എന്താണ് ശാസ്ത്രം എന്ന ചോദ്യത്തിലാണ് പൊതുവേ ശാസ്ത്രദർശനപരമായ ആലോചനകൾ ആരംഭിക്കാറുണ്ട്. പ്രസ്തുത ചോദ്യത്തിലേക്ക് കടക്കുന്നതിനുമുൻപ് ചോദ്യങ്ങളെപ്പറ്റി ചില ആലോചനകൾ ആവശ്യമാണ്. ഈ കുറിപ്പിൽ ചോദിക്കുന്നതിന്റെ തർക്കശാസ്ത്രത്തെപ്പറ്റിയാണ് വിചാരപ്പെടുന്നത്. തത്വചിന്താപരമായി ചിന്തിക്കുന്നതിന് ഇത് അത്യാവശ്യമാണ്.
ചോദിക്കുന്നതിന്റെ തർക്കശാസ്ത്രം
ചോദിക്കുന്നതിന്റെ തർക്കശാസ്ത്രം
എല്ലാത്തരം ചോദ്യങ്ങൾക്കും സാംഗത്യമുള്ള ഇടമാണ് തത്വചിന്ത. എന്നാൽ ചോദിക്കുന്നതിന് അതിന്റേതായ തർക്കശാസ്ത്രമുണ്ട്. കാരണം ചില ചോദ്യങ്ങൾ ഭവപരമായ പൂർവ്വകല്പനകളിൽ നിന്നാകും പ്രവർത്തിക്കുക. ചില ചോദ്യങ്ങൾക്ക് പ്രത്യക്ഷത്തിൽ നാം പരിഗണിക്കാത്ത താർക്കിക വിവക്ഷകൾ ഉണ്ടാകാം. ഇത്തരം ചോദ്യങ്ങളെ, അവയുടെ മുൻനിലമകളെയും വിവക്ഷകളെയും കണക്കിലെടുത്തുവേണം പരിഗണിക്കുവാൻ.
എന്ത്, എന്തുകൊണ്ട്, എങ്ങിനെ, എവിടെ, എപ്പോൾ, ആര് എന്നിവയാണ് ഏതിനെപ്പറ്റിയും ഉന്നയിക്കാവുന്ന ചോദ്യങ്ങൾ. നേരം (എവിടെ), കാലം (എപ്പോൾ), കർത്താവ് (ആര്) എന്നിവയെപ്പറ്റിയുള്ള ചോദ്യങ്ങൾ സാമന്യേന ഋജുവാണ്. (ഇവയ്ക്ക് ഉത്തരം കണ്ടെത്തുക എളുപ്പമാകാണം എന്നില്ല). എന്നാൽ, എന്ത്, എന്തുകൊണ്ട്, എങ്ങിനെ, എവിടെ എന്നീ ചോദ്യങ്ങൾ എല്ലായ്പോഴും ലളിതമാകാണമെന്നുമില്ല. ചിലപ്പോൾ എന്ത് എന്ന ചോദ്യത്തിന്റെ താർക്കികമായ പരിഗണന എന്തുകൊണ്ട് എന്നതാകാം. നമുക്ക് എന്ത് എന്ന ചോദ്യം പരിഗണിക്കാം.
“എന്തിന്റെ” പ്രശ്നങ്ങൾ.
“എന്ത്” അല്ലെങ്കിൽ “എന്താണ് അത്” എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു വിവരണമാണ്. എന്താണ് ഇലക്ട്രോൺ? മഴ എന്നാൽ എന്ത്? എന്താണ് ആന? എന്താണ് ഐരാവതം? എന്നീ ചോദ്യങ്ങളുടെ ഉത്തരം പരിഗണിക്കുക. ഇലക്ട്രോൺ ഒരു സൂക്ഷ്മകണമാണെന്നും, അത് ആറ്റത്തിന്റെ ഉള്ളിലാണ് സ്ഥിതി ചെയ്യുന്നതെന്നും അതിന്റെ ചാർജ് നെഗറ്റീവ് ആണെന്നുമൊക്കെയാകും നമ്മുടെ ഉത്തരം. ഇത്തരത്തിൽ, ഒരു വിവരണമാണ് മറ്റു ചോദ്യങ്ങളുടേയും ഉത്തരമായി ലഭിക്കുക. ആനയേയും ഐരാവതത്തേയും കുറിച്ചുള്ള ചോദ്യങ്ങൾ പരിഗണിക്കുക.
