Sunday, 2 September 2018

ചോദിക്കുന്നതിന്റെ തർക്കശാസ്ത്രം

എന്താണ് ശാസ്ത്രം എന്ന ചോദ്യത്തിലാണ് പൊതുവേ ശാസ്ത്രദർശനപരമായ ആലോചനകൾ ആരംഭിക്കാറുണ്ട്.  പ്രസ്തുത ചോദ്യത്തിലേക്ക്  കടക്കുന്നതിനുമുൻപ് ചോദ്യങ്ങളെപ്പറ്റി ചില ആലോചനകൾ ആവശ്യമാണ്. ഈ കുറിപ്പിൽ ചോദിക്കുന്നതിന്റെ തർക്കശാസ്ത്രത്തെപ്പറ്റിയാണ് വിചാരപ്പെടുന്നത്. തത്വചിന്താപരമായി ചിന്തിക്കുന്നതിന് ഇത് അത്യാവശ്യമാണ്.
ചോദിക്കുന്നതിന്റെ തർക്കശാസ്ത്രം
എല്ലാത്തരം ചോദ്യങ്ങൾക്കും സാംഗത്യമുള്ള ഇടമാണ് തത്വചിന്ത. എന്നാൽ ചോദിക്കുന്നതിന് അതിന്റേതായ തർക്കശാസ്ത്രമുണ്ട്. കാരണം ചില ചോദ്യങ്ങൾ ഭവപരമായ  പൂർവ്വകല്പനകളിൽ നിന്നാകും പ്രവർത്തിക്കുക. ചില ചോദ്യങ്ങൾക്ക് പ്രത്യക്ഷത്തിൽ നാം പരിഗണിക്കാത്ത താർക്കിക വിവക്ഷകൾ ഉണ്ടാകാം. ഇത്തരം ചോദ്യങ്ങളെ, അവയുടെ മുൻനിലമകളെയും വിവക്ഷകളെയും കണക്കിലെടുത്തുവേണം പരിഗണിക്കുവാൻ. 
എന്ത്, എന്തുകൊണ്ട്, എങ്ങിനെ, എവിടെ, എപ്പോൾ, ആര് എന്നിവയാണ് ഏതിനെപ്പറ്റിയും ഉന്നയിക്കാവുന്ന ചോദ്യങ്ങൾ. നേരം (എവിടെ), കാലം (എപ്പോൾ), കർത്താവ് (ആര്) എന്നിവയെപ്പറ്റിയുള്ള ചോദ്യങ്ങൾ സാമന്യേന ഋജുവാണ്. (ഇവയ്ക്ക് ഉത്തരം കണ്ടെത്തുക എളുപ്പമാകാണം എന്നില്ല). എന്നാൽ, എന്ത്, എന്തുകൊണ്ട്, എങ്ങിനെ, എവിടെ എന്നീ ചോദ്യങ്ങൾ എല്ലായ്പോഴും ലളിതമാകാണമെന്നുമില്ല. ചിലപ്പോൾ എന്ത് എന്ന ചോദ്യത്തിന്റെ താർക്കികമായ പരിഗണന എന്തുകൊണ്ട് എന്നതാകാം. നമുക്ക് എന്ത് എന്ന ചോദ്യം പരിഗണിക്കാം.
“എന്തിന്റെ” പ്രശ്നങ്ങൾ.
“എന്ത്” അല്ലെങ്കിൽ “എന്താണ് അത്” എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു വിവരണമാണ്. എന്താണ് ഇലക്ട്രോൺ? മഴ എന്നാൽ എന്ത്? എന്താണ് ആന? എന്താണ് ഐരാവതം? എന്നീ ചോദ്യങ്ങളുടെ ഉത്തരം പരിഗണിക്കുക. ഇലക്ട്രോൺ ഒരു സൂക്ഷ്മകണമാണെന്നും, അത് ആറ്റത്തിന്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നും അതിന്റെ ചാർജ് നെഗറ്റീവ് ആണെന്നുമൊക്കെയാകും നമ്മുടെ ഉത്തരം. ഇത്തരത്തിൽ, ഒരു വിവരണമാണ് മറ്റു ചോദ്യങ്ങളുടേയും ഉത്തരമായി ലഭിക്കുക. ആനയേയും ഐരാവതത്തേയും കുറിച്ചുള്ള ചോദ്യങ്ങൾ പരിഗണിക്കുക.
ആന എന്നാൽ എന്ത്?/  എന്താണ് ആന?
ഐരാവതം  എന്നാൽ എന്ത്/  എന്താണ് ഐരാവതം?
എന്നിവയാണ് നമ്മുടെ ചോദ്യങ്ങൾ. രണ്ടു ചോദ്യങ്ങൾക്കും ഭാഷാപരമായി ഒരേ ഘടനയാണ്. ആകയാൽ, രണ്ടിനെയും ഒരേതരത്തിലുള്ള ചോദ്യമായി പരിഗണിക്കാനുള്ള സാധ്യത ഏറെയുണ്ട്.  എന്താണ് ആന എന്ന് നമുക്കറിയാം (അല്ലെങ്കിൽ അങ്ങനെ സങ്കൽപിക്കുക).  എന്നാൽ ഐരാവതം? ഇന്ദ്രൻറെ വാഹനമായ, ഒന്നിലധികം തുമ്പിക്കൈകളും നാലുകൊമ്പുമൊക്കെയുള്ള വെളുത്ത ആന എന്നോ  അഷ്ടഗജങ്ങളിൽ ഒന്ന് എന്നോ നാം  ഉത്തരം നൽകിയേക്കാം. എന്നാൽ ജന്തുലോകത്ത് ഐരാവതം ഇല്ല. ആന ഉണ്ട്. അപ്പോൾ എതാണ് ശരിക്കും ഉള്ളത് എന്ന് ചോദിച്ചു എന്നു കരുതുക. ആന ഉള്ളതാണെന്നും ഐരാവതം ഇല്ലെന്നും നാം പറയും. എന്നാൽ, താർക്കികമായി കാര്യങ്ങൾ അത്ര എളുതല്ല.
