയും ചെയ്യുന്നുണ്ട്. നൂറ്റാണ്ടുകളോളം ഭൂമി കേന്ദ്രമായുള്ള പരികല്പനയാണ് മനുഷ്യർ വിശ്വസിച്ചിരുന്നതെന്ന് നമുക്കിന്നറിയാം. ഇവിടെ ഭൂകേന്ദ്രസിദ്ധാന്തത്തേയും സൂര്യകേന്ദ്രസിദ്ധാന്തത്തേയും ലഭ്യമായ തെളിവുകൾ പിന്തുണയ്ക്കുകയും സാധൂകരിയ്ക്കുകയും ചെയ്യുന്നു. എന്നാൽ, ഇവ രണ്ടും ഒരേ സമയം സത്യമായിരിക്കുക സാധ്യവുമല്ല. ഇത്തരം അവസ്ഥയിൽ, മറ്റു ചിലപരിഗണനകളാണ് പരികല്പനയുടെ സത്യം നിർണ്ണയിക്കുന്നതിന് സഹായകരമാകുക. ഈ കുറിപ്പിൽ അതിലേക്ക് കടക്കുന്നില്ല. 
കേരളീയം, ജനുവരി 2019.
റഫറൻസ്
Hacking, Ian. 2015. Let’s Not Talk About Objectivity in Padovani, Flavia , Alan Richardson and Jonathan Y. Tsou. (Eds.) Objectivity in Science New Perspectives from Science and Technology Studies. Springer: New York 17-33.
Koertge, Noretta. 1977. Galileo and the Problem of Accidents, Journal of the History of Ideas 38: 389-408
Reiss, Julian. 2015. Causation, Evidence and Inference, Routledge: New York.



About Me

My photo
ഗവേഷകന്‍. വിഷയം തത്വചിന്ത.

Followers