ആന എന്നാൽ എന്ത്?/ എന്താണ് ആന?
ഐരാവതം എന്നാൽ എന്ത്/ എന്താണ് ഐരാവതം?
എന്നിവയാണ് നമ്മുടെ ചോദ്യങ്ങൾ. രണ്ടു ചോദ്യങ്ങൾക്കും ഭാഷാപരമായി ഒരേ ഘടനയാണ്. ആകയാൽ, രണ്ടിനെയും ഒരേതരത്തിലുള്ള ചോദ്യമായി പരിഗണിക്കാനുള്ള സാധ്യത ഏറെയുണ്ട്. എന്താണ് ആന എന്ന് നമുക്കറിയാം (അല്ലെങ്കിൽ അങ്ങനെ സങ്കൽപിക്കുക). എന്നാൽ ഐരാവതം? ഇന്ദ്രൻറെ വാഹനമായ, ഒന്നിലധികം തുമ്പിക്കൈകളും നാലുകൊമ്പുമൊക്കെയുള്ള വെളുത്ത ആന എന്നോ അഷ്ടഗജങ്ങളിൽ ഒന്ന് എന്നോ നാം ഉത്തരം നൽകിയേക്കാം. എന്നാൽ ജന്തുലോകത്ത് ഐരാവതം ഇല്ല. ആന ഉണ്ട്. അപ്പോൾ എതാണ് ശരിക്കും ഉള്ളത് എന്ന് ചോദിച്ചു എന്നു കരുതുക. ആന ഉള്ളതാണെന്നും ഐരാവതം ഇല്ലെന്നും നാം പറയും. എന്നാൽ, താർക്കികമായി കാര്യങ്ങൾ അത്ര എളുതല്ല.
ഐരാവതം ഇല്ലാത്ത ഒന്നാണ് എന്നുപറയുമ്പോൾ എന്തിനെയാണ് നാം നിഷേധിക്കുന്നത്? ഇല്ലാത്തതിനെ, നിഷേധിക്കാനാകുമോ? ഇവിടെ നമ്മുടെ ചോദ്യങ്ങൾ ഭവപരമാണ്. ഭവപരമായി ഐരാവതം എന്താണ് എന്നാണ് നാം ആരായുന്നത്? ഐരാവതം ഇല്ലെങ്കിൽ, അതെന്താണ് എന്നതിന്റെ ഉത്തരം (ഐരാവത്തെപ്പറ്റിയുള്ള വിവരണം) എന്തിനെപ്പറ്റിയാണ്? ആനയ്ക്കും ഐരാവതത്തിനും വ്യത്യസ്ഥമായ ഭവപരതയാണെന്ന് പറഞ്ഞു എന്നു കരുതുക. ഉള്ളതെന്താണോ അതാണ് ഭവം. എന്നാൽ, മേല്പറഞ്ഞ ഉത്തരം വെവ്വേറെ ഭവങ്ങളെ യാഥാർത്ഥ്യമായി നിബന്ധിക്കാനാവശ്യപ്പെടുന്നു. ഇപ്രകാരമാണ് നാം പറയുന്നത്. ആന ഉണ്ട്. അതായത് ആനയ്ക്ക് ഭവപരമായ സാംഗത്യമുണ്ട്. അതൊരു ഉണ്മയാണ്. എന്നാൽ, ആയതിന്റെ ഭവപരതയിൽ നിന്നും വ്യത്യസ്ഥമായ നിലമയിൽ ഐരാവതത്തിനും ഉണ്മയുണ്ട്. അതിനന്നും ഭവപരമായ സാംഗത്യമുണ്ട്. ഐരാവതവും ഒരു ഉണ്മയാണ്. ഇതേ ന്യായപ്രകാരം മായാവി, ഷെർലക് ഹോംസ്, ആകാശത്താമര എന്നിവകളും ഉണ്മയാണ്.