    ഐരാവതം ഇല്ലാത്ത ഒന്നാണ് എന്നുപറയുമ്പോൾ എന്തിനെയാണ് നാം നിഷേധിക്കുന്നത്? ഇല്ലാത്തതിനെ, നിഷേധിക്കാനാകുമോ? ഇവിടെ നമ്മുടെ ചോദ്യങ്ങൾ ഭവപരമാണ്. ഭവപരമായി ഐരാവതം എന്താണ് എന്നാണ് നാം ആരായുന്നത്? ഐരാവതം ഇല്ലെങ്കിൽ, അതെന്താണ് എന്നതിന്റെ ഉത്തരം (ഐരാവത്തെപ്പറ്റിയുള്ള വിവരണം) എന്തിനെപ്പറ്റിയാണ്? ആനയ്ക്കും ഐരാവതത്തിനും വ്യത്യസ്ഥമായ ഭവപരതയാണെന്ന് പറഞ്ഞു എന്നു കരുതുക. ഉള്ളതെന്താണോ അതാണ് ഭവം. എന്നാൽ, മേല്പറഞ്ഞ ഉത്തരം വെവ്വേറെ ഭവങ്ങളെ യാഥാർത്ഥ്യമായി നിബന്ധിക്കാനാവശ്യപ്പെടുന്നു. ഇപ്രകാരമാണ് നാം പറയുന്നത്. ആന ഉണ്ട്. അതായത് ആനയ്ക്ക് ഭവപരമായ സാംഗത്യമുണ്ട്. അതൊരു  ഉണ്മയാണ്. എന്നാൽ, ആയതിന്റെ ഭവപരതയിൽ നിന്നും വ്യത്യസ്ഥമായ  നിലമയിൽ ഐരാവതത്തിനും ഉണ്മയുണ്ട്. അതിനന്നും ഭവപരമായ സാംഗത്യമുണ്ട്. ഐരാവതവും ഒരു ഉണ്മയാണ്. ഇതേ ന്യായപ്രകാരം മായാവി, ഷെർലക് ഹോംസ്, ആകാശത്താമര എന്നിവകളും ഉണ്മയാണ്.
ഇല്ലാത്ത ദൈവത്തെ നിഷേധിക്കുന്നതെങ്ങിനെ എന്ന വിശ്വാസികളുടെ പ്രാചീനമായ കുയുക്തിക്കു പിന്നിൽ മേൽപ്രസ്താവിച്ച തരം താർക്കികമായ ന്യായങ്ങളുണ്ട്. എന്താണ് ഐരാവതം എന്നതിനു ഉത്തരം നൽകുമ്പോൾ, ഇവിടെ സംഭവിക്കുന്നത്,  അതിന്റെ ഉണ്മയോട് നാം താർക്കികമായി നിബന്ധിക്കപ്പെടുകയാണ്. അതായത് ഐരാവതം എന്ന ജീവിയെ ഭവപരമായി നാം സമ്മതിക്കുന്നു. പക്ഷേ, ആനയും ഐരാവതവും ഒരേപോലെ നിലനിൽക്കുന്നവയല്ല എന്ന് നമുക്ക് അറിയാം? ഭവപരമായ ഈ വ്യത്യാസത്തെ എങ്ങനെ വേർതിരിക്കാം? ഐരാവതം ഇല്ല എന്ന് പറയുന്നതായി കരുതുക. ഇല്ലാത്തത് ഇല്ല എന്നാണ് നാം പറയുന്നത്. അതെങ്ങനെ സാധ്യമാകും? ഇല്ലാത്തതിനെ നിഷേധിക്കാനാവില്ലല്ലോ? ഭവശാസ്ത്രത്തിൽ ഒട്ടേറെ ആലോചിക്കപ്പെട്ട വിഷയമാണിത്. 
ഇവിടെ നമ്മുടെ താൽപര്യം ചോദ്യത്തിന്റെ തർക്കശാസ്ത്രമാണ്. അതായത്, “എന്താണ്" എന്ന ചോദ്യം നിഷ്കളങ്കമായ ഒന്നല്ല. ഭവശാസ്ത്രപരമായ സന്ദേഹങ്ങളെ ഇവിടെ പരിഗണിക്കുന്നില്ലെങ്കിലും പ്രസ്തുത ചോദ്യം ഉയർത്തുന്ന ഭവപരമായ പ്രശ്നങ്ങളെ അവഗണിക്കാവുന്നതല്ല. ആകയാൽ, ഭവപരമായി നിബന്ധിക്കപ്പെതാതെ ഉത്തരം നൽകുന്നതിനു ചോദ്യത്തെ അഴിച്ചു പണിയേണ്ടത് ആവശ്യമാണ്. ചില താത്വികപ്രശ്നങ്ങൾ, ചോദ്യങ്ങളെ അഴിക്കുന്നതിലൂടെ ഇല്ലാതായേക്കാം.
എന്താണ് എന്ന ചോദ്യത്തിന്റെ താർക്കിക നിലമയാണ് നമ്മുടെ താല്പര്യം. “എന്താണത്” എന്ന ചോദ്യം “അതിനെ” പൂർവ്വകല്പന ചെയ്യുന്നു. അതുകൊണ്ട്, അച്ചോദ്യത്തിന് ഉത്തരം നൽകാനുള്ള പരിശ്രമങ്ങൾ “അതുമായി” ഭവപരമായി നമ്മെ നിബന്ധിക്കുന്നു. നാം അതിന്റെ ഭവപരതയെ അംഗികരിക്കുന്നില്ലായിരിക്കാം. പക്ഷേ, അശ്രദ്ധമായി എന്താണത് എന്ന് ചോദിക്കുമ്പോഴും ഉത്തരം കൊടുക്കുമ്പോഴും നാം തല്പരപ്പെടാത്ത ഭവങ്ങളുമായി താർക്കികമായി നിബന്ധിക്കപ്പെടുന്നുണ്ട്. അതുകൊണ്ട്, ചോദ്യത്തെ അഴിക്കുകയാണ് ആദ്യം ചെയ്യെണ്ടത്. X എന്താണെന്നതിനു പകരം X എന്നു വിളിക്കപ്പെടുന്നത് അല്ലെങ്കിൽ പരിഗണിക്കപ്പെടുന്നത് എന്തിനെയാണെന്ന് ചോദിക്കുകയാണ് ഭവപരമായ നിബന്ധത്തെ ഒഴിവാക്കുന്നതിനുള്ള ഒരു വഴി. അതായത്, എന്താണ് ഐരാവതം എന്നതിനു പകരം ഐരാവതം എന്ന് പരിഗണിക്കപ്പെടുന്നതെന്താണ് എന്ന് ചോദ്യം മാറുന്നു. രണ്ടാമത്തെ ചോദ്യത്തിനു ഭവപരമായ മുൻധാരണകളില്ല എന്നത് ശ്രദ്ധിക്കുക.
    ഇത്തരത്തിൽ നോക്കുമ്പോൾ എന്താണ് ശാസ്ത്രം എന്ന ചോദ്യം ശാസ്ത്രം എന്നതിനെ പൂർവ്വകൽപ്പന ചെയ്യുന്നുണ്ട്.  അതുകൊണ്ട് ഈ ചോദ്യത്തെ, “മനുഷ്യരുടെ പലതരത്തിലുള്ള പ്രവർത്തനങ്ങളിൽ ശാസ്ത്രം എന്നു പരിഗണിക്കപ്പെടുന്നവ എന്താണ്” എന്ന് താർക്കികമായി പുതുക്കി പണിയാം. ഇപ്പോൾ ആവശ്യപ്പെടുന്നത്, മനുഷ്യരുടെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ശാസ്ത്രമെന്ന് പരാമർശിക്കപ്പെടാൻ അർഹമായത് ഏതെല്ലാമാണെന്നാണ്. അതിന്നുത്തരമായി രസതന്ത്രം ഭൗതികശാസ്ത്രം ജീവശാസ്ത്രം പരിതഃസ്ഥിതവിജ്ഞാനം (Ecology) വൈദ്യശാസ്ത്രം എന്നെല്ലാം ഉത്തരം കൊടുക്കാം. ഈ ഉത്തരങ്ങൾ പക്ഷേ ശാസ്ത്രം എന്നറിയപ്പെടുന്ന പ്രവർത്തനങ്ങളെ അടയാളപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്.  ഇത് ശാസ്ത്രത്തെ മനസ്സിലാക്കാൻ സഹായകരമല്ല. കാരണം ഭൗതികശാസ്ത്രവും ജീവശാസ്ത്രവും വ്യത്യസ്തങ്ങളായ മണ്ഡലങ്ങളെയാണ് പഠിക്കുന്നത്. അവയുടെ താല്പര്യങ്ങളും പ്രവർത്തന രീതിയും വ്യത്യസ്ഥമാണ്. അപ്പോളും, ഈ രണ്ടു പ്രവർത്തനങ്ങളും ശാസ്ത്രമാണെന്ന് പരിഗണിക്കപ്പെടുന്നവയാണ്. ഇങ്ങനെ വരുമ്പോൾ ശാസ്ത്രം എന്നു പരിഗണിക്കപ്പെടുന്നവയേതെല്ലാം എന്ന ചോദ്യത്തിന്റെ ഉത്തരം ശാസ്ത്രത്തെ അറിയുന്നതിന് പര്യാപ്തമാകണം എന്നില്ല.
    ഒരു പ്രവർത്തനത്തെ ശാസ്ത്രമായി പരിഗണിക്കാനുള്ള ന്യായങ്ങൾ ഏതൊക്കെയാണ് എന്നറിയുകയാണ് തുടർന്ന നമുക്കു ചെയ്യാവുന്നത്. അതായത്,  ഭൗതികശാസ്ത്രവും ജീവശാസ്ത്രവും പരിതഃസ്ഥിതവിജ്ഞാനവും ശാസ്ത്രമാകുന്നത് എങ്ങനെയെന്നറിയുവാനാണ് നാം താൽപര്യപ്പെടുന്നത്. അതായത്, എന്താണ് ശാസ്ത്രം എന്ന ചോദ്യത്തെ നാം ഉപേക്ഷിച്ചിരിക്കുന്നു.  പകരം “എങ്ങനെ” “എന്തുകൊണ്ട്”  എന്നീ ചോദ്യങ്ങളിലേക്ക് നാം മാറി. ഇതിന്നുത്തരമായി, സവിശേഷമായ രീതിശാസ്ത്രമാണ് ശാസ്ത്രത്തിൻറെ കാതൽ എന്നതുമുതൽ വിവിധ പ്രവർത്തനങ്ങളിലെ കുടുംബസാദൃശ്യമല്ലാതെ മറ്റൊന്നും രീതിശാസ്ത്രമായി ശാസ്ത്രത്തിനു കല്പിക്കാനാവുകയില്ല എന്നതുവരെയുള്ള ആലോചനകൾ തത്വചിന്തയിൽ ലഭ്യമാണ്.

പദസൂചിക
ഭവപരം- Ontological
ഭവശാസ്ത്രം- Ontology
തർക്കശാസ്ത്രം-Logic
താർക്കികം- Logical

കേരളീയം സേപ്തംബർ 2019

സയൻസും ശാസ്ത്രവും: ഒരു ഭാഷാവിചാരം

മുന്നുര
ശാസ്ത്രദർശനം (Philosophy of Science) മലയാളത്തിൽ ആലോചിക്കുന്നതിനും അവതരിപ്പിക്കുന്നതിനുമുള്ള മുന്നോടിയായാണ് ഈ കുറിപ്പിനെ പരിഗണിക്കേണ്ടത്. സയൻസ്, ശാസ്ത്രം, ശാസ്ത്രദർശനം എന്നീ വാക്കുകളെ അവയുടെ അർത്ഥവിവക്ഷകളോടെ പരിചയപ്പെടുത്തുകയും പ്രസ്തുത പദങ്ങളുടെ സാങ്കേതികമായ ഉപയോഗം സ്ഥിരപ്പെടുത്തുകയുമാണ് ഈ കുറിപ്പിന്റെ താല്പര്യം.
    തത്വചിന്ത പ്രാഥമികമായും ചിന്തകൾകൊണ്ടുള്ള ഒരു പ്രവർത്തനമാണ്. കല്ലുകൊത്തി ശില്പമുണ്ടാക്കുന്നതുപോലെ, ആശയങ്ങൾ കൊത്തിക്കടഞ്ഞ് സങ്കല്പനങ്ങൾ നിർമ്മിക്കുകയോ പ്രതിഷ്ഠാപിതമായ ആശയങ്ങലെ ഇളക്കുകയോ ആണ് തത്വചിന്തയുടെ പ്രാധാന പണി. വെറും കൈകൊണ്ട് ചെയ്യാവുന്ന കല്പണിക്ക് പരിമിതികളുണ്ട്. അതുകൊണ്ട് നാം പണിയായുധങ്ങൾ ഉപയോഗിക്കുന്നു. അതുപോലെ, ചിന്തകൊണ്ട് പണിയുന്നതിനും ആയുധങ്ങൾ ആവശ്യമാണ്. കൈ കല്ലിൽ എന്നപോലെ ചിന്ത ഭാഷയിൽ പണിയെടുക്കുന്നു. ആലോചനകൾ നടക്കുന്നത്  ഭാഷയിലാണ്. അത് മലയാളത്തിലോ ഇംഗ്ലീഷിലോ ഗണിതത്തിലോ ആകാം. അങ്ങിനെ, ചിന്ത പണിയെടുക്കുമ്പോൾ,  വാക്കുകൾ പണിയായുധമായി വർത്തിക്കുന്നു.   സംഖ്യകൾ (numbers) ഇത്തരം പണിയായുധമാണ്.  ഉദാഹരണത്തിനു, ഗണിതത്തിലെ സാങ്കല്പിക സംഖ്യ i (Imaginary Number)) പരിഗണിക്കുക.  