ഇല്ലാത്ത ദൈവത്തെ നിഷേധിക്കുന്നതെങ്ങിനെ എന്ന വിശ്വാസികളുടെ പ്രാചീനമായ കുയുക്തിക്കു പിന്നിൽ മേൽപ്രസ്താവിച്ച തരം താർക്കികമായ ന്യായങ്ങളുണ്ട്. എന്താണ് ഐരാവതം എന്നതിനു ഉത്തരം നൽകുമ്പോൾ, ഇവിടെ സംഭവിക്കുന്നത്, അതിന്റെ ഉണ്മയോട് നാം താർക്കികമായി നിബന്ധിക്കപ്പെടുകയാണ്. അതായത് ഐരാവതം എന്ന ജീവിയെ ഭവപരമായി നാം സമ്മതിക്കുന്നു. പക്ഷേ, ആനയും ഐരാവതവും ഒരേപോലെ നിലനിൽക്കുന്നവയല്ല എന്ന് നമുക്ക് അറിയാം? ഭവപരമായ ഈ വ്യത്യാസത്തെ എങ്ങനെ വേർതിരിക്കാം? ഐരാവതം ഇല്ല എന്ന് പറയുന്നതായി കരുതുക. ഇല്ലാത്തത് ഇല്ല എന്നാണ് നാം പറയുന്നത്. അതെങ്ങനെ സാധ്യമാകും? ഇല്ലാത്തതിനെ നിഷേധിക്കാനാവില്ലല്ലോ? ഭവശാസ്ത്രത്തിൽ ഒട്ടേറെ ആലോചിക്കപ്പെട്ട വിഷയമാണിത്.
ഇവിടെ നമ്മുടെ താൽപര്യം ചോദ്യത്തിന്റെ തർക്കശാസ്ത്രമാണ്. അതായത്, “എന്താണ്" എന്ന ചോദ്യം നിഷ്കളങ്കമായ ഒന്നല്ല. ഭവശാസ്ത്രപരമായ സന്ദേഹങ്ങളെ ഇവിടെ പരിഗണിക്കുന്നില്ലെങ്കിലും പ്രസ്തുത ചോദ്യം ഉയർത്തുന്ന ഭവപരമായ പ്രശ്നങ്ങളെ അവഗണിക്കാവുന്നതല്ല. ആകയാൽ, ഭവപരമായി നിബന്ധിക്കപ്പെതാതെ ഉത്തരം നൽകുന്നതിനു ചോദ്യത്തെ അഴിച്ചു പണിയേണ്ടത് ആവശ്യമാണ്. ചില താത്വികപ്രശ്നങ്ങൾ, ചോദ്യങ്ങളെ അഴിക്കുന്നതിലൂടെ ഇല്ലാതായേക്കാം.
എന്താണ് എന്ന ചോദ്യത്തിന്റെ താർക്കിക നിലമയാണ് നമ്മുടെ താല്പര്യം. “എന്താണത്” എന്ന ചോദ്യം “അതിനെ” പൂർവ്വകല്പന ചെയ്യുന്നു. അതുകൊണ്ട്, അച്ചോദ്യത്തിന് ഉത്തരം നൽകാനുള്ള പരിശ്രമങ്ങൾ “അതുമായി” ഭവപരമായി നമ്മെ നിബന്ധിക്കുന്നു. നാം അതിന്റെ ഭവപരതയെ അംഗികരിക്കുന്നില്ലായിരിക്കാം. പക്ഷേ, അശ്രദ്ധമായി എന്താണത് എന്ന് ചോദിക്കുമ്പോഴും ഉത്തരം കൊടുക്കുമ്പോഴും നാം തല്പരപ്പെടാത്ത ഭവങ്ങളുമായി താർക്കികമായി നിബന്ധിക്കപ്പെടുന്നുണ്ട്. അതുകൊണ്ട്, ചോദ്യത്തെ അഴിക്കുകയാണ് ആദ്യം ചെയ്യെണ്ടത്. X എന്താണെന്നതിനു പകരം X എന്നു വിളിക്കപ്പെടുന്നത് അല്ലെങ്കിൽ പരിഗണിക്കപ്പെടുന്നത് എന്തിനെയാണെന്ന് ചോദിക്കുകയാണ് ഭവപരമായ നിബന്ധത്തെ ഒഴിവാക്കുന്നതിനുള്ള ഒരു വഴി. അതായത്, എന്താണ് ഐരാവതം എന്നതിനു പകരം ഐരാവതം എന്ന് പരിഗണിക്കപ്പെടുന്നതെന്താണ് എന്ന് ചോദ്യം മാറുന്നു. രണ്ടാമത്തെ ചോദ്യത്തിനു ഭവപരമായ മുൻധാരണകളില്ല എന്നത് ശ്രദ്ധിക്കുക.
ഇത്തരത്തിൽ നോക്കുമ്പോൾ എന്താണ് ശാസ്ത്രം എന്ന ചോദ്യം ശാസ്ത്രം എന്നതിനെ പൂർവ്വകൽപ്പന ചെയ്യുന്നുണ്ട്. അതുകൊണ്ട് ഈ ചോദ്യത്തെ, “മനുഷ്യരുടെ പലതരത്തിലുള്ള പ്രവർത്തനങ്ങളിൽ ശാസ്ത്രം എന്നു പരിഗണിക്കപ്പെടുന്നവ എന്താണ്” എന്ന് താർക്കികമായി പുതുക്കി പണിയാം. ഇപ്പോൾ ആവശ്യപ്പെടുന്നത്, മനുഷ്യരുടെ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ ശാസ്ത്രമെന്ന് പരാമർശിക്കപ്പെടാൻ അർഹമായത് ഏതെല്ലാമാണെന്നാണ്. അതിന്നുത്തരമായി രസതന്ത്രം ഭൗതികശാസ്ത്രം ജീവശാസ്ത്രം പരിതഃസ്ഥിതവിജ്ഞാനം (Ecology) വൈദ്യശാസ്ത്രം എന്നെല്ലാം ഉത്തരം കൊടുക്കാം. ഈ ഉത്തരങ്ങൾ പക്ഷേ ശാസ്ത്രം എന്നറിയപ്പെടുന്ന പ്രവർത്തനങ്ങളെ അടയാളപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഇത് ശാസ്ത്രത്തെ മനസ്സിലാക്കാൻ സഹായകരമല്ല. കാരണം ഭൗതികശാസ്ത്രവും ജീവശാസ്ത്രവും വ്യത്യസ്തങ്ങളായ മണ്ഡലങ്ങളെയാണ് പഠിക്കുന്നത്. അവയുടെ താല്പര്യങ്ങളും പ്രവർത്തന രീതിയും വ്യത്യസ്ഥമാണ്. അപ്പോളും, ഈ രണ്ടു പ്രവർത്തനങ്ങളും ശാസ്ത്രമാണെന്ന് പരിഗണിക്കപ്പെടുന്നവയാണ്. ഇങ്ങനെ വരുമ്പോൾ ശാസ്ത്രം എന്നു പരിഗണിക്കപ്പെടുന്നവയേതെല്ലാം എന്ന ചോദ്യത്തിന്റെ ഉത്തരം ശാസ്ത്രത്തെ അറിയുന്നതിന് പര്യാപ്തമാകണം എന്നില്ല.
ഒരു പ്രവർത്തനത്തെ ശാസ്ത്രമായി പരിഗണിക്കാനുള്ള ന്യായങ്ങൾ ഏതൊക്കെയാണ് എന്നറിയുകയാണ് തുടർന്ന നമുക്കു ചെയ്യാവുന്നത്. അതായത്, ഭൗതികശാസ്ത്രവും ജീവശാസ്ത്രവും പരിതഃസ്ഥിതവിജ്ഞാനവും ശാസ്ത്രമാകുന്നത് എങ്ങനെയെന്നറിയുവാനാണ് നാം താൽപര്യപ്പെടുന്നത്. അതായത്, എന്താണ് ശാസ്ത്രം എന്ന ചോദ്യത്തെ നാം ഉപേക്ഷിച്ചിരിക്കുന്നു. പകരം “എങ്ങനെ” “എന്തുകൊണ്ട്” എന്നീ ചോദ്യങ്ങളിലേക്ക് നാം മാറി. ഇതിന്നുത്തരമായി, സവിശേഷമായ രീതിശാസ്ത്രമാണ് ശാസ്ത്രത്തിൻറെ കാതൽ എന്നതുമുതൽ വിവിധ പ്രവർത്തനങ്ങളിലെ കുടുംബസാദൃശ്യമല്ലാതെ മറ്റൊന്നും രീതിശാസ്ത്രമായി ശാസ്ത്രത്തിനു കല്പിക്കാനാവുകയില്ല എന്നതുവരെയുള്ള ആലോചനകൾ തത്വചിന്തയിൽ ലഭ്യമാണ്.
പദസൂചിക
ഭവപരം- Ontological
ഭവശാസ്ത്രം- Ontology
തർക്കശാസ്ത്രം-Logic
No comments:
Post a Comment