ഗണിതത്തിൽ മാത്രമുള്ള ഒരു സങ്കല്പനമാണ് i. ഗണിതത്തിലൂടെ ചിന്തിക്കുമ്പോൾ, അല്ലെങ്കിൽ ആലോചനയ്ക്കായി ഗണിതം ഉപയോഗിക്കുമ്പോൾ, നാം i ഉപയോഗിക്കുന്നു.  ഇപ്രകാരം ഉപയോഗിക്കുന്നതിന് i യുടെ അർത്ഥവും പ്രയോഗസാധ്യതകളും അറിയേണ്ടതുണ്ട്. താത്വികമായ അന്വേഷണങ്ങൾ തീരെ ലളിതമല്ല.  തത്വചിന്ത എന്താണെന്നതിൽപോലും  തത്വചിന്തകർക്കിടയിൽ തർക്കങ്ങളുണ്ടെന്നത് ഇതിനെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. ഈ കുറിപ്പിന്റെ താല്പര്യത്തിൽ, എന്തിന്റേയും അടിസ്ഥാന നിലമയും തത്വങ്ങളും ഏതെന്ന അന്വേഷണത്തെ തത്വചിന്തയായി കണക്കാക്കാം. തത്വചിന്ത ചിന്തകൊണ്ടുള്ള പ്രവർത്തനം ആയതിനാലും, ചിന്തയിൽ വാക്കുകൾക്ക് സ്ഥാനം ഉള്ളതിനാലും ഏതൊരു പ്രവർത്തനത്തേയും തത്വചിന്താപരമായി സമീപിക്കുന്നതിന് ആ പ്രവർത്തനത്തെക്കുറിക്കുന്ന വാക്കിനെ അറിയേണ്ടതുണ്ട്.  പ്രസ്തുത പദത്തിനു സുദീർഘമായ പരിണാമ ചരിത്രമുണ്ടെങ്കിൽ, ആ പരിണാമ ചരിത്രം അറിയേണ്ടത് പ്രസ്തുത പ്രവർത്തനത്തെ മനസ്സിലാക്കുന്നതിനുള്ള ആദ്യപടവാണ്.  എന്തുകൊണ്ടെന്നാൽ, ഓരോ കാലഘട്ടത്തിലും പ്രസ്തുത പ്രവർത്തനത്തിന്റെ  അർത്ഥവും, ആ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരുടെ ഭൗതികവും അതിഭൗതികവുമായ താല്പര്യങ്ങളും വാക്കിന്റെ അർത്ഥപരിണാമവഴിയിൽ രേഖപ്പെടുന്നുണ്ട്.  ഇത്തരം പരിഗണനകളില്ലാതെ ഗലീലിയോവിനേയും ന്യൂട്ടനേയുമെല്ലാം പഠിക്കുമ്പോൾ അവരെ കേവലം ശാസ്ത്രജ്ഞരായി കാണുന്നതിനും അവരുടെ പ്രവർത്തനങ്ങൾക്കു പിന്നിലെ താത്വികവും ചരിത്രപരവുമായ നിലമകളും താല്പര്യങ്ങളും   അന്വേഷകയ്ക്ക് അന്യമാക്കുന്നു. ഈ സമീപനം ശാസ്ത്രപാഠപുസ്തകങ്ങൾക്ക് ഭൂഷണമായേക്കാമെങ്കിലും (പാഠപുസ്തകത്തിൽ നാം ന്യൂട്ടന്റെ ചലനനിയമങ്ങൾ മാത്രമാണ് പഠിച്ചിട്ടുള്ളത്) അറിവിൽ നിന്നുമുണ്ടാകേണ്ട സമഗ്രാവബോധത്തെ   അത് പരിപോഷിപ്പിക്കുകയില്ല.
    തത്വചിന്ത ഭാഷാശാസ്ത്രമാണെന്നല്ല പറഞ്ഞു വരുന്നത്. മറിച്ച് ഭാഷാവിചാരം തത്വചിന്തയിൽ അനിവാര്യമാണെന്നാണ്. ഇതിനു താത്വികന്യായങ്ങളുണ്ട്.. ചിന്തിക്കുന്നതിനു വാക്കുകൾ ആവശ്യമാണെന്ന് നാം കണ്ടു.  ഇത് സാധ്യമാകുന്നത് എന്തുകൊണ്ടാണ്? അക്ഷരങ്ങളുടെ കേവലമോരു ക്രമമായി വർത്തിക്കുന്നതുകൊണ്ടല്ല ചിന്തിക്കുന്നതിന് വാക്കുകൾ ഉപയോഗപ്രദമാകുന്നത്. എന്തിനെയെങ്കിലും (വാസ്തുക്കൾ, പ്രവർത്തനങ്ങൾ …) കുറിക്കുന്ന ഒന്നായാണ് നാം വാക്കുകൾ ഉപയോഗിക്കുന്നത്. അതായത് മറ്റോന്നിനു പകരമായി നമ്മുടെ ചിന്തയിൽ ലഭ്യമാകുവാനോ വർത്തിക്കുവാനോ ഉള്ള ശേഷി വാക്കുകൾക്കുള്ളതിനാലാണ്, അവയെ ചിന്തിക്കുന്നതിനായി ഉപയോഗിക്കാൻ കഴിയുന്നത്. അതായത്, അർത്ഥനിഷ്യന്തിയാണ് എന്ന സവിശേഷതയാണ് വാക്കുകളെ ഉപയോഗപ്രദമാകുന്നത്. എന്നാൽ, വാക്കുകളെ നിയതവും പരമവുമായ ഒറ്റ അർത്ഥത്തിലേക്ക് ചുരുക്കാൻ കഴിയില്ല. ഇത്  ഭാഷാവിചാരത്തിൽ നിസ്തർക്കമായ  കാര്യമാണ്.  വാക്കുകൾ  അർത്ഥമാർജ്ജിക്കുന്നതിൽ  അവയുടെ പ്രയോഗങ്ങൽക്ക് സവിശേഷസ്ഥാനമുണ്ട്. അതുകൊണ്ട്, ഒരു വാക്കിന്റ     പ്രയോഗങ്ങളുടെ നാൾവഴികൾ അടയാളപ്പെടുത്തുന്നത്  അതിൻറെ വിവിധങ്ങളായ അർത്ഥവിവക്ഷകൾ അറിയാൻ സഹായകരമാണ്. തന്നെയുമല്ല യഥാ സ്ഥാനത്തുള്ള വാക്കുകളാണ് സങ്കല്പനങ്ങൾ ( ഹാക്കിങ്  1990, 68) ആലോചന കൂടി പരിഗണിക്കുമ്പോൾ  സങ്കൽപനപരമായ  ഏതൊരു ആലോചനയുടെയും മുന്നുപാധിയായി  ഭാഷാവിചാരം മാറുന്നു. അതായത്,  ശ്ലേഷം കാവ്യത്തിന് ഭൂഷണമാകുമ്പോഴും സങ്കല്പനപരമായ കൃത്യത വേണ്ട ഇടങ്ങളിൽ അത് വിപരീതഗുണമാണ് ഉണ്ടാക്കുക. ശാസ്ത്രത്തെപ്പറ്റിയുള്ള തത്ത്വചിന്താപരമായ ആലോചനകളിലും അതുകൊണ്ട് അർത്ഥവിചാരം അനിവാര്യമാകുന്നു.
    ശാസ്ത്രം എന്ന വാക്കാണ്  സയൻസിന്റെ മലയാളമായി ഉപയോഗിക്കുന്നത്. എന്നാൽ  പരസ്പര പൊരുത്തമുള്ളതും അല്ലാത്തതുമായ  അനേകം പ്രകരണങ്ങളിൽ  ഈ രണ്ടു വാക്കുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.  അതുകൊണ്ട്,  ശാസ്ത്രം എന്ന വാക്കിൻറെ വിവിധങ്ങളായ പ്രയോഗങ്ങൾക്ക് സയൻസ് എന്ന വാക്കിൻറെ പ്രയോഗങ്ങളുമായുള്ള പൊരുത്തം നോക്കുകയാണ്  ഈ കുറിപ്പിൻറെ താല്പര്യം. ഈ കുറിപ്പിൽ പ്രാധാനമായും മൂന്ന് ഭാഗങ്ങളുണ്ട്. ആദ്യം നാം സയൻസിന്റെ അർത്ഥവഴികൾ പരിചയപ്പെടും.  തുടർന്ന് ശാസ്ത്രം എന്ന പദത്തിന്റെ അർത്ഥവിവക്ഷകൾ പരിശോധിക്കും. ശാസ്ത്രദർശനത്തെപ്പറ്റിയുള്ള ഒരു ലഘുവിവരണത്തോടെ കുറിപ്പ് അവസാനിക്കും.
സയൻസ് (Science)
 അറിയുക അല്ലെങ്കിൽ അറിവ്  എന്നർത്ഥം വരുന്ന scientia എന്ന ലാറ്റിൻ  പദത്തിൽ നിന്നുമാണ്  സയൻസ് എന്ന വാക്കിൻറെ ഉൽപ്പത്തി. വെബ്സ്റ്റേഴ്സ് ഡിക്ഷണറി പ്രകാരം പതിനാലാം നൂറ്റാണ്ടിലാണ്  ഈ വാക്കിൻറെ അറിയപ്പെടുന്ന ആദ്യത്തെ ഉപയോഗം. എന്നാൽ, ഇപ്പോൾ വിനിമയത്തിനുള്ള  അർത്ഥം സയൻസിന് ലഭിക്കുന്നത് ഏകദേശം  പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമാണ്. സയൻസ് എന്ന് നാം ഇപ്പോൾ മനസ്സിലാക്കുന്ന സംരംഭം പ്രകൃതിയുടെ തത്വചിന്ത (Natural Philosophy)  എന്നാണ് പത്തൊമ്പതാം നൂറ്റാണ്ടിനു മുൻപ് അറിയപ്പെട്ടിരുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ പുറത്തിറങ്ങുകയും ആധുനിക സയൻസിന് അടിത്തറപാകിയ പ്രാമാണിക ഗ്രന്ഥങ്ങളിൽ ഒന്നായി വർത്തിക്കുകയും ചെയ്ത  ഐസക് ന്യൂട്ടന്റെ (1643-1727) പുസ്തകത്തിൻറെ പേര്  പ്രകൃതിയുടെ തത്ത്വചിന്തയുടെ ഗണിത തത്വങ്ങൾ (Mathematical Principles of Natural Philosophy)  എന്നാണ്. ( ന്യൂട്ടൻറെ പുസ്തകത്തിൻറെ ലാറ്റിൻ നാമം Philosophiæ Naturalis Principia Mathematica എന്നാണ്. ഇത് പിന്നീട് Pricnipia എന്ന് അറിയപ്പെട്ടു). പത്തൊമ്പതാം നൂറ്റാണ്ടിലെ  ആദ്യദശകങ്ങളിൽ പോലും സയൻസിന് ഇപ്പോഴുള്ള അർത്ഥം ഉറച്ചിട്ടില്ല. ഉദാഹരണത്തിനു, കെൽവിൻ പ്രഭുവും (വില്യം തോംസൺ) പീറ്റർ ടെയ്റ്റും ചേർന്ന് 1867 ൽ പുറത്തിറക്കിയ പാഠപുസ്തകത്തിന്റെ പേര് പ്രകൃതിയുടെ തത്ത്വചിന്തയിലെ  പ്രബന്ധങ്ങൾ (Treatise on Natural Philosophy). അതായത്, സയൻസ് തത്വചിന്തയുടെഒരു വിഭാഗമായാണ് അക്കാലത്ത് സയൻസ് വർത്തിച്ചിരുത്.
    സൈൻറിസ്റ്റ് എന്ന പദത്തിന്റെ ഉൽപത്തിവികാസങ്ങളും ഇതേപോലെ കൗതുകകരമാണ്. പതിനാലാം നൂറ്റാണ്ടുമുതലേ ഫ്രഞ്ചിൽ സയൻസ് എന്ന വാക്കുണ്ടായിരുന്നു. സവിശേഷമായ അറിവ് എന്നായിരുന്നു അന്ന് സയൻസിന്റെ അർത്ഥം. പക്ഷേ, സൈന്റിസ്റ്റ് എന്ന വാക്ക് അന്ന് പ്രാചാരത്തിൽ ഇല്ല. പകരം ജ്ഞാനി (Knowledgeable person) എന്ന് അർത്ഥം വരുന്ന Savant ആയിരുന്നു പ്രചാരത്തിൽ. ഇപ്രകാരം സംഭവിച്ചതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് സയൻസ് എന്ന വാക്കിന്റെ അരിസ്റ്റോട്ലീയൻ അർത്ഥമാണ്. അരിസ്റ്റോട്ടിലിന്റെ വിചാരപദ്ധതിയിൽ സയൻസ് എന്നാൽ നിഗമനപരവും (Deductive) വിവരണാത്മകവുമായ (demonstrative) അറിവാണ്. അതായത് അനവധി അറിവുകൾകൾക്കിടയിലെ സവിശേഷമായ ഒന്നിനെയാണ് സയൻസ് എന്നു വിളിക്കുന്നത്. ഇത്തരം അറിവിന്റെ മികച്ച ഉദാഹരണമാണ് ജ്യോമിതി.  ജ്യോമിതീയമായ എല്ലാ വിവരങ്ങളും പ്രസ്തുത വ്യവസ്ഥയുടെ മൂലതത്വങ്ങളിൽ  (axioms) നിന്നും നിർദ്ധാരണം ചെയ്യുന്നതാണ്. ദേശകാലങ്ങളുടെ സ്വാധീനത്തിനു വഴങ്ങാത്ത ശാശ്വതസത്യങ്ങളായി വർത്തിക്കുന്നവയാണ് ജ്യോമിതീയമായ സത്യങ്ങൾ.  ഇത്തരം വിവരങ്ങളുടെ ഒരു പ്രത്യേകത അതിലെ സന്ദേഹരാഹിത്യമാണ്. ഉദാഹരണത്തിന്,  ഒരു ത്രികോണത്തിന്റെ ആന്തരകോണുകളുടെ ആകെത്തുക രണ്ട് മട്ടകോണുകളുടെ തുകയ്ക്ക് തുല്യമാണ് എന്ന വിവരം പരിഗണിക്കുക. ലോകത്തെപ്പറ്റിയുള്ള നമ്മുടെ ബോധ്യങ്ങൾ എന്തുതന്നെ ആയാലും,  ത്രികോണത്തെപ്പറ്റി മേൽപറഞ്ഞ കാര്യം, യൂക്ലിഡിന്റെ ജ്യോമിതിയിൽ, മാറ്റമില്ലാതെ നിലകൊള്ളും. അത്, സംശയയാതീതമായി ചരിത്രാതീതമായ നേരായി വർത്തിക്കും. ഗണിതപരമായ ധാരണകളുടെ പൊതുസവിശേഷതയാണ് മേല്പറഞ്ഞ വിധിത്തിലുള്ള ഉറപ്പ്. ദൈവസങ്കല്പങ്ങൾ പോലും ചരിത്രബദ്ധമായിരിക്കുമ്പോഴാണ് സന്ദേഹരഹിതവും സുസ്ഥിരവുമായ അറിവിനു ഗണിതശാസ്ത്രം സാധ്യത നല്കുന്നത്. സന്ദേഹരഹിതമായ അറിവ് സാദ്ധ്യമാക്കുന്നതിനാൽ, ജ്യോമിതീയജ്ഞാനസ്വരൂപത്തെ അറിവിന്റെ പരമോന്നത മാതൃകയായി കണക്കാക്കിയിരുന്നു. മേല്പറഞ്ഞതരം സന്ദേഹരഹിതമായ അറിവ് എല്ലാത്തുറകളിൽ നിന്നും ലഭ്യമായ ഒന്നല്ല. ഐന്ദ്രിയമായ യാതൊരറിവിനും മേല്പറഞ്ഞ സവിശേഷതയില്ലെന്ന് കാണാവുന്നതാണ്. ഉദാഹരണത്തിന് രുചി. ജലദോഷം ഉള്ളപ്പോൾ ഭക്ഷണത്തിനു രുചി വ്യത്യാസം അനുഭവപ്പെടും. എന്നാൽ, ജലദോഷാദി അവസ്ഥകളൊന്നും ത്രികോണപ്പറ്റിയുള്ള നമ്മുടെ അറിനെ ബാധിക്കുകയില്ല. ഇപ്രകാരം, നിർദ്ധാരണപരമായ, സന്ദേഹരഹിതമായ, സവിശേഷമായ അറിവ്  എന്നതായിരുന്നു സയൻസിന്റെ ആദ്യകാല വിവക്ഷ. എന്നാൽ, ഇന്ന് സയൻസിനു മേല്പറഞ്ഞ അർത്ഥമല്ല ഉള്ളത്. മറിച്ച്, മാറ്റമുള്ളതും തെറ്റിപ്പോയേക്കാവുന്നതുമായ ജ്ഞാനമാണ്, ഇന്ന് സയൻസ്. കാൾ പോപ്പറിനു ശേഷം, തെറ്റാണെന്ന് തെളിയിക്കപ്പെടാനുള്ള സാധ്യത അഥവാ പ്രമാദവൽക്കരണക്ഷമത (falsifiability) സയൻസിന്റെ മുഖ്യസവിശേഷതയായി ശാസ്ത്രജ്ഞരടക്കം പരിഗണിക്കുന്നുണ്ട്. അതായാത്, അനവധി പരിണാമങ്ങളിലൂടെ സയൻസ് എന്ന വാക്ക് എത്തിച്ചേർന്ന അർത്ഥമാണ് ഇപ്പോൾ പ്രയോഗത്തിലുള്ളത്. 
ശാസ്ത്രം
ശാസ്ത്രം എന്ന വാക്ക്  പലതരത്തിൽ  പ്രയോഗിക്കപ്പെടുന്ന ഒന്നാണ്. ശാസിക്കപെട്ടത്  എന്ന മൂലാർത്ഥ പ്രകാരം, ക്രമീകരിക്കപ്പെട്ട  അല്ലെങ്കിൽ വ്യവസ്ഥാപിതമായ ഏതൊരു സംരംഭത്തെയും ഇന്ത്യയിൽ ശാസ്ത്രമെന്ന് വിളിച്ചുപോന്നു. ഇപ്രകാരം വിവിധങ്ങളായ ശാസ്ത്രങ്ങൾ ഇന്ത്യയിൽ ലഭ്യമാണ്. പക്ഷിശാസ്ത്രം ഹസ്തരേഖാശാസ്ത്രം വ്യാകരണ ശാസ്ത്രം സൗന്ദര്യശാസ്ത്രം നാട്യശാസ്ത്രം തുടങ്ങിയവ ഉദാഹരണങ്ങളാണ്.  ഇവയെക്കൂടാതെ ശാസ്ത്രീയസംഗീതം, ശാസ്ത്രീയനൃത്തം എന്നിങ്ങനെയും ശാസ്ത്രം പ്രയോഗിക്കപ്പെടുന്നുണ്ട്. മേൽപ്രസ്താവിച്ച പ്രയോഗങ്ങളിൽ വ്യവസ്ഥാപിതം എന്ന അർത്ഥമാണ്  ശാസ്ത്രത്തിന് പ്രാഥമികമായും ലഭ്യമാകുന്നത്. ഇവയെക്കൂടാതെ രീതിശാസ്ത്രം (Methodology) എന്നതിലും ശാസ്ത്രപ്രയോഗമുണ്ട്.  “logy” (യുക്തി എന്ന് അർത്ഥം കല്പിക്കാവുന്ന ഗ്രീക്ക് പദമായാ logos ൽ നിന്നുമാണ് logy യുടെ  ഉല്പത്തി) എന്നതിനു തുല്യമായാണ് ഇവിടെ ശാസ്ത്രം പ്രവർത്തിക്കുന്നത്. ചിട്ടയോടെ വിഷയങ്ങൾ പ്രതിപാദിക്കുന്നതുകൊണ്ടാകണം ഫിലോസഫിയുടെ മലയാളമായി തത്വശാസ്ത്രം എന്ന് പ്രയോഗിക്കാറുണ്ട്. ഇതേപോലെ, ദർശനശാസ്ത്രമെന്നും പ്രമാണ ശാസ്ത്രമെന്നും ഫിലോസഫിയെ വിളിക്കുന്നുണ്ട്. ഇതിനൊക്കെ പുറമേ സയൻസ് എന്ന അർത്ഥത്തിലും ശാസ്ത്രം എന്നുതന്നെയാണ്  പ്രയോഗിക്കുന്നത്.  നാമമായും വിശേഷണമായും “ശാസ്ത്രം" ഭാഷയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഈ ഉദാഹരണങ്ങൾ വ്യക്തമാക്കുന്നു. അതായത്  സയൻസിനില്ലാത്ത പല പ്രയോഗസ്ഥാനങ്ങളും ശാസ്ത്രത്തിനുണ്ട്.
    വാക്കിൻറെ പ്രയോഗത്തിന്റെ നാൾവഴികൾ സയൻസിനെ പറ്റിയുള്ള തത്ത്വചിന്താപരമായ അന്വേഷണങ്ങൾക്ക് പ്രധാനപ്പെട്ട ഒന്നാണ്. ഹസ്തരേഖാശാസ്ത്രം സൗന്ദര്യശാസ്ത്രം ശാസ്ത്രീയ സംഗീതം എന്നീ പ്രയോഗസ്ഥാനങ്ങളിൽ നിന്നും വ്യതിരിക്തമായ അർത്ഥമാണ് സയൻസിന്റെ മലയാളമായി ശാസ്ത്രം എന്ന് പ്രയോഗിക്കുമ്പോൾ ലഭിക്കുന്നത്. അതുകൊണ്ട് ശാസ്ത്രം എന്ന വാക്കിൻറെ മലയാളത്തിലെ പ്രയോഗ ചരിത്രം സയൻസിനെ പറ്റിയുള്ള ആലോചനകളിൽ പ്രധാനമാണ്.
സയൻസ് എന്ന അർത്ഥം ശാസ്ത്രത്തിന് കൈവരുന്നത് താരതമ്യേന സമീപകാലത്താണെന്ന് കരുതാവുന്നതാണ്. മലയാളത്തിലെ ആദ്യനിഘണ്ടുവായ ഗുണ്ടർട്ട് നിഘണ്ടുവിൽ (1872) ശാസ്ത്രത്തിന് സയൻസ് എന്ന അർത്ഥം പ്രധാനമായി കൽപ്പിക്കുന്നില്ല. തന്നെയുമല്ല ഭാരതീയ പാരമ്പര്യപ്രകാരമുള്ള ആറുശാസ്ത്രങ്ങളെ ഗുണ്ടർട്ട് ശാസ്ത്രമായി പ്രതിപാദിക്കുന്നുമുണ്ട്. ആറും നാലും (ആറുശാസ്ത്രവും നാലു വേദവും) തൻറെ ചക്കിൽ ആടും എന്ന എഴുത്തച്ഛൻറെ വിഖ്യാതമാ മൊഴിയിൽ സൂചിതമാകുന്ന ശാസ്ത്രത്തിലാണ്  ഗുണ്ടർട്ട് പ്രാധാന്യം കൊടുക്കുന്നത്. ഇപ്പറയുന്ന ആറുശാസ്ത്രവും  ഇപ്പോൾ സയൻസായി പരിഗണിക്കുന്നവയല്ല എന്നത് ഇവിടെ ശ്രദ്ധേയമാണ്. ശാസ്ത്രത്തിന് ഗുണ്ടർട്ട് നൽകുന്ന മറ്റൊരർത്ഥം വേദം (Scripture) എന്നാണ്. “പണ്ഡിതരെ ശാസ്ത്രപുസ്തകം തൊട്ട് സത്യം ചെയ്യുക” എന്നതാണ്  ഗുണ്ടർട്ട് നൽകുന്ന അടയാളവാക്യം. (വേദപുസ്തകം എന്ന് നാം ബൈബിളിനെ വിളിക്കാറുണ്ടല്ലോ.) ശാസ്ത്രജ്ഞൻ എന്ന വാക്കിന് നൽകിയിരിക്കുന്ന അർത്ഥവും കൗതുകകരമാണ്. ബ്രഹ്മാണ്ഡപുരാണത്തെ ഉപജീവിച്ച്  ശാസ്ത്രാർത്ഥജ്ഞത്വം എന്നാണ് കൊടുത്തിരിക്കുന്നത്.  തുടർന്ന് ശാസ്ത്രവാൻ എന്ന്  മലയാളത്തിലും Savant  എന്ന് ഇംഗ്ലീഷിലും കൊടുത്തിരിക്കുന്നു. ഫ്രഞ്ച് പദമായ Savant ന്റെ പ്രയോഗം ശ്രദ്ധേയമാണ്. Savant എന്ന്  പതിനാലാം നൂറ്റാണ്ടിലെ ഉപയോഗിച്ചിരുന്ന ഫ്രഞ്ചിൽ അതിൻറെ അർത്ഥം  അറിവുള്ള ആൾ എന്നായിരുന്നു. വാക്കുകളുടെ പ്രയോഗങ്ങളുടെ ഒരു ശേഖരമാണ് നിഘണ്ടുക്കൾ എന്നു കരുതിയാൽ ഗുണ്ടർട്ട് നിഘണ്ടു രൂപപ്പെട്ട കാലത്ത്,  അതായത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ, ശാസ്ത്രത്തിന് സയൻസ് എന്ന അർത്ഥം പ്രയോഗസാധുവായിട്ടില്ല എന്ന് കരുതാം.
 നാം ഭാഷാ വിചാരം നടത്തിയത് കേവലം മൊഴിമാറ്റത്തിന്റെ പ്രശ്നങ്ങൾ പറയുവാൻ വേണ്ടി മാത്രമല്ല. മറിച്ച് വ്യത്യസ്ഥങ്ങളായ വാങ്മയങ്ങൾ, തത്വവിചാരത്തിൽ വ്യത്യസ്തങ്ങളായ പ്രശ്നങ്ങൾക്ക് വഴിവയ്ക്കും എന്ന് സൂചിപ്പിക്കുവാൻ കൂടിയാണ്. ഉദാഹരണത്തിനു,  മലയാളത്തിൽ ശാസ്ത്രീയസംഗീതം എന്ന പ്രയോഗമുണ്ട്. അതുകൊണ്ട്, ശാസ്ത്രം എന്താണ് എന്ന് മലയാളത്തിൽ അന്വേഷിക്കുമ്പോൾ  ശാസ്ത്രീയസംഗീതത്തിലെ ശാസ്ത്രം എന്താണെന്ന് പറയാൻ നാം  നിർബന്ധിതരാകുന്നു. Classical Music എന്ന പ്രയോഗത്തിൽ സയൻസ് എന്ന വാക്ക് കടന്നുവരാത്തതിനാൽ സയൻസിനെ പറ്റി ഇംഗ്ലീഷിൽ അന്വേഷിക്കുമ്പോൾ മേല്പറഞ്ഞ പ്രശ്നം ഉണ്ടാകുന്നില്ല.
ശാസ്ത്രദർശനം (Philosophy of Science)
ശാസ്ത്രവും സയൻസും അതാതിന്റെ ഭാഷകളിൽ പ്രവർത്തിച്ചിരുന്നതിന്റെ ഏകദേശരൂപം നാം കണ്ടുകഴിഞ്ഞു. ഈ പദങ്ങൾ തമ്മിൽ സമ്പൂർണ്ണമായ ചേർച്ചയില്ലെന്നിരിക്കലും, പ്രയോഗഫലമായി ശാസ്ത്രത്തിനു സയൻസ് എന്ന അർത്ഥമം കൈവന്നിട്ടുണ്ട്. അതുകൊണ്ട്, തുടർന്നുള്ള കുറിപ്പുകളിൽ സയൻസിന്റെ മലയാളമൊഴിയായി നാം ശാസ്ത്രം എന്നുപയോഗിക്കും. സയൻസിനെ താത്വികമായി പഠിക്കുമ്പോൾ നമുക്ക് സയൻസിന്റെ തത്വചിന്ത ലഭിക്കും. ഇത് തത്വചിന്തയുടെ ഒരു ഉപവിഭാഗമാണ്. തത്വചിന്താപരമായി സയൻസിനെ സമീപിക്കുന്നതിനെ കുറിക്കുന്നതിനായി ഇംഗ്ലീഷിൽ Philosophy of Science എന്നാണ് വിളിക്കുന്നത്. ഇതിനു തുല്യമായ മലയാളപദമായി ശാസ്ത്രദർശനം എന്നുപയോഗിക്കാനാണ് നാം താല്പര്യപ്പെടുന്നത്. ഈ പ്രയോഗത്തിനും മേലേ പരിചയിച്ചതുപോലുള്ള ഭാഷാവിചാരം സാധ്യമാണ്. എന്നാൽ, ശാസ്ത്രദർശനം മലയാളത്തിൽ പ്രചുരപ്രചാരമുള്ള പ്രയോഗമോ, പഠനവിഷയമോ അല്ലാത്തതിനാൽ, അത്തമൊരു ഭാഷാവിചാരത്തിനു മുതിരുന്നില്ല. തുടരാലോചനകളിൽ, അതുകൊണ്ട്, ശാസ്ത്രം എന്ന് സയൻസിന്റെ മാലയാളമായും ശാസ്ത്രദർശനം എന്ന് Philosophy of Science ന്റെ മലയാളമായും ഉപയോഗിക്കുന്നു.
പ്രാധാനമായും മൂന്നുതരം അന്വേഷണങ്ങളാണ് ശാസ്ത്രദർശനത്തിൽ നടക്കുന്നത്.
ശാത്രത്തിന്റെ ജ്ഞാനശാത്രപരമായ (Epistemological) നിലമകളെപ്പറ്റിയുള്ള ആലോചനകൾ.
ശാസ്ത്രത്തിൻറെ അതിഭൗതിക (Metaphysical) നിലമകളെപ്പറ്റിയുള്ള അന്വേഷണങ്ങൾ.
ശാസ്ത്രത്തിനുള്ളിലെ പ്രവർത്തനങ്ങളിലും ശാസ്ത്രത്തിന്റെ പ്രവർത്തനത്തിലും മൂല്യങ്ങളുടെ (Normative) ഇടപെടലുകളെപ്പറ്റിയുള്ള അന്വേഷണങ്ങൾ.
“എന്താണ് ശാസ്ത്രം” എന്ന ചോദ്യത്തിലാണ് ശാസ്ത്രദർശനാന്വേഷണങ്ങൾ ആരംഭിക്കാറുള്ളത്. ഈ ചോദ്യത്തിന്റെ ഉത്തരത്തിന് ജ്ഞാനശാസ്ത്രപരവും അതിഭൗതികവുമായ നിലമകൾ മാത്രമല്ല രാഷ്ട്രീയവും നൈതികവുമായ വിവക്ഷകളുമുണ്ട്. ശാസ്ത്രമല്ലാത്തതുകൊണ്ട് നിങ്ങലുടെ ഹോമിയോബിരുദം അസാധുവാകുമ്പോൾ, കേവലം ഒരു ബിരുദം മാത്രമല്ല വൈദ്യശാസ്ത്രത്തിലെ നിങ്ങളുടെ അറിവും ഒരുപക്ഷേ, നിങ്ങളുടെ ജീവനോപാധിയും കൂടി അസാധുവാകും. ശാസ്ത്രീയമായാണോ നിർമ്മിച്ചത് എന്നത് ഒരു മരുന്ന് പ്രയോഗയുക്തമാക്കുന്നതിന്റെ മുന്നുപാധിയാണ്. അതുകൊണ്ട്, കേവലം ചിന്താവ്യായാമം എന്നതിന്നപ്പുറം പ്രായോഗികരാഷ്ട്രീയ വിവക്ഷകളുള്ള ചോദ്യമാണ് എന്താണ് ശാസ്ത്രം എന്നത്. ഇതിന്റെ ശാസ്ത്രദർശനപരമായ അന്വേഷണങ്ങൾ തുടർ കുറിപ്പുകളിൽ നാം പരിചയപ്പെടും. 
Reference.
Aydede, Murat, "The Language of Thought Hypothesis" The Stanford Encyclopedia of Philosophy (Fall 2015 Edition), Edward N. Zalta (ed.), URL = <https://plato.stanford.edu/archives/fall2015/entries/language-thought/>.
Dennet, Daniel. 2004. Intuition Pumps and Other Tools for Thinking. W. W. Norton & Company.
Galison, Peter. 2004.  Einstein’s Clocks and Poincare's Maps : Empires of Time, W. W. Norton & Company. Harvard
Grant, Edward .2007. A History of Natural Philosophy From the Ancient World to the Nineteenth Century Cambridge University Press, New York.
Gray, Jeremy, "Epistemology of Geometry", The Stanford Encyclopedia of Philosophy (Fall 2017 Edition), Edward N. Zalta (ed.), URL = <https://plato.stanford.edu/archives/fall2017/entries/epistemology-geometry/>.
Hacking, Ian. 1990.  Historical Ontology. Harvard University Press. Harvard.
Hessen, Boris. 2009. The Social and Economic Roots of Newton’s Principia, in Gideon Freudenthal Peter and Peter Mclaughlin (Eds.)  The Social and Economic Roots of the Scientific Revolution. Springer
Matamer, Peter. 1998. Galileo’s machines, his mathematics, and his experiments, in Peter Machamer (Ed.) The Cambridge Companion to Galileo. Cambridge University Press, Cambridge. 53-79
Mathilal, Bimal Krishna. 1986. Perception. Oxford University Press. New Delhi.
Rivka, Feldhay. 1998. The use and abuse of mathematical entities: Galileo and the Jesuits revisited in Peter Machamer (Ed.) The Cambridge Companion to Galileo. Cambridge University Press, Cambridge. 79-145.
Ross, Sydney. 1962. Scientist: The story of a word, Annals of Science, 18:2, 65-85, DOI: 10.1080/00033796200202722”
Torretti, Roberto, "Nineteenth Century Geometry", The Stanford Encyclopedia of Philosophy (Winter 2016 Edition), Edward N. Zalta (ed.), URL = <https://plato.stanford.edu/archives/win2016/entries/geometry-19th/>.
കേരളീയം ജൂലൈ  2019

About Me

My photo
ഗവേഷകന്‍. വിഷയം തത്വചിന്ത.

